Connect with us

india- uae

ഇന്ത്യയും യു എ ഇ യും തന്ത്രപരമായ പങ്കാളിത്തവും സഹകരണവും ശക്തമാക്കും

ഇന്ത്യന്‍ മഹാസമുദ്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബുദബിയിലെത്തിയ മന്ത്രി ജയശങ്കറിനെ ഖസര്‍ അല്‍ ഷാതിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

Published

|

Last Updated

അബൂദബി | ഇന്ത്യയും യു എ ഇ യും തമ്മില്‍ തന്ത്രപരമായ പങ്കാളിതത്തിന് പുറമെ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണവും ശക്തമാക്കുമെന്ന് ഇന്ത്യന്‍ വിദേശകര്യ മന്ത്രി എസ് ജയശങ്കറും അബൂദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദും അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബുദബിയിലെത്തിയ മന്ത്രി ജയശങ്കറിനെ ഖസര്‍ അല്‍ ഷാതിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു. യു എ ഇ യുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനങ്ങളും, യു എ ഇയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിക്കും സമൃദ്ധിക്കുമുള്ള ആശംസകളും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ പുരോഗമിക്കുന്നതിനും വികസിക്കുന്നതിനുമുള്ള ആശംസകളും ഡോ. ജയ്ശങ്കര്‍ മുഹമ്മദ് ബിന്‍ സായിദിനെ അറിയിച്ചു.

ശൈഖ് മുഹമ്മദ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തന്റെ ആശംസകള്‍ അറിയിക്കുകയും സൗഹൃദപരമായ ഇന്ത്യന്‍ ജനതക്ക് കൂടുതല്‍ വികസനത്തിനും വളര്‍ച്ചക്കും ആശംസകള്‍ നേരുകയും ചെയ്തു. യു എ ഇയുടെ ദേശീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നതിന് പ്രധാനമന്ത്രി മോദിയോട് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.

ശൈഖ് മുഹമ്മദും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ദൃഢമാക്കുന്ന സഹകരണവും സംയുക്ത പ്രവര്‍ത്തനവും ചര്‍ച്ച ചെയ്തു. വിവിധ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും പൊതുവായ താല്‍പ്പര്യമുള്ള സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകള്‍ കൈമാറി. യു എ ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് ഹമ്മദ് അല്‍ ഷംസി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest