Connect with us

Articles

അന്താരാഷ്ട്ര ബാലികാദിനം; ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ

ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 ആണ്.

Published

|

Last Updated

ക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കാനാണ് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുക, അവരുടെ കരുത്ത്, കഴിവുകള്‍ എന്നിവ അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള അവസരം ഒരുക്കുക, പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

എല്ലാ വര്‍ഷവും പ്രത്യേക സന്ദേശം അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര ബാലിക ദിനം ആഘോഷിക്കുന്നത്.’ഡിജിറ്റല്‍ തലമുറ. നമ്മുടെ തലമുറ’ എന്നതാണ് 2021-ലെ ഈ ദിനത്തിന്റെ പ്രമേയം. ഡിജിറ്റല്‍ ലോകത്ത് നിലനില്‍ക്കുന്ന ലിംഗ അസമത്വം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തത്തില്‍ അസമത്വങ്ങളുണ്ട്. ഡിജിറ്റല്‍ ലോകത്ത് സ്ത്രീ പങ്കാളിത്തത്തിന്റെ വ്യാപ്തി കുറവാണ്. ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും പെണ്‍കുട്ടികള്‍ക്ക് കഴിയും. വംശം, ലിംഗഭേദം, ഭാഷ, കഴിവ്, സാമ്പത്തികനില, പ്രദേശം മുതലായ വ്യത്യസ്തതകളെ മറികടന്നുകൊണ്ട് ഈ തലമുറയിലെ ഓരോ പെണ്‍കുട്ടിയ്ക്കും അവരുടെ മുഴുവന്‍ കഴിവുകളും പുറത്തെടുക്കാന്‍ കഴിയണമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

പെണ്‍കുട്ടികളുടെ ഡിജിറ്റല്‍ പങ്കാളിത്തത്തിന് മുന്‍ഗണന നല്‍കുന്ന നയങ്ങള്‍ തൊഴില്‍, വിദ്യാഭ്യാസം, ഭരണകൂടത്തിന്റെ സേവനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസരങ്ങള്‍ എല്ലാ ലിംഗക്കാര്‍ക്കും പ്രാപ്യമാണെന്ന് ഉറപ്പുവരുത്തണം. പെണ്‍കുട്ടികളുടെ ഭാവിക്കായി വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്. സുകന്യ സമൃദ്ധി യോജന, ബാലികാ സമൃദ്ധി യോജന, ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, സിബിഎസ്ഇ ഉഡാന്‍, വിവേകാനന്ദ ഫെലോഷിപ്പ്, പ്രഗതി സ്‌കോളര്‍ഷിപ്പ്, ഇന്‍സെന്റീവ് സ്‌കീം, ബീഗം ഹസ്രത് മഹല്‍ സ്‌കോളര്‍ഷിപ്പ്, ബേട്ടി ബചാവോ ബേട്ടി പഠാവോ, പോഷകാഹാര പദ്ധതി എന്നിവയാണ് അവയില്‍ ചിലത്.

ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 ആണ്. 2008 മുതലാണ് ഇത് നിലവില്‍ വന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 ന് അധികാരത്തില്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ആചരിക്കാന്‍ തുടങ്ങിയത്.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്