Connect with us

Kerala

ഒമ്പതുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിന് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും

മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷം ആയിരുന്നു പീഡനം.

Published

|

Last Updated

പത്തനംതിട്ട |  ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ നിന്നും മല്ലപ്പുഴശ്ശേരി കുറുന്തര്‍ കുഴിക്കാല ചരിവുകാലായില്‍ വീട്ടില്‍ വാടകയ്ക്ക് താമസം ലിതിന്‍ തമ്പി (25)യെയാണ്‌ പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി.

2019 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടി പ്രതിയില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടത്. വീട്ടിനുള്ളിലും സ്റ്റെയര്‍കെയ്സില്‍ വച്ചും ടെറസില്‍ വച്ചും കാറിനുള്ളില്‍ വച്ചും കുട്ടിയെ ഇയാള്‍ ക്രൂരമായ ലൈംഗിക പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയനാക്കി. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷം ആയിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും, ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവും ആണ് ശിക്ഷിച്ചത്. ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ആറന്മുള എസ് ഐ ആയിരുന്ന എസ് എസ് രാജീവാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം ആര്‍ സുരേഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന സഹായിയായി.

 

Latest