യാത്ര
നുസന്താരയുടെ വഴിത്താരകൾ
ചരിത്രവും സംസ്കാരവും ഉൾച്ചേർത്താണ് ഓരോ നാടും വായിക്കപ്പെടേണ്ടത്.അപ്പോൾ മാത്രമാണ് ആ നാടിന്റെ ആത്മാവനുഭവിക്കാൻ കഴിയുക.
നീണ്ട മൂന്ന് വർഷങ്ങൾ. ആദ്യ വർഷം ഭാഷാ പഠനത്തിനാണ്. പ്രയോഗത്തിൽ യാത്രകളുടെ വർഷമെന്ന് വിളിക്കാം. ബഹാസ ഇന്തോനേഷ്യ പഠനകാലം അക്കാദമിക് സ്ട്രെസ്സില്ലാത്ത ദിനങ്ങളാണെന്ന് മനസ്സിലാക്കിയത് മുതൽ നിരന്തര യാത്രകളായിരുന്നു. ചെലവ് പരമാവധി ചുരുക്കി ഈ രാജ്യത്തിന്റെ വിസ്മയങ്ങൾ ആഘോഷിച്ച് അനുഭവസമ്പന്നമായ വിദ്യാർഥി യാത്രകൾ. പറയുന്നത് ഇന്തോനേഷ്യയുടെ കഥയാണ്. ഒരു യാത്രികനും ഇന്നുവരെ കണ്ട് തീർന്നിട്ടില്ലാത്ത നുസന്താരയുടെ കഥ.
വിളിപ്പേര് പോലെ നുസ (ദ്വീപ്)കളുടെ അന്തരമാണ് ഇന്തോനേഷ്യ. പതിനേഴായിരം ദ്വീപുകൾ, ജനവാസമുള്ളവ ആറായിരത്തോളം. പകുതിയിലേറെ പേരും ജാവ ദ്വീപിൽ. ബാക്കി പ്രധാനമായും സുമാത്ര, സുലാവെസി, കളിമണ്ടാൻ, പപ്പുവ ദ്വീപുകളിൽ നിന്നാണ്. കളിമണ്ടാനൊഴിച്ച് (ബോർണിയോ) മറ്റെല്ലാ വലിയ ദ്വീപുകളിലും യാത്ര ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈജാത്യങ്ങളെ അനുഭവിക്കാനും മനുഷ്യരുമായി അടുത്തിടപഴകാനും ബഹാസ പരിശീലിക്കാനുമുള്ള സുവർണാവസരങ്ങളായിരുന്നു ഓരോ യാത്രയും.
ഇന്തോനേഷ്യയെ അറിയുക എന്നാൽ ജാവയെ അറിയുകയെന്നാണ്. കൊച്ചി കണ്ട് ഇന്ത്യയെ വിലയിരുത്തുന്നത് പോലെയാണ് ബാലി മാത്രം പോയവരുടെ ഇന്തോനേഷ്യൻ അനുഭവങ്ങൾ. ടൂറിസ്റ്റിക് ബാലിയിലെ അനുഭവങ്ങൾ മനോഹരവും നിർബന്ധമായും കാണേണ്ടതുമാണ്. പക്ഷേ, അത് യഥാർഥ ഇന്തോ സംസ്കാരത്തോട് (സൗത്തീസ്റ്റ് രാജ്യങ്ങളിൽ ഇന്തോ എന്ന് ഇന്തോനേഷ്യയോട് ബന്ധപ്പെട്ടവക്കാണ് വ്യാപകമായി പ്രയോഗിക്കുന്നത്) നന്നേ വിപരീത ദിശയിലാണ്. ഹിന്ദു – ലിബറൽ സംസ്കാരങ്ങളുടെ മിശ്രണം കാണാൻ കഴിയുന്ന ഏക ദ്വീപ് ബാലിയാണ്. ബാലിയിലെ പ്രകൃതിഭംഗിയും കാണേണ്ട സ്ഥലങ്ങളും മത-സംസ്കാര വൈവിധ്യങ്ങളും മറ്റൊരു ലക്കത്തിൽ വിശാലമായെഴുതാം.
ബഹാസ ഇന്തോനേഷ്യയാണ് ഔദ്യോഗിക ഭാഷ, ഇംഗ്ലീഷ് അക്ഷരങ്ങൾ കൊണ്ടാണ് എഴുത്തെങ്കിലും ഉച്ചാരണത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ട്. മലേഷ്യയുടെ ഔദ്യോഗിക ഭാഷയായ മെലായുവിൽ നിന്നാണ് ബഹാസയുടെ പിറവി. എങ്കിലും നൂറിലേറെ വരുന്ന പ്രാദേശിക ഭാഷകളിലൂടെയാണ് ഇവരുടെ സാംസ്കാരികമായ അടിയൊഴുക്ക്. സ്കൂളിലും കോളജിലും ബഹാസ സംസാരിക്കുന്ന കുട്ടികൾ വീട്ടിലെത്തിയാൽ ജാവയിലേക്കും സുണ്ടയിലേക്കും മറ്റു പ്രാദേശിക ഭാഷകളിലേക്കും തനിയെ മാറും. ബഹാസ വശമുണ്ടെങ്കിലും പഴയ തലമുറക്ക് പ്രാദേശിക സംസാരത്തോട് അത്രകണ്ട് അഭിനിവേശമാണ്.
