Connect with us

International

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്തോനേഷ്യ; പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കും

തീരുമാനം യു എസ് താരിഫ് കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി. ട്രംപ് ഭരണകൂടം നേരത്തെ ഭീഷണിപ്പെടുത്തിയ 32 ശതമാനം ഉയര്‍ന്ന താരിഫ് നിരക്കില്‍ നിന്നും ഇന്തോനേഷ്യയെ ഒഴിവാക്കും.

Published

|

Last Updated

ജക്കാര്‍ത്ത | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് ഊര്‍ജ, ധാതു വിഭവ മന്ത്രി ബഹ്ലില്‍ ലഹദാലിയ. ഇതോടെ, ട്രംപ് ഭരണകൂടം നേരത്തെ ഭീഷണിപ്പെടുത്തിയ 32 ശതമാനം ഉയര്‍ന്ന താരിഫ് നിരക്കില്‍ നിന്നും ഇന്തോനേഷ്യയെ ഒഴിവാക്കും.

പുതിയ താരിഫ് കുറയ്ക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 15 ബില്യണ്‍ ഡോളറിന്റെ ഗ്യാസോലിന്‍, ക്രൂഡ് ഓയില്‍, എല്‍ പി ജി (ദ്രവീകൃത പെട്രോളിയം വാതകം) എന്നിവ ഇനിമുതല്‍ അമേരിക്കയില്‍ നിന്നായിരിക്കും ഇറക്കുമതി ചെയ്യുക, നിലവില്‍ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണെങ്കിലും, സിംഗപ്പൂര്‍, മലേഷ്യ, സഊദി അറേബ്യ എന്നിവയ്ക്ക് പിന്നിലാണ് അമേരിക്ക.

താരിഫ് കരാര്‍ പ്രകാരം മുഴുവന്‍ അമേരിക്കന്‍ ഇറക്കുമതികളുടെയും താരിഫ് കുറയ്ക്കാനും അമേരിക്കന്‍ കമ്പനികള്‍ നേരിടുന്ന എല്ലാ നോണ്‍-ടാരിഫ് തടസ്സങ്ങളും ഇല്ലാതാക്കാനും ഇന്തോനേഷ്യ സമ്മതിച്ചിട്ടുണ്ട്. അതേസമയം, സോയാബീന്‍, ഗോതമ്പ്, പരുത്തി എന്നിവയുള്‍പ്പെടെ യു എസില്‍ നിന്ന് 4.5 ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക ഉത്പന്നങ്ങളും 3.2 ബില്യണ്‍ ഡോളറിന്റെ ബോയിങ് വിമാനങ്ങളും ഇന്തോനേഷ്യ വാങ്ങും. യു എസുമായുള്ള പുതിയ സഹകരണത്തിലൂടെ രാജ്യത്തെ വ്യാപാര സന്തുലിതാവസ്ഥ നിലനിര്‍ത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കാനും കഴിയുമെന്ന് ബഹ്ലില്‍ ലഹദാലിയ വ്യക്തമാക്കി.

 

സിറാജ് പ്രതിനിധി, ദമാം

Latest