Connect with us

iran protest

ഇറാനിലേത് മുല്ലപ്പൂ വിപ്ലവമോ?

ഇറാനിൽ പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നവർ, അവർ വിദേശിയാകട്ടെ സ്വദേശിയാകട്ടെ പാലിക്കേണ്ട വസ്ത്ര മര്യാദകളുണ്ട്. 1983ലെ നിയമപ്രകാരമാണ് ഈ നിയന്ത്രണങ്ങൾ. ശിയാ നേതൃത്വം രാഷ്ട്രീയ അധികാരം കൈയാളുന്ന ഒരു ഭരണ സംവിധാനത്തിനകത്ത് പ്രതീക്ഷിക്കാവുന്ന 'ഇളവുകൾ' കണക്കിലെടുക്കുമ്പോൾ ഇറാനിലുള്ളത് താരതമ്യേന ലിബറലായ പോളിറ്റിയാണെന്ന് പറയാവുന്നതാണ്.

Published

|

Last Updated

മെഹ്‌സാ അമീനി ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് ഇറാൻ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ ഹിജാബ് ശരിയായി ധരിക്കാത്തതിന് മെഹ്‌സയെ മതപോലീസ് പിടിച്ചു കൊണ്ടുപോയെന്നും കസ്റ്റഡിയിൽ ക്രൂര മർദനത്തിന് ഇരയായെന്നും ഒടുവിൽ അവൾ മരണത്തിന് കീഴടങ്ങിയെന്നുമാണ് പ്രക്ഷോഭകർ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഒരു സ്വതന്ത്ര അന്വേഷണ സംഘവും പരിശോധിച്ചിട്ടില്ല. മെഹ്‌സ എന്ന 22കാരി മരിച്ചു വീണതോടെ ഇറാൻ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെട്ടുവെന്ന സത്യം മാത്രം അവശേഷിക്കുന്നു. വസ്ത്ര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായാണ് സമരം തുടങ്ങിയതെങ്കിലും ഭരണമാറ്റത്തിനായുള്ള രാഷ്ട്രീയ മുന്നേറ്റമായി അത് മാറിക്കഴിഞ്ഞുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത്.

ഇറാനിൽ പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നവർ, അവർ വിദേശിയാകട്ടെ സ്വദേശിയാകട്ടെ പാലിക്കേണ്ട വസ്ത്ര മര്യാദകളുണ്ട്. 1983ലെ നിയമപ്രകാരമാണ് ഈ നിയന്ത്രണങ്ങൾ. ശിയാ ആത്മീയ നേതൃത്വം സമ്പൂർണമായി രാഷ്ട്രീയ അധികാരം കൈയാളുന്ന ഒരു ഭരണ സംവിധാനത്തിനകത്ത് പ്രതീക്ഷിക്കാവുന്ന “ഇളവുകൾ’ കണക്കിലെടുക്കുമ്പോൾ ഇറാനിലുള്ളത് താരതമ്യേന ലിബറലായ പോളിറ്റിയാണെന്ന് പറയാവുന്നതാണ്. അപ്പോഴും സ്ത്രീകളുടെ വസ്ത്രത്തിലും മറ്റും പുലർത്തുന്ന ചിട്ടവട്ടങ്ങളിൽ വിദ്യാസമ്പന്നരായ യുവതലമുറ അതൃപ്തരാണ്. മെഹ്‌സ അമീനി ആ അതൃപ്തിയുടെ ആൾരൂപമാണ്. മെഹ്‌സ മരിച്ചിട്ടും ആയിരക്കണക്കായ പ്രക്ഷോഭകർക്ക് അവർ ജീവനുള്ള സാന്നിധ്യമായി അനുഭവപ്പെടുന്നതും കൂടുതൽ പേർ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടുന്നതും അതുകൊണ്ടാണ്. 130 പേർ ഇതിനകം കലാപവിരുദ്ധ പോലീസിന്റെ വെടിയേറ്റ് മരിച്ചുവെന്നാണ് റിപോർട്ട്.

