International
ഇന്ത്യൻ വിദ്യാർഥി യു എസിൽ വെടിയേറ്റ് മരിച്ചു
ഹൈദരാബാദിൽ ബാച്ചിലർ ഇൻ ഡെന്റൽ സർജറി (ബി ഡി എസ്.) പൂർത്തിയാക്കിയ ശേഷം 2023-ലാണ് ചന്ദ്രശേഖർ ഉപരിപഠനത്തിനായി യു എസ്-ലേക്ക് പോയത്.

ഹൈദരാബാദ് | അമേരിക്കയിലെ ഡാലസിൽ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ചന്ദ്രശേഖർ പോൾ (27) എന്ന വിദ്യാർഥിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് ഇയാളെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തിയത്.
ഹൈദരാബാദിൽ ബാച്ചിലർ ഇൻ ഡെന്റൽ സർജറി (ബി ഡി എസ്.) പൂർത്തിയാക്കിയ ശേഷം 2023-ലാണ് ചന്ദ്രശേഖർ ഉപരിപഠനത്തിനായി യു എസ്-ലേക്ക് പോയത്. ആറ് മാസം മുമ്പ് അവിടെവെച്ച് മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഒരു ഫുൾടൈം ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് പാർട്ട് ടൈമായി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നത്.
മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖറിൻ്റെ കുടുംബം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ബി ആർ എസ്. എം എൽ എ ആയ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഇന്ന് ഹൈദരാബാദിലെ വിദ്യാർഥിയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു.