Connect with us

Editors Pick

പ്രാണികള്‍ അപകടകാരികള്‍; കരുതിയിരിക്കുക

പ്രാണികള്‍ മൂലം മൂന്നു തരത്തിലാണ് അലര്‍ജിക്കു സാധ്യതയുള്ളത്. ചിലത് കുത്തുന്ന പ്രാണികളാണ്. ചിലത് കടിക്കുന്നു.അലര്‍ജി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചില പ്രാണികളുടെ കടി മരണ കാരണമായേക്കാമെന്നാണു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

Published

|

Last Updated

കോഴിക്കോട് | വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് തിരുവല്ലയില്‍ എട്ടാം ക്ലാസുകാരി മരിച്ചെന്ന വാര്‍ത്ത നടുക്കമുണ്ടാക്കുന്നതാണ്. വീട്ടിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോഴാണ് അംജിത എന്ന 13കാരിക്ക് ഏതോ പ്രാണിയുടെ കുത്തേറ്റത്. ഈച്ചയേ പോലുള്ള ഏതോ പ്രാണി കടിച്ചുവെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ശരീരമാസകലം ചൊറിഞ്ഞു തുടുത്തിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടി കുഴഞ്ഞുവീണു. ഉടനെ ശ്വാസകോശത്തില്‍ അണുബാധ വ്യാപിക്കുകയായിരുന്നു. ഇതാണ് മരണത്തിനു കാരണമായി പറയുന്നത്.

അലര്‍ജി

ഷഡ്പദങ്ങള്‍ മൂലമുണ്ടാകുന്ന അലര്‍ജി മരണത്തിനു കാരണമാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണഗതിയില്‍ അലര്‍ജിമൂലം ചൊറിച്ചില്‍, തടിപ്പ് എന്നിവയാണ് ഉണ്ടാവുകയെങ്കിലും അപൂര്‍വമായി ചിലരില്‍ ഏതു തരം അലര്‍ജിയും സങ്കീര്‍ണമാകാറുണ്ട്.
ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, ചുമ, ശ്വാസ തടസ്സം എന്നിവയാണ് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നത്. അപ്രതീക്ഷിതമായി രക്തം സമ്മര്‍ദ്ദം താഴുന്നതാണ് അപകടത്തിനു കാരണമാവുക. രക്തസമ്മര്‍ദ്ദം താഴ്ന്നാല്‍ ബോധക്ഷയമുണ്ടാവും.

പ്രാണികള്‍ മൂലം മൂന്നു തരത്തിലാണ് അലര്‍ജിക്കു സാധ്യതയുള്ളത്. ചിലത് കുത്തുന്ന പ്രാണികളാണ്. ചിലത് കടിക്കുന്നു. ചില പ്രാണികളുടെ ശരീരത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ശ്വസിച്ചാലും അലര്‍ജിക്കുകാരണമാവും. പ്രാണികള്‍ കുത്തുന്നതു മൂലമുള്ള അലര്‍ജിക്ക് അപകട സാധ്യതകൂടുതലാണെന്നാണു വിദഗ്ധര്‍ പറയുന്നത്. അലര്‍ജി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചില പ്രാണികളുടെ കടി മരണ കാരണമായേക്കാമെന്നാണു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

അവഗണിക്കരുത്

സ്ഥിരമായി നമുക്ക് ചുറ്റും കാണുന്ന ചില പ്രാണികള്‍ പോലും അലര്‍ജി പ്രകൃതമുള്ളവര്‍ക്ക് അപകടം വരുത്തുന്നവയാണ്. സ്പാനിഷ് ഫ്‌ളൈ എന്നറിയപ്പെടുന്ന ബ്ലിസ്റ്റര്‍ ബീറ്റില്‍ കടിച്ചാല്‍ ചിലര്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ പ്രാണിയുടെ വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം വരെ തകരാറിലാകുമെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇത്തരം പ്രാണികളുടെ കടിയേറ്റവര്‍ക്ക് ഡയാലിസിസ് വേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

നാട്ടുവൈദ്യന്‍മാര്‍ മുന്‍കാലങ്ങളില്‍ ഇത്തരം പ്രാണികളെ ഉണക്കിപ്പൊടിച്ച് ലൈംഗിക ഉത്തേജന ഔഷധങ്ങളില്‍ ചേര്‍ക്കാറുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ അളവ് കൂടിയാല്‍ പോലും മരണം സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

മുന്‍കരുതല്‍

പ്രാണികളുടെ കടിയേറ്റാല്‍ അവ അപകടകാരിയാണോ അല്ലയോ എന്നു തിരിച്ചറിയാന്‍ പ്രയാസമാണ്. അലര്‍ജി പ്രകൃതമുള്ള കുട്ടികള്‍ക്ക് ചില പ്രാണികളുടെ കടിമൂലമുള്ള അലര്‍ജി താങ്ങാന്‍ കഴിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കരുതല്‍ ആവശ്യമാണ്.
ഷഡ്പദങ്ങളുടേയും പാറ്റകളുടേയം ചിലന്തികളുടേയുമെല്ലാം സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ വിടുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

കടിയേറ്റാൽ…

വീട്ടു പരിസരങ്ങളിലും സ്‌കൂളിലുമെല്ലാം സര്‍വ സധാരണമായി കാണുന്ന കട്ടുറുമ്പ്, കടന്നല്‍, ചിലന്തി, തേനീച്ച എന്നിവ കടിച്ചാല്‍ പോലും അവഗണിക്കരുതെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
കടിച്ച ജീവിയുടെ മുള്ള് കടിയേറ്റ ഭാഗങ്ങളില്‍ തങ്ങിനില്‍ക്കുന്നുണ്ടോ എന്നു നോക്കേണ്ടതു പ്രധാനമാണ്. അതു ശരീരത്തില്‍ തങ്ങിനില്‍ക്കുന്നത് അലര്‍ജി വ്യാപിക്കാന്‍ കാരണമാകും. കടന്നല്‍ കുത്തിയാല്‍ ചുണ്ണാമ്പു പുരട്ടുന്നത് വിഷം നിര്‍വീര്യമാക്കാന്‍ ഉത്തമമാണ്. തേനിച്ചയാണു കുത്തിയതെങ്കില്‍ നാരാങ്ങാ നീരു പുരട്ടുന്നതു നല്ലതാണ്. ഉറുമ്പു കടിപോലും ചിലരില്‍ ഗുരുതരമായ അലര്‍ജി സൃഷ്ടിച്ചേക്കാം. തുമ്പ അരച്ചു പുരട്ടിയാല്‍ ഇത്തരം തിണര്‍പ്പുകള്‍ അമര്‍ന്നുപോവും. വിഷമില്ലാത്ത പ്രാണികളാണു കടിക്കുന്നതെങ്കില്‍ മഞ്ഞളും തുളസിയും അരച്ചു പുരട്ടാവുന്നതാണ്. മുരിങ്ങയിലയും ഇത്തരം പ്രാണികളുടെ അലര്‍ജി തടയാന്‍ നല്ലതാണ്.

ചികിത്സ പ്രധാനം

എന്നാല്‍, ഏതുപ്രാണിയാണു കടിച്ചത് എന്നു കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ടതാണ്. വിഷമുള്ള പ്രാണികളാണു കടിച്ചതെങ്കില്‍ ഉടനെ വിദഗ്ധ ചികിത്സ തേടുക തന്നെ വേണം. അലര്‍ജിയുള്ളവരാണെങ്കില്‍ അലര്‍ജിയുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു വയ്ക്കുന്നത് നല്ലതാണ്.

ചില പ്രാണികള്‍ കൂട്ടമായാണ് ആക്രമിക്കുക. കടന്നല്‍, തേനീച്ച, മറ്റു വിഷപ്രാണികള്‍ ഏന്നിവയുടെ കൂട്ടമായ ആക്രമണം മൂലമുള്ള മരണങ്ങള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കുക പ്രധാനമാണ്. ഇത്തരം പ്രാണികളുടെ ആക്രമണമുണ്ടായാല്‍ ഉടനെ വൈദ്യ സഹായം തേടുകയും വേണം.

---- facebook comment plugin here -----

Latest