നീകാ ശകരാമിയെന്ന 16കാരിയുടെ മരണം പ്രക്ഷോഭത്തെ വീണ്ടും ആളിക്കത്തിച്ചു. സെപ്തംബർ 20ന് ടെഹ്‌റാനിൽ നടന്ന പ്രതിഷേധത്തിനിടെ, മാലിന്യപ്പെട്ടിയുടെ മുകളിൽ കയറി നിന്ന് ഹിജാബ് കത്തിക്കുന്നതും ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ട്വിറ്ററിൽ ഉൾപ്പെടെ പ്രചരിച്ചത്. അതിന് ശേഷമാണ് നീകയെ കാണാതായതെന്നും പോലീസ് അവരെ പിന്തുടർന്നിരുന്നതായും അടുത്ത സുഹൃത്തുക്കൾ പറയുന്നു. കാണാതായി പത്ത് ദിവസം കഴിഞ്ഞ് നീകയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി സുരക്ഷാസേന മകളെ കൊല്ലുകയായിരുന്നു എന്നാണ് നീകയുടെ മാതാവ് നസ്‌റീന്റെ ആരോപണം. നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് മകളെ താഴേക്കെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ടല്ല നീകയുടെ മരണം സംഭവിച്ചതെന്ന അധികൃതരുടെ വാദത്തിന് തെളിവായും സി സി ടി വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അവൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്നാണ് ഇറാൻ അധികൃതരുടെ വാദം. ഇതിന് തെളിവായി നീകയുടെ സഹോദരിയുടെ വാക്കുകൾ പോലീസ് പുറത്തുവിട്ടിരുന്നു. നീകയുടെ രക്തസാക്ഷിത്വവും പോരാട്ടത്തിന്റെ ഊർജമായിരിക്കുന്നു. ഇന്റർനെറ്റ് തടഞ്ഞിട്ടും സാമൂഹിക മാധ്യമങ്ങളിൽ പഴുതടച്ച സെൻസറിംഗ് നടത്തിയിട്ടും തടുക്കാനാകാത്ത പ്രവാഹമായി സമരം തുടരുകയാണ്.

രണ്ട് ശരികൾ

ഇറാനിൽ നടക്കുന്ന ഏത് പ്രക്ഷോഭത്തെയും രണ്ട് തലത്തിൽ വിലയിരുത്തേണ്ടിയിരിക്കുന്നു. 1979ലെ വിപ്ലവത്തിന് ശേഷം ഇറാനിൽ സ്ഥാപിക്കപ്പെട്ട ശിയാ ഭരണസംവിധാനത്തിനെതിരെ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും മുൻകൈയിൽ നിരവധി കുത്തിത്തിരിപ്പുകൾ നടന്നിട്ടുണ്ട്. ഉപരോധമായും അന്താരാഷ്ട്ര വേദികളിലെ ഒറ്റപ്പെടുത്തലായും വിമതർക്ക് നൽകുന്ന പിന്തുണയായും ആ ഇടപെടലുകൾ നിരന്തരം തുടരുന്നു. ഇറാനിയൻ യുവതയിൽ സ്വപ്നങ്ങൾ കുത്തിവെക്കാൻ സയണിസ്റ്റ് ലോബിക്ക് അതിവിപുലമായ സംവിധാനങ്ങളുണ്ട്. ഈ വസ്തുതകളൊന്നും ആർക്കും നിഷേധിക്കാനാകില്ല. എന്നാൽ ശിയാ രാഷ്ട്ര സംവിധാനത്തിനെതിരെ അർഥവത്തായ വിമർശങ്ങളെയും ജനങ്ങളുടെ സ്വാഭാവികമായ അതൃപ്തിയെയും പ്രതിഷേധങ്ങളെയും ജനാധിപത്യത്തിനായുള്ള മുറവിളികളെയും സാമ്രാജ്യത്വ ഇടപെടലിന്റെ കണക്കിൽ എഴുതിത്തള്ളാനുമാകില്ല. ആയത്തുല്ലമാർ നിയന്ത്രിക്കുന്ന സുപ്രീം കൗൺസിലിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല. മന്ത്രിയാകാനൊക്കില്ല. സർക്കാറിന് തീരുമാനമെടുക്കാനുമാകില്ല. ഇറാനിയൻ ജനാധിപത്യം പുറപ്പെട്ടെങ്കിലും ലക്ഷ്യത്തിലെത്താതെ കറങ്ങുന്ന തീവണ്ടിയാണ്. അതുകൊണ്ട് അതൃപ്തി അതിന്റെ കൂടപ്പിറപ്പാണ്. എത്ര അടച്ചിട്ടാലും അത് കൂടു തുറന്ന് പുറത്തുവരിക തന്നെ ചെയ്യും.

1999 ജൂലൈയിൽ, അന്നത്തെ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുമായി ബന്ധമുള്ള പരിഷ്‌കരണവാദി പത്രം അടച്ചുപൂട്ടിയതിനെ തുടർന്ന് ടെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ പ്രകടനങ്ങൾ തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരുന്നു. ആറ് ദിവസം കൊണ്ട് ശിയാ നേതൃത്വം ആ സമരം അടിച്ചമർത്തി. നിരവധി വിദ്യാർഥികൾക്ക് ആറ് വർഷം വരെ ജയിലിൽ കഴിയേണ്ടി വന്നു. നിയമപരമായ തുല്ല്യതക്കായി ‘ദശലക്ഷം ഒപ്പുകൾ’ ക്യാമ്പയിൻ ഉൾപ്പെടെ 2005ലും 2006ലും നടന്ന വനിതാ പ്രതിഷേധങ്ങളും എങ്ങുമെത്താതെ നിലച്ചു. 2009ൽ, പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തിലെ കൃത്രിമം ചൂണ്ടിക്കാട്ടി ഗ്രീൻ മൂവ്‌മെന്റ് തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ച 26 കാരിയായ നേദ ആഘാ സുൽത്വാൻ എന്ന സംഗീതജ്ഞയാണ് അന്ന് സമര പ്രതീകമായത്. അവർ നടപ്പാതയിൽ മരിച്ചു വീഴുന്നതിന്റെ മൊബൈൽ ഫോൺ വീഡിയോ, ആശുപത്രി കിടക്കയിലെ മെഹ്‌സാ അമീനിയുടെ ചിത്രം പോലെ തന്നെ ലോകമെമ്പാടും പ്രചരിപ്പിച്ചു. കൂട്ട അറസ്റ്റ് നടന്നു. ഒടുവിൽ യു എസ് മുൻകൈയിലാണ് സമരം നടന്നതെന്ന് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചിലർ തന്നെ കുറ്റസമ്മതം നടത്തി. തീർച്ചയായും അത് ഭരണകൂടത്തിന്റെ കടുത്ത സമ്മർദത്തിനൊടുവിലായിരുന്നു. 2019ൽ, പെട്രോൾ വില പെട്ടെന്ന് മൂന്നിരട്ടിയായി വർധിച്ചതിനെത്തുടർന്ന് തൊഴിലാളികളും സാധാരണക്കാരും കൂറ്റൻ പ്രതിഷേധമുയർത്തി. ചോര വീഴ്ത്തിയാണ് ആ സമരത്തെയും ശിയാ നേതൃത്വം മറികടന്നത്.