എത്നോളോഗിന്റെ (ethnologue.com) കണക്കനുസരിച്ച് എഴുനൂറിലധികം തദ്ദേശീയ ഭാഷകൾ ഇന്നും പ്രയോഗത്തിലുണ്ട്. ജാവനീസ്, സുണ്ടനീസ്, മദുരീസ്, ബുഗിസ്, ബാലിനീസ്, മകാസ്സറീസ് എന്നിവ ഉദാഹരണങ്ങൾ. ഈ ഭാഷകൾക്കെല്ലാം സ്വന്തമായി ലിപിയുമുണ്ട് എന്നതാണ് ഏറെ അതിശയകരം. ബഹാസയും ഇതര ഭാഷകളും കലർത്തി സംസാരിക്കുന്നവരും കുറവല്ല. സഹയാത്രികരുടെ സംസാരം പലപ്പോഴും മനസ്സിലാകാതെ വരാനുള്ള ഒരു കാരണം ഈ പ്രാദേശിക ഭാഷകളുടെ കടന്നുകയറ്റമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. 2024ലെ കണക്കുകൾ പ്രകാരം ഏകദേശം തൊണ്ണൂറ് ശതമാനം മുസ്്ലിംകളാണ്. ബാക്കി പത്ത് ശതമാനം മാത്രമാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആറ് മതങ്ങളിൽ നിന്നുള്ളവർ. പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക്, ക്രിസ്റ്റ്യാനിറ്റി, ഹിന്ദുയിസം, ബുദ്ധിസം, കൺഫ്യൂഷ്യനിസം എന്നിവയാണവ. ദേശീയ ആശയമായ പഞ്ചശില ആരംഭിക്കുന്നത് ഏകദൈവ വിശ്വാസത്തോടെയാണ്. രാജ്യത്തെ വൈവിധ്യമാർന്ന ജനസമൂഹങ്ങളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യാനന്തരം 1945ൽ ആദ്യത്തെ പ്രസിഡന്റ് സുകാർണോ രൂപപ്പെടുത്തിയ അഞ്ച് അടിസ്ഥാന തത്വങ്ങളാണ് അതിന്റെ ഉള്ളടക്കം.
ഇന്ത്യയുടെ അഭിമാനമായി നാം ഉറക്കെ പറയാറുള്ള നാനാത്വത്തിൽ ഏകത്വം തന്നെയാണ് ഇന്തോനേഷ്യയുടെയും മോട്ടോ. ഭിന്നേക്ക തുങ്ഗൽ ഇക എന്ന് പഴയ ജാവനീസ് ഭാഷയിൽ പറയും. പതിനാലാം നൂറ്റാണ്ടിൽ മജാപഹിത് ഭരണകാലത്ത് കവി പൂ തന്തുലർ രചിച്ച കകാവിൻ സുതസോമ എന്ന കാവ്യത്തിൽ നിന്നെടുത്ത പ്രയോഗമാണിത്. ഹിന്ദു-ബുദ്ധ ഐക്യത്തെ അടയാളപ്പെടുത്താനുള്ള പ്രയോഗം പിന്നീട് ദേശീയ മുദ്രാവാക്യമായി അംഗീകരിക്കപ്പെടുകയായിരുന്നു.
ചരിത്രവും സംസ്കാരവും ഉൾച്ചേർത്താണ് ഓരോ നാടും വായിക്കപ്പെടേണ്ടത്. അപ്പോൾ മാത്രമാണ് ആ നാടിന്റെ ആത്മാവനുഭവിക്കാൻ കഴിയുക. അത്തരമൊരു ശ്രമമാണ് ഈ എഴുത്തും. പക്ഷേ, ചരിത്രത്തേക്കാളുപരി വർത്തമാനത്തെ പരിഗണിച്ച് യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ഉപകാരമാവുന്ന രീതിയിൽ ഇന്നാടിനെ പരിചയപ്പെടുത്തണമെന്നാണ് ആഗ്രഹം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, അഗ്നിപർവതങ്ങൾ, ദ്വീപുകൾ, ഭക്ഷണരീതി, മതജീവിതം, ജോലി-പഠന സാധ്യതകൾ, ഗ്രാമ-നഗര-സമുദ്ര ജീവിതങ്ങൾ, ട്രഡീഷണൽ മാർക്കറ്റുകൾ, കലാരൂപങ്ങൾ തുടങ്ങി വർഷത്തിൽ പന്ത്രണ്ട് മാസവും ഉറവ നിലക്കാത്ത ഉമ്പുലിന്റെ കഥകൾ വരെ ചരിത്രവും ചിത്രവും ചേർത്ത് വായിക്കാം. ഇന്നലെകളെ ചായം ചേർത്ത് നാളേക്ക് വേണ്ടി നെയ്തെടുക്കുന്ന ബത്തീക്ക് വസ്ത്രങ്ങൾ പോലെ…
Content Highlights:
Indonesia is a magnificent archipelago comprising over seventeen thousand distinct islands with immense cultural and geographical diversity. While Bali remains a major global tourist attraction, the true essence of Indonesian culture is deeply embedded across other islands like Java and Sumatra. The nation beautifully balances its official language, Bahasa Indonesia, alongside hundreds of living local indigenous dialects. As the world’s largest Muslim-majority nation, it thrives on the foundational motto of unity in diversity and coexists through historical harmony.







