Editorial
ബിഹാറിലേത് വേഷപ്രച്ഛന്ന ദേശീയ പൗരത്വ രജിസ്റ്ററോ?
വോട്ടര്‍ പട്ടിക തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ഭരണകക്ഷിയുടെ തന്ത്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവെച്ച് കൊടുക്കരുത്. മഹാരാഷ്ട്രയില്‍ പയറ്റി വിജയിച്ച ഈ കുതന്ത്രം രാജ്യം കണ്ടതാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തീര്‍ക്കുകയല്ല ലക്ഷ്യമെന്ന് ബിഹാറിലെ തിടുക്കം കണ്ടാലറിയാം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ പ്രത്യേക പരിശോധന നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വലിയ ആശങ്കക്ക് വകവെച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളും പൗരസംഘടനകളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമ്മീഷന്‍ തയ്യാറായിട്ടില്ല. വേഷപ്രച്ഛന്ന ദേശീയ പൗരത്വ രജിസ്റ്ററാ(എന്‍ ആര്‍ സി)ണ് ബിഹാറില്‍ തയ്യാറാക്കാന്‍ പോകുന്നതെന്ന് പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരും രേഖകള്‍ സമര്‍പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. സമഗ്രമായ പുനരവലോകനം 2003ല്‍ നടത്തിയിരുന്നുവെന്നും അതിനാലാണ് 2003ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ആളുകളെ വോട്ടര്‍മാരായി കണക്കാക്കുന്നതെന്നുമാണ് കമ്മീഷന്റെ ന്യായം.
ദ്രുതഗതിയിലുള്ള നഗരവത്കരണം, വന്‍ തോതിലുള്ള ആഭ്യന്തര കുടിയേറ്റം, മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യാതിരിക്കല്‍, വിദേശ അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാല്‍, പിശകുകളില്ലാത്ത വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് തീവ്ര പുനരവലോകനം അനിവാര്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്. 2003ലെ വോട്ടര്‍ പട്ടികയുടെ പേപ്പര്‍ കോപ്പിയും ഡിജിറ്റല്‍ കോപ്പിയും എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും (ബി എല്‍ ഒ) കൈമാറാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിശോധനാ ഫോം പൂരിപ്പിക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഈ പട്ടിക സാധുവായ രേഖകളായി ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഈ നീക്കം ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിശോധന എളുപ്പമാക്കുമെന്നും ഏകദേശം 60 ശതമാനം വോട്ടര്‍മാര്‍ക്കും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ലെന്നുമാണ് കമ്മീഷന്റെ അവകാശവാദം.
അത്ര ലളിതമല്ല കാര്യങ്ങള്‍. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) എന്ന് പേരിട്ട തിരക്കിട്ട നീക്കം വോട്ടര്‍മാരെ കൂട്ടമായി പുറന്തള്ളാന്‍ കാരണമാകുമെന്നുറപ്പാണ്. അത് മനസ്സിലാകണമെങ്കില്‍ കമ്മീഷന്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പിന്റെ 19ാം പേജിലെ വിവരങ്ങള്‍ മാത്രം വായിച്ചാല്‍ മതിയാകും. എല്ലാ വോട്ടര്‍മാരും നിശ്ചിത രേഖ സമര്‍പ്പിച്ച് വോട്ടറാകാനുള്ള തന്റെ യോഗ്യത തെളിയിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ പോലും ഈ പ്രക്രിയ പൂര്‍ത്തിയാക്കണം. 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവര്‍ അവരുടെ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം. 1987 ഡിസംബര്‍ രണ്ടിനും 2004 ഡിസംബര്‍ രണ്ടിനുമിടയില്‍ ജനിച്ചവര്‍ ജനന സ്ഥലവും ജനന തീയതിയും മാത്രം കാണിച്ചാല്‍ മതിയാകില്ല. അവരുടെ മാതാപിതാക്കളിലൊരാളുടെ രേഖകളും കാണിക്കണം. 2004 ഡിസംബര്‍ രണ്ടിന് ശേഷം ജനിച്ചവര്‍ സ്വന്തം ജനന തീയതിയും ജനന സ്ഥലവും പിതാവിന്റെയും മാതാവിന്റെയും രേഖകളും ഹാജരാക്കണം. ഇവിടെയാണ് പൗരത്വ രജിസ്റ്ററിന്റെ സ്വഭാവത്തിലേക്ക് ഈ കണക്കെടുപ്പ് മാറുന്നത്. കമ്മീഷന്‍ മുന്നോട്ട് വെച്ച വിശദീകരണത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2003ന് ശേഷം ഇതാദ്യമായി നടക്കുന്ന സമഗ്ര കണക്കെടുപ്പില്‍ വോട്ടറാകാന്‍ സാധിക്കാതെ വന്നാല്‍, മറ്റ് രേഖകള്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ പൗരത്വ സ്ഥിതിയെ തന്നെ അത് ബാധിച്ചേക്കാമെന്ന് ഈ വിശദീകരണത്തില്‍ പറയുന്നുണ്ട്. വോട്ടിംഗ് പ്രക്രിയയിലേക്ക് ജനങ്ങളെ അനായാസം ക്ഷണിക്കുകയും സാര്‍വത്രിക വോട്ടിംഗ് എളുപ്പമാക്കുകയും ചെയ്യേണ്ട കമ്മീഷന്‍ ആ നില വിട്ട് പൗരത്വ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ബിഹാറില്‍ നുഴഞ്ഞു കയറിയ ബംഗ്ലാദേശികളെ പുറത്താക്കണമെന്ന് ബി ജെ പി മുറവിളി കൂട്ടുന്നതുമായി ഇതിനെ ചേര്‍ത്ത് വായിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധിക ഡ്യൂട്ടിയെടുക്കുകയാണെന്ന് അപ്പോള്‍ മനസ്സിലാകും.
അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സ്ഥാപകാംഗം ജഗ്ദീപ് എസ് ചോക്കര്‍ പറയുന്നത് ഏറെ പ്രസക്തമാണ്. 2003 മുതല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വോട്ട് രേഖപ്പെടുത്തിയവരുടെ പൗരത്വത്തെയാണ് കമ്മീഷന്‍ സംശയത്തിലാക്കുന്നത്. ഈ 21 വര്‍ഷകാലമായി കമ്മീഷന്‍ എന്തെടുക്കുകയായിരുന്നു? ഈ മനുഷ്യരുടെ മുഴുവന്‍ വോട്ടവകാശം റദ്ദാക്കി പുതിയ തെളിവ് തേടുന്നത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്നും ജഗ്ദീപ് ചോദിക്കുന്നു. 2019ല്‍ അസമില്‍ നടപ്പാക്കിയ എന്‍ ആര്‍ സി 19 ലക്ഷം മനുഷ്യരെയാണ് പൗരത്വത്തില്‍ നിന്ന് പുറന്തള്ളിയത്. ബിഹാറില്‍ അത് വോട്ടര്‍ പട്ടിക വെച്ച് ചെയ്യുന്നുവെന്നും ജഗ്ദീപ് ചൂണ്ടിക്കാട്ടുന്നു.
ഈ പ്രക്രിയ എന്‍ ആര്‍ സിയേക്കാള്‍ മാരകമാണെന്നും തുടങ്ങുന്നത് ബിഹാറിലാണെങ്കിലും യഥാര്‍ഥ ലക്ഷ്യം തന്റെ സംസ്ഥാനമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനര്‍ജി പറയുന്നു. ഗ്രാമീണ മേഖലയിലെ മനുഷ്യരുടെ കൈയില്‍ മതിയായ രേഖകളുണ്ടാകില്ലെന്ന് കണ്ടുതന്നെയുള്ള നീക്കമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബിഹാറില്‍ എസ് ഐ ആറിന്റെ മൊത്തം പ്രക്രിയക്ക് ആകെ രണ്ട് മാസമാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്. എട്ട് കോടിയോളം വരുന്ന വോട്ടര്‍മാരുടെ കണക്കെടുപ്പ് വീടുവീടാന്തരം കയറിയിറങ്ങി ഈ സമയത്തിനകം പൂര്‍ത്തിയാകുമെന്ന് പറയുന്നത് തികച്ചും അപ്രായോഗികമാണ്. 4.74 കോടി പേര്‍ക്കെങ്കിലും പുതിയ രേഖ സമര്‍പ്പിക്കേണ്ടി വരും. സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവര്‍ വിവരമറിഞ്ഞ് വരുമ്പോഴേക്കും വോട്ടര്‍ പട്ടികക്ക് പുറത്താകും. ഒരു പക്ഷേ അത് പൗരത്വത്തില്‍ നിന്ന് തന്നെയുള്ള പുറത്താകലാകും.
സ്വീകാര്യമായ 11 രേഖകളുടെ പട്ടിക “പുറന്തള്ളല്‍’ എളുപ്പമാക്കാനുള്ളതാണ്. കേരളത്തെ പോലെയല്ല, ജനന രജിസ്‌ട്രേഷനില്‍ ബിഹാര്‍ ചരിത്രപരമായി പിന്നിലാണ്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ നല്‍കിയ ഐ ഡികള്‍ തുടങ്ങി മറ്റ് “ഔദ്യോഗിക’ രേഖകള്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തില്‍, പ്രത്യേകിച്ച് ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായവരില്‍ കുറവായിരിക്കും. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ പോലെ വ്യാപകമായി ലഭ്യമായ രേഖകള്‍ കമ്മീഷന്റെ പട്ടികയിലില്ല എന്നു കൂടി കാണണം.
അതുകൊണ്ട് വളഞ്ഞ വഴിയില്‍ എന്‍ ആര്‍ സി നടപ്പാക്കുന്ന ഗൂഢ ശ്രമത്തിന് കമ്മീഷന്‍ കൂട്ടുനില്‍ക്കരുത്. വോട്ടര്‍ പട്ടിക തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ഭരണകക്ഷിയുടെ തന്ത്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവെച്ച് കൊടുക്കരുത്. മഹാരാഷ്ട്രയില്‍ പയറ്റി വിജയിച്ച ഈ കുതന്ത്രം രാജ്യം കണ്ടതാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തീര്‍ക്കുകയല്ല ലക്ഷ്യമെന്ന് ബിഹാറിലെ തിടുക്കം കണ്ടാലറിയാം. അങ്ങനെയൊരു ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നുവെങ്കില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാമായിരുന്നുവല്ലോ.