ദേശീയതയെന്ന ആയുധം

ഇത്തവണത്തെ പ്രക്ഷോഭവും കത്തിപ്പടർന്ന് അണയുമെന്നാണ് വൈറ്റ്ഹൗസ് അടക്കം വിലയിരുത്തുന്നത്. ഒരു ഭാഗത്ത് ഇറാനുമായി ആണവ ചർച്ച തുടരുന്ന ബൈഡൻ ഭരണകൂടം മൃദുവായ ഭാഷയിൽ മാത്രമാണ് പ്രക്ഷോഭത്തോട് പ്രതികരിക്കുന്നത്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിനെതിരെ മാത്രമാണ് അമേരിക്ക ശബ്ദമുയർത്തിയത്. യു എസും പാശ്ചാത്യ മാധ്യമങ്ങളും പ്രക്ഷോഭത്തെ കൂടുതൽ ശക്തമായി പിന്തുണക്കണമെന്നാണ് ഇറാനിലെ ശിയാ നേതൃത്വവും പ്രസിഡന്റ് ഇബ്‌റാഹീം റഈസിയും ആഗ്രഹിക്കുന്നതെന്നോർക്കണം. ആയത്തുല്ല അലി ഖാംനഈ പുറപ്പെടുവിച്ച പ്രസ്താവനയിൽ ഈ തന്ത്രം വ്യക്തമായി കാണാം. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും കുതന്ത്രങ്ങൾക്ക് മുമ്പിൽ ഇറാൻ മുട്ടുമടക്കില്ലെന്നും ഇസ്‌ലാമിക വിപ്ലവത്തെ തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എക്കാലത്തെയും പോലെ തീവ്രദേശീയത ഇളക്കിവിടുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. ഇന്റർനെറ്റിൽ തുടങ്ങി അവിടെ ഒടുങ്ങുന്ന അമിതാവേശമാണ് പ്രക്ഷോഭമെന്ന ധ്വനി സമൂഹത്തിലെ മുതിർന്നവർക്കിടയിൽ വന്നു കഴിഞ്ഞു. ‘രാഷ്ട്രം അപകടത്തിൽ’ എന്ന ബോധം സൃഷ്ടിക്കുന്നതിൽ ഭരണകൂടം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഫ്രാൻസിലും യു എസിലും യു കെയിലുമൊക്കെ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ ഈ തന്ത്രം എളുപ്പത്തിൽ വിജയം കാണും. പ്രാദേശികതയുടെ പ്രശ്‌നം കൂടി പ്രക്ഷോഭത്തെ ശിഥിലമാക്കാൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കുർദ് മേഖലയിലെ സകസ് നഗരക്കാരിയാണ് മെഹ്‌സ. കുർദ് ഭൂരിപക്ഷ പ്രദേശങ്ങളിലും പാക്കിസ്ഥാനോട് ചേർന്ന് കിടക്കുന്ന ബലൂചിസ്ഥാൻ, സിസ്താൻ പ്രദേശങ്ങളിലുമാണ് പ്രക്ഷോഭം ആൾബലം കൊണ്ട് ശക്തി കാണിക്കുന്നത്. ഈ മേഖലകളെ ടെഹ്‌റാൻ അടക്കമുള്ള വൻ നഗരങ്ങളിലെ ജനങ്ങൾക്ക് എന്നും സംശയമായിരുന്നു. അവരുടെ ദേശക്കൂറ് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് നിന്നുള്ള സുന്നി തീവ്രവാദികൾ (ശിയേതരം എന്ന അർഥത്തിൽ സുന്നി) നുഴഞ്ഞു കയറുന്നുവെന്ന ഭരണകൂട ആഖ്യാനത്തിന് ദേശീയത തലക്ക് പിടിച്ച ഇറാനികളിൽ നല്ല സ്വീകാര്യതയുണ്ട്. റഷ്യയും ചൈനയുമാണല്ലോ ഇറാന്റെ ഇപ്പോഴത്തെ നിരുപാധിക സുഹൃത്തുക്കൾ. അവിടെ നിന്നാണ് ഖാംനഈ എല്ലാം ഇറക്കുമതി ചെയ്യുന്നത്, വിമത സ്വരം അടിച്ചമർത്തിയതിന്റെ മാതൃകയും. ഗോർബച്ചേവ് ഉദാരതയുടെ കെട്ടഴിച്ചപ്പോൾ സോവിയറ്റ് യൂനിയൻ അസ്തമിച്ചു. ടിയാനൻമെൻ സ്‌ക്വയർ പ്രക്ഷോഭം ഡെംഗ് സിയാവോപിംഗ് അടിച്ചമർത്തിയപ്പോൾ ചൈന അതിശക്തമായ രാഷ്ട്രമായി. ഒരിക്കൽ അയഞ്ഞാൽ എല്ലാം തകരുമെന്ന പാഠം ഇറാനിലെ ശിയാ നേതൃത്വം പഠിക്കുന്നത് ഇവിടെ നിന്നാണ്.

