International
ഫലസ്തീനൊപ്പം ഉറച്ച് നിന്ന് ഇന്ത്യ; നാല് യു എൻ പ്രമേയങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്തു
ഫലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം എന്ന തലക്കെട്ടിലുള്ള പ്രമേയം 162 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാസായത്.
ന്യൂഡൽഹി | ഫലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം, അധിനിവേശ പ്രദേശങ്ങളിലെ ഇസ്റാഈൽ കുടിയേറ്റം, ഫലസ്തീൻ അഭയാർഥികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭ (United Nations General Assembly) പാസാക്കിയ നാല് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. ബുധനാഴ്ച 193 അംഗ യു എൻ ജനറൽ അസംബ്ലിയിൽ (UNGA) നടന്ന വോട്ടെടുപ്പിലാണ് ഇന്ത്യ നാല് പ്രമേയങ്ങളെയും പിന്തുണച്ചത്.
ഫലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം എന്ന തലക്കെട്ടിലുള്ള പ്രമേയം 162 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാസായത്. എട്ട് രാജ്യങ്ങൾ എതിർത്തപ്പോൾ സമാനമായ എണ്ണം രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശം ഉൾപ്പെടെ ഫലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം ഈ പ്രമേയം ആവർത്തിച്ച് ഉറപ്പിച്ചു. ഈ അവകാശം എത്രയും വേഗം യാഥാർഥ്യമാക്കുന്നതിന് ഫലസ്തീനികളെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും തുടരാൻ എല്ലാ രാജ്യങ്ങളോടും യു എൻ സംവിധാനത്തിന് കീഴിലുള്ള പ്രത്യേക ഏജൻസികളോടും സംഘടനകളോടും പ്രമേയം അഭ്യർഥിച്ചു.
യു എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (UNRWA) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രമേയത്തെയും ഇന്ത്യ അനുകൂലിച്ചു. യു എൻ ഏജൻസിയുടെ പ്രവർത്തനങ്ങൾ തുടരേണ്ടതിന്റെ ആവശ്യകതയും ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം, സംരക്ഷണം, മാനവ വികസനം എന്നിവയ്ക്കായി അടിയന്തര സഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സമില്ലാതെ നൽകേണ്ടതിന്റെ പ്രാധാന്യവും പ്രമേയം എടുത്തുപറഞ്ഞു. 143 വോട്ടുകൾക്ക് പ്രമേയം പാസായപ്പോൾ ഇസ്റാഈലും അമേരിക്കയും ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തു. 20 രാജ്യങ്ങൾ വിട്ടുനിന്നു.
ഫലസ്തീൻ അഭയാർത്ഥികളുടെ സ്വത്തുക്കളും അവയിൽ നിന്നുള്ള വരുമാനവും സംബന്ധിച്ച പ്രമേയത്തിൽ, സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങൾക്ക് അനുസൃതമായി ഫലസ്തീൻ അഭയാർത്ഥികൾക്ക് അവരുടെ സ്വത്തിനും അതിൽ നിന്നുള്ള വരുമാനത്തിനും അർഹതയുണ്ടെന്ന് വ്യക്തമാക്കി. അന്തിമ സമാധാന ചർച്ചകളുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഫലസ്തീൻ അഭയാർഥികളുടെ സ്വത്തുക്കളും വരുമാനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം കൈകാര്യം ചെയ്യാൻ ഫലസ്തീൻ, ഇസ്റാഈൽ പക്ഷങ്ങളോട് പ്രമേയം ആവശ്യപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ 155 രാജ്യങ്ങൾ ഈ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒമ്പത് രാജ്യങ്ങൾ എതിർക്കുകയും സമാനമായ എണ്ണം രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു.
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും അധിനിവേശ സിറിയൻ ഗോലാനിലെയും ഇസ്റാഈൽ കുടിയേറ്റങ്ങൾ സംബന്ധിച്ച പ്രമേയവും യു എൻ ജനറൽ അസംബ്ലി പാസാക്കി. ഈ പ്രദേശങ്ങളിലെ ഇസ്റാഈൽ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്നും സമാധാനത്തിനും സാമ്പത്തിക സാമൂഹിക വികസനത്തിനും തടസ്സമാണെന്നും പ്രമേയം ആവർത്തിച്ചു. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും അധിനിവേശ സിറിയൻ ഗോലാനിലെയും എല്ലാ ഇസ്റാഈൽ കുടിയേറ്റ പ്രവർത്തനങ്ങളും ഉടനടിയും പൂർണ്ണമായും നിർത്തിവെക്കണമെന്ന ആവശ്യം പ്രമേയം ആവർത്തിക്കുകയും, ഇതുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും പൂർണ്ണമായി നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 143 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇസ്റാഈലും അമേരിക്കയും ഉൾപ്പെടെ 11 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തപ്പോൾ 17 രാജ്യങ്ങൾ വിട്ടുനിന്നു.
അതേസമയം, ഫലസ്തീന് ഇന്ത്യയുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം അബു ഷാവേഷ് ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ ഫലസ്തീൻ ജനതയുടെ ഏക നിയമാനുസൃത പ്രതിനിധിയായി അംഗീകരിക്കുകയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്ത ആദ്യത്തെ മുസ്ലിം ഇതര, അറബ് ഇതര രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂതകാലത്തിലും വർത്തമാനകാലത്തും ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ഭാവിയിലും അത് തുടരുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാരത്തെയും ഐക്യരാഷ്ട്രസഭയിൽ ഫലസ്തീനെയും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Content Highlights:
India voted in favour of four United Nations General Assembly resolutions supporting Palestinian self-determination, UNRWA operations, and refugee property rights while opposing illegal Israeli settlements. Palestinian Ambassador Abdullah M Abu Shawesh praised India’s historic backing for the two-state solution.



