gst
പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തല്‍; നിര്‍ണായക യോഗം ഇന്ന്
പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു

ന്യൂഡല്‍ഹി | ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്‌നൗവില്‍ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം യോഗത്തില്‍ അവതരിപ്പിച്ചാല്‍ കേരളം എതിര്‍പ്പ് അറിയിക്കും. തമിഴ്‌നാട്, ബംഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ ഇതേ നിലപാടിനൊപ്പം നിര്‍ത്താന്‍ കേരളം ശ്രമിക്കുമെന്നാണ് അറിയുന്നത്.
പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കേന്ദ്ര നീക്കം ജി എസ് ടി കൗണ്‍സിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പന്‍ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിര്‍പ്പ് അറിയിച്ചത്.
എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര നീക്കം . കേന്ദ്രത്തോട് ആലോചിക്കാതെ പല സംസ്ഥാനങ്ങളും വലിയ രീതിയിലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ഇന്ധന വിലവര്‍ധനക്ക് ഇത് കാരണമായെന്നും ഇന്ധന വില കുറക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ ഏവിയേഷന്‍ ഫ്യുവലായിരിക്കും ഈ പരിധിയില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്.