ബർലിൻ വാൾ മൂവ്‌മെന്റ്

യു എസിലേക്ക് പലായനം ചെയ്ത ഇറാനിയൻ പത്രപ്രവർത്തകയാണ് മാസിഹ് അലി നജാദ്. ഇപ്പോൾ നടക്കുന്നത് പ്രക്ഷോഭമല്ല വിപ്ലവമാണെന്നാണ് അവർ പറയുന്നത്. ഹിജാബ് വലിച്ചു കീറുന്നത് ചില്ലറ കാര്യമല്ല, അത് ബർലിൻ വാൾ മൂവ്‌മെന്റിന് സമാനമാണെന്നും അവർ പറയുന്നു. ഈ മാസിഹിനെയാണ് അലി ഖാംനഈ അമേരിക്കൻ ഏജന്റെന്ന് വിശേഷിപ്പിച്ചത്. ഇത്തരം നിരവധി ആക്ടിവിസ്റ്റുകൾ വിദേശത്തിരുന്ന് ഇറാനിയൻ പരിഷ്‌കരണത്തിനായി ഇൻർനെറ്റിൽ പോരാടുന്നുണ്ട്. അവരുടെയെല്ലാം സ്വപ്നത്തിൽ ഇപ്പോൾ പരക്കുന്നത് മുല്ലപ്പൂ വിപ്ലവത്തിന്റെ മണമാണ്. ഷാ പഹ്‌ലവി ഭരണത്തെ അട്ടിമറിച്ച 1979ലെ വിപ്ലവത്തിന്റെ അതേ കരുത്തോടെ ഒരു പ്രതിവിപ്ലവം അരങ്ങേറുമെന്നും യഥാർഥ ഇറാനിയൻ ജനാധിപത്യം സാധ്യമാകുമെന്നും അവർ കിനാവ് കാണുന്നു. തുണീഷ്യ, ഈജിപ്ത്, സിറിയ, ലിബിയ, യമൻ…. മുല്ലപ്പൂങ്കാറ്റിൽ ഭരണസംവിധാനങ്ങൾ തകർന്നടിഞ്ഞ ഒരിടത്തും ഇന്ന് ജനാധിപത്യത്തിന്റെയോ സ്വയം നിർണയത്തിന്റെയോ സുഗന്ധമില്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം. മറിച്ച്, തീർത്തും അരാജകവും ശിഥിലവും അശാന്തവുമാണ് ഈ ജനപഥങ്ങളെല്ലാം. ഈ പതനങ്ങളെല്ലാം ആഘോഷിക്കുന്നത് സാമ്രാജ്യത്വമാണ്. സയണിസത്തിന്റെ ഇംഗിതങ്ങൾ ഇവിടെ മനോഹരമായി നടപ്പാക്കപ്പെടുന്നു. അറബ് സമൂഹത്തിന്റെ ജനാധിപത്യ സ്വപ്‌നങ്ങളെ കണ്ണുകെട്ടി പർവത ശിഖരത്തിൽ ഉപേക്ഷിച്ചതിന്റെ പേരാണ് മുല്ലപ്പൂ വിപ്ലവം.

പക്ഷേ, ഒന്നുണ്ട്. ഹിജാബ് കേസിൽ ജസ്റ്റിസ് സുധാംശു ധൂലിയയുടെ വിധിയെ ആഘോഷിച്ചവർക്കാർക്കും ഇറാനിലെ പ്രക്ഷോഭത്തെ അപ്പടി തള്ളിപ്പറയാനാകില്ല. ഹിജാബ് ധരിക്കുകയെന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മതത്തിൽ അനിവാര്യമാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു ജസ്റ്റിസ് ധൂലിയ വ്യക്തമാക്കിയത്. അത് ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഏറ്റവും അർഥവത്തായ വ്യാഖ്യാനമായിരുന്നു. ഇറാനിയൻ വനിതകൾ ആ രാജ്യത്തിന്റെ നിയമത്തിനകത്ത് നിന്നുകൊണ്ട് തിരഞ്ഞെടുക്കട്ടെ. അവരെ ഉൾക്കൊള്ളാനാകും വിധം നിയമം മാറട്ടെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest