Connect with us

articles

ഇന്ത്യന്‍ ജനാധിപത്യത്തിന് ശ്വാസം മുട്ടുന്നു

പ്രതിഷേധങ്ങളെയും വിയോജിപ്പിനെയും ശത്രുതാപരമായി മാത്രമാണ് ബി ജെ പി ഭരണം കാണുന്നത്. പാര്‍ലിമെന്റില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം കേന്ദ്ര ഏജന്‍സികള്‍ വീട്ടില്‍ ഇരച്ചുകയറിയ അനുഭവം നിരവധി എം പിമാര്‍ക്കുണ്ട്. അയോഗ്യതയെ നേരിട്ടവരുണ്ട്. സസ്‌പെന്‍ഷനെ നേരിട്ടവര്‍ നിരവധിയാണ്. 2015ല്‍ 25 എം പിമാര്‍, 2019ല്‍ 49 പേര്‍, 2020ല്‍ എട്ട് പേര്‍, 2021ല്‍ 12 പേര്‍ എന്ന കണക്കാണ് 2023ല്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 140 കടന്ന് കുതിച്ചു കൊണ്ടിരിക്കുന്നത്.

Published

|

Last Updated

എട്ട് പേരുടെ ജീവന്‍ പൊലിഞ്ഞ പാര്‍ലിമെന്റ് ആക്രമണം നടന്നത് 2001 ഡിസംബര്‍ ഇരുപത്തിമൂന്നിനായിരുന്നു. അതിന്റെ ഇരുപത്തിരണ്ടാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ വൈകാരികമായ ഒരു വാക്യമുണ്ട്. 2001ല്‍ നടന്നത് കേവലമൊരു ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന്റെ മാതാവിനും ഇന്ത്യയുടെ ആത്മാവിനും എതിരെയുള്ള കൈയേറ്റമാണത് എന്നായിരുന്നു. പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യത്തെ നാണം കെടുത്തിയ പാര്‍ലിമെന്റ് കൈയേറ്റമുണ്ടായത്. എന്നാല്‍ അതേത്തുടര്‍ന്ന് പാര്‍ലിമെന്റില്‍ തങ്ങളുടെ ഭൂരിപക്ഷം മുന്‍നിര്‍ത്തി ഭരണപക്ഷം കാണിച്ചു കൂട്ടിയ നടപടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ തീരാ കളങ്കമായി മാറിയിരിക്കുകയാണ്.

പാര്‍ലിമെന്റില്‍ ധൂമക്കുറ്റിയുമായി നുഴഞ്ഞു കയറി പുക പടര്‍ത്തിയത് പൊറുക്കാനാകാത്ത നിയമലംഘനവും സുരക്ഷാ വീഴ്ചയുമാണ് എന്ന കാര്യത്തില്‍ ഭരണപക്ഷത്തിനും തര്‍ക്കമില്ല. അതേച്ചൊല്ലി പാര്‍ലിമെന്റിനു പുറത്ത് വിശദീകരിക്കാം, അകത്തു പറ്റില്ല എന്ന വിചിത്ര നിലപാടാണ് ഭരണകക്ഷി സ്വീകരിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രിയുടെ വിശദീകരണമാവശ്യപ്പെട്ട് പ്രതിഷേധിച്ച 141 എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 14ന് 14 പേരെയും, ഡിസംബര്‍ 18ന് 78 പേരെയും, ഡിസംബര്‍ 19ന് 49 പേരെയും സസ്‌പെന്‍ഡ് ചെയ്തു. “ഇന്ത്യ’ മുന്നണിയിലെ പതിനൊന്ന് പാര്‍ട്ടികളിലുള്ള 95 പേര്‍ ലോക്‌സഭയിലും 46 പേര്‍ രാജ്യസഭയിലും നടപടി നേരിട്ടു. ഇതോടെ മഹുവ മൊയ്ത്ര പറഞ്ഞതു പോലെ അംബാനിയുടെ ഓഹരിയുടമകള്‍ മാത്രമായി പാര്‍ലിമെന്റ് ചുരുങ്ങിയിരിക്കുന്നു.

