International
പറഞ്ഞുറപ്പിച്ച വിവാഹത്തിനായി അമേരിക്കയിൽ വിമാനമിറങ്ങിയ ഇന്ത്യൻ യുവതിയെ കാണാതായി
സിമ്രാൻ ന്യൂജേഴ്സിയിൽ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് കാണാതായതായി പരാതി ലഭിച്ചത്.

സിമ്രാനെ കുറിച്ചുള്ള വിവങ്ങൾ അനുസരിച്ച് എ ഐ നിർമിച്ച പ്രതീകാത്മക ചിത്രം
ന്യൂജേഴ്‌സി | പറഞ്ഞുറപ്പിച്ച വിവാഹത്തിനായി അമേരിക്കയിൽ എത്തിയ 24കാരിയായ ഇന്ത്യൻ യുവതിയെ കാണാതായതായി പരാതി. സിമ്രാൻ എന്ന യുവതിയെയാണ് ജൂൺ 20-ന് ഇന്ത്യയിൽ നിന്ന് ന്യൂജേഴ്‌സിയിൽ എത്തിയതിന് തൊട്ടുപിന്നാലെ കാണാതായത്. വിമാനത്താവളത്തിൽ ഇരുന്ന് സിമ്രാൻ ഫോൺ പരിശോധിക്കുന്നതിന്റെയും ആരെയോ കാത്തിരിക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ അവർക്ക് യാതൊരു വിഷമവുമുള്ളതായി തോന്നിയില്ലെന്ന് ലിൻഡൻവോൾഡ് പോലീസ് പറഞ്ഞു.
സിമ്രാൻ ന്യൂജേഴ്സിയിൽ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് കാണാതായതായി പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഇവർ നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹത്തിനായാണ് അമേരിക്കയിലേക്ക് വന്നതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിവാഹം അമേരിക്കയിലേക്ക് സൗജന്യ വിമാന ടിക്കറ്റ് നേടാനുള്ള തന്ത്രമായിരുന്നോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സിമ്രാന് അമേരിക്കയിൽ ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കില്ലെന്നും പോലീസ് പറഞ്ഞു. അവരുടെ ഏക ഫോൺ Wi-Fi വഴി മാത്രം പ്രവർത്തിക്കുന്നതാണ്. ഇന്ത്യയിലെ കുടുംബാംഗങ്ങളെ ഇതുവരെ ബന്ധപ്പെടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ലിൻഡൻവോൾഡ് പോലീസ് അറിയിച്ചു.
സിമ്രാന് അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോ ഭാരവും ഉണ്ട്.. നെറ്റിയുടെ ഇടതുവശത്ത് ചെറിയൊരു പാടുണ്ട്. ചാരനിറത്തിലുള്ള ട്രാക്ക് പാന്റ്‌സ്, വെള്ള ടി-ഷർട്ട്, കറുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകൾ, ചെറിയ ഡയമണ്ട് കമ്മലുകൾ എന്നിവ ധരിച്ചാണ് അവസാനമായി കണ്ടത്.
സിമ്രാനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ലിൻഡൻവോൾഡ് പോലീസ് ഡിറ്റക്ടീവ് ജോ ടോമാസെറ്റിയെ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.