പാര്‍ലിമെന്റിന്റെ സുരക്ഷാ ചുമതല സ്പീക്കര്‍ക്കാണെന്നും ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്വമില്ലെന്നതുമാണ് കേന്ദ്ര ന്യായം. അതുകൊണ്ട് ആഭ്യന്തര മന്ത്രി സഭയില്‍ പ്രസ്താവന നടത്തേണ്ടതില്ല എന്ന ശാഠ്യത്തില്‍ ബി ജെ പി നില്‍ക്കുന്നു. സ്പീക്കറടക്കമുള്ളവരുടെ സുരക്ഷാ ചുമതല ആഭ്യന്തര വകുപ്പിനാണെന്നത് ബി ജെ പി കേട്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകുന്നു. ഇനി സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്വം സ്പീക്കര്‍ ഏറ്റെടുക്കുമോ? രാജി വെക്കുമോ തുടങ്ങിയ ചോദ്യങ്ങളും പതിക്കുന്നത് ബധിര കര്‍ണങ്ങളില്‍ തന്നെയാണ്.

ഒരാള്‍ പോലുമുള്ള ന്യൂനപക്ഷത്തെ പരിഗണിക്കുന്നതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. പാര്‍ലിമെന്റിന്റെ യഥാര്‍ഥ അവകാശികള്‍ പ്രതിപക്ഷമാണെന്ന് ഭരണഘടനാ ശില്‍പ്പി അംബേദ്കര്‍ പറഞ്ഞു വെച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കാര്‍ത്തി ചിദംബരം അഭിപ്രായപ്പെട്ടതു പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ നോര്‍ത്ത് കൊറിയന്‍ പാര്‍ലിമെന്റിന് സമാനമായിരിക്കുന്നു. പ്രതിപക്ഷത്തെ അവജ്ഞയോടെ കാണാന്‍ മുഴുവന്‍ ബി ജെ പി. എം പിമാരെയും കേന്ദ്ര ഭരണം പരിശീലിപ്പിച്ചെടുത്തു കഴിഞ്ഞു. പാര്‍ലിമെന്റ് നടപടികള്‍ എന്നത് ഭൂരിപക്ഷം ന്യൂനപക്ഷത്തെ അക്രമിച്ചു കീഴടക്കുന്ന വിജയ ഭേരിയായാണ് മോദി ഭരണം കണക്കാക്കുന്നത്. മുന്‍കാലങ്ങളില്‍ ഭരണപക്ഷ – പ്രതിപക്ഷങ്ങള്‍ തമ്മില്‍ മുന്‍കൂര്‍ ചര്‍ച്ചകളും ധാരണകളും രൂപപ്പെട്ടിരുന്നു. പ്രതിപക്ഷ ശബ്ദങ്ങള്‍ക്ക് നല്‍കുന്ന പരിഗണന അന്തസ്സിന്റെ ചിഹ്നമായി ഭരണപക്ഷം കണക്കാക്കിയിരുന്നു. അതെല്ലാം പഴങ്കഥയായി.
പ്രതിഷേധങ്ങളെയും വിയോജിപ്പിനെയും ശത്രുതാപരമായി മാത്രമാണ് ബി ജെ പി ഭരണം കാണുന്നത്. പാര്‍ലിമെന്റില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം കേന്ദ്ര ഏജന്‍സികള്‍ വീട്ടില്‍ ഇരച്ചുകയറിയ അനുഭവം നിരവധി എം പിമാര്‍ക്കുണ്ട്. അയോഗ്യതയെ നേരിട്ടവരുണ്ട്. സസ്‌പെന്‍ഷനെ നേരിട്ടവര്‍ നിരവധിയാണ്. 2015ല്‍ 25 എം പിമാര്‍, 2019ല്‍ 49 പേര്‍, 2020ല്‍ എട്ട് പേര്‍, 2021ല്‍ 12 പേര്‍ എന്ന കണക്കാണ് 2023ല്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് 140 കടന്ന് കുതിച്ചു കൊണ്ടിരിക്കുന്നത്.

അസാധാരണ പ്രകോപനം

പാര്‍ലിമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത അച്ചടക്ക നടപടിക്ക് ബി ജെ പി തുനിഞ്ഞതിനു പിന്നിലെ പ്രകോപനം ചികയുന്നത് കൗതുകകരമാണ്. മോദിയുടെ അഭിമാന പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായാണ് പുതിയ പാര്‍ലിമെന്റ് കെട്ടിടം ഉയര്‍ന്നത്. നവീനവും അത്യന്താധുനികവുമായ മുഴുവന്‍ സാങ്കേതിക മേന്മയും സുരക്ഷാ വൈദഗ്ധ്യവും കെട്ടിടത്തിനുമേല്‍ ചാര്‍ത്തിയിരുന്നു. എന്നാല്‍ ടൈറ്റാനിക്കിന്റെ അനുഭവമാണ് ഓര്‍മയില്‍ വരുന്നത്. അക്കാലത്തെ ഏറ്റവും ഉന്നത സാങ്കേതിക വിദ്യയനുസരിച്ച് രൂപപ്പെട്ടതെന്ന ഖ്യാതിയുണ്ടായിരുന്ന ടൈറ്റാനിക് ആദ്യ യാത്രയില്‍ തന്നെ അപകടത്തില്‍ പെട്ടു. പാര്‍ലിമെന്റില്‍ ഉദ്ഘാടന വര്‍ഷം തന്നെ അക്രമികള്‍ നുഴഞ്ഞുകയറി.

കുറ്റമറ്റ സുരക്ഷയാണ് പുതിയ പാര്‍ലിമെന്റ് കെട്ടിടം വാഗ്ദാനം ചെയ്തിരുന്നത്. നാല് ഘട്ട പ്രതിരോധ മതില്‍ കഴിഞ്ഞാണ് പാര്‍ലിമെന്റില്‍ പ്രവേശനം സാധ്യമാകുക. സി ആര്‍ പി എഫിന്റെ 1,500 അംഗ കമാന്‍ഡോകളുടെ പാര്‍ലിമെന്റ് ഡ്യൂട്ടി ഗ്രൂപ്പും സി ഐ എസ് എഫും ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗമായ പാര്‍ലിമെന്റ് സെക്യൂരിറ്റി സര്‍വീസും കാവല്‍ നില്‍ക്കുന്നുണ്ട്. പൂര്‍വകാലം ചികഞ്ഞാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പുകക്കുറ്റിയുമായി അക്രമികള്‍ അകത്തു കയറിയപ്പോള്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ പോലും നിശ്ചലമായത് വലിയ നാണക്കേടായി. 40 ശതമാനം ജീവനക്കാരുടെ അഭാവവും ജോയിന്റ് സെക്രട്ടറി അടക്കമുള്ള ഉന്നത പദവികള്‍ ആഴ്ചകളായി ഒഴിഞ്ഞു കിടക്കുന്നതും വലിയ വീഴ്ചകളാണ്. ഇത്തരം വിഷയങ്ങളും ചോദ്യമുനകളും മോദി കാലത്തെ ബി ജെ പി എങ്ങനെ സഹിക്കാനാണ്.

മൈസൂരുവിലെ ബി ജെ പി. എം പി പ്രതാപസിംഹന്റെ ശിപാര്‍ശയില്‍ അകത്തു കയറിയ മനോരഞ്ജനും സാഗര്‍ ശര്‍മയും പുറത്തു കാത്തുനിന്ന അമോല്‍ ഷിന്‍ഡെയും നീലം ദേവിയും കൂട്ടാളികളായ വിക്കി ശര്‍മയും ഝായും തീവ്രവാദികളല്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ അധികൃതര്‍ വിശദീകരിച്ചിരുന്നു. അവര്‍ ഉയര്‍ത്തിയ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും മണിപ്പൂരും വികലമായ സാമ്പത്തിക നയങ്ങളും കോര്‍പറേറ്റ് പ്രീണനങ്ങളും ഏതൊരു സാഹചര്യത്തിലും ചര്‍ച്ചയാകരുതെന്ന് കേന്ദ്ര ഭരണം ആഗ്രഹിക്കുന്ന വിഷയങ്ങളാണ്. സ്തുതി ഗീതികളും പ്രശസ്തി പത്രവും മാത്രം വെച്ചു പൊറുപ്പിക്കുന്ന പുതിയ കാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കരാളഹസ്തത്തില്‍ പെട്ട് ജനാധിപത്യത്തിന് ശ്വാസം മുട്ടുകയാണ്. ട്രംപിനും ജയിര്‍ബോള്‍സനാരോവിനും ജേക്കബ് സുമക്കും തൂക്കമൊപ്പിക്കാന്‍ മോദിക്ക് പിന്നാലെ കൂടുതല്‍ ആളുകള്‍ കച്ച മുറുക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ പരിസരത്തിന്റെ ഭാവി മതവെറിയില്‍ വിശ്വസിക്കാത്ത പുതു തലമുറയിലാണ്. ശുഭകരമായ പരിസമാപ്തിക്ക് കാതോര്‍ക്കാം.

Latest