Connect with us

Articles

യു പിയില്‍ ചുവരെഴുത്ത് സംഘ്പരിവാരത്തിനെതിരാണ്‌

പിന്നാക്ക വിഭാഗക്കാരായ, ജനബന്ധമുള്ള നേതാക്കള്‍ ബി ജെ പി പാളയം വിടാന്‍ തീരുമാനിക്കുന്നുവെങ്കില്‍ ചുവരെഴുത്ത് സംഘ്പരിവാരത്തിനെതിരാണെന്നത് വ്യക്തം. അയോധ്യയും കാശി ഇടനാഴിയുമല്ല, പിന്നാക്ക - ദളിത് വിഭാഗങ്ങളുടെ ശാക്തീകരണമെന്ന മണ്ഡല്‍ രാഷ്ട്രീയം ഒരിക്കല്‍ കൂടി ഉത്തര്‍ പ്രദേശിന്റെ രാഷ്ട്രീയത്തെ മാറ്റിയെഴുതിയേക്കും. അതുവഴി ഒരുപക്ഷേ, ഇന്ത്യന്‍ യൂനിയന്റെയും. കൊവിഡ് വാക്‌സീന്‍, കൊവിഡ് മരണത്തിന് നഷ്ടപരിഹാരം, പെഗാസസ് അന്വേഷണം, ലഖിംപൂര്‍ ഖേരി കേസ് എന്നിങ്ങനെ കോടതി മുറിയില്‍ ബി ജെ പിയും അതുവഴി സംഘ്പരിവാരവും ഏറ്റ തോല്‍വികള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടി തുടര്‍ച്ചയുണ്ടാകുകയാണെന്ന് കരുതണം.

Published

|

Last Updated

‘‘ദളിതുകളെയും പിന്നാക്ക വിഭാഗക്കാരെയും കര്‍ഷകരെയും തൊഴിലില്ലാത്ത ചെറുപ്പക്കാരെയും അടിച്ചമര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ചെറുകിട – ഇടത്തരം വ്യവസായങ്ങളെയും തകര്‍ക്കുന്നു. ഈ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നു” – ഉത്തര്‍ പ്രദേശില്‍ ബി ജെ പിയില്‍ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള മൂന്ന് മന്ത്രിമാരുടെ രാജിക്കത്തിലെയും പൊതുവാക്യമാണിത്. ദളിത് – പിന്നാക്ക വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടിയില്‍ നേരത്തേ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും എല്ലാവരും ചൂണ്ടിക്കാട്ടുന്നു. മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ അഞ്ച് എം എല്‍ എമാരും ബി ജെ പിയില്‍ നിന്ന് രാജി നല്‍കിയിട്ടുണ്ട്. മന്ത്രിസ്ഥാനം ഉപേക്ഷിച്ച സ്വാമി പ്രസാദ് മൗര്യയും ദാരാ സിംഗ് ചൗഹാനും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. സ്വാമി പ്രസാദ് മൗര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മറ്റ് നാല് എം എല്‍ എമാരുടെ രാജി. മൂന്ന് മന്ത്രിമാരും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് എന്നതും സ്വാമി പ്രസാദ് മൗര്യയും ദാരാ സിംഗ് ചൗഹാനും കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ സ്വാധീനമുള്ള നേതാക്കളാണ് എന്നതും പ്രത്യേകതയാണ്.
2013ല്‍ “ലവ് ജിഹാദെ’ന്ന വ്യാജം പ്രചരിപ്പിച്ച് മുസഫര്‍ നഗറില്‍ ആസൂത്രിതമായുണ്ടാക്കിയ വര്‍ഗീയ കലാപത്തിലൂടെ ജാട്ട് – മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പി സ്വാധീനമുറപ്പിച്ചത്. പിന്നാക്ക വിഭാഗമായ യാദവാണ് എസ് പിയുടെ വോട്ട് ബേങ്ക്. ദളിത് വിഭാഗമായ ജാതവിലാണ് ബി എസ് പിക്ക് മുഖ്യമായും സ്വാധീനമുള്ളത്. യാദവിതര പിന്നാക്ക വിഭാഗങ്ങളെയും ജാതവ് ഇതര ദളിതുകളെയും ഹിന്ദുത്വ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരിക എന്ന തന്ത്രം പയറ്റി കിഴക്കന്‍ ഉത്തര്‍ പ്രദേശിലും ബി ജെ പി നേട്ടമുണ്ടാക്കി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ വിജയക്കുതിപ്പ് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ പൊതു തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയും ചെയ്തു. അതില്‍ നിന്നൊരു മാറ്റത്തിന് ഉത്തര്‍ പ്രദേശ് മണ്ണ് തുടക്കമിടുകയാണെന്ന് വേണം ഇപ്പോഴത്തെ ചേരിമാറ്റങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍.

ഇപ്പോള്‍ രാജിവെച്ച നേതാക്കളില്‍ ഭൂരിഭാഗവും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി എസ് പിയില്‍ നിന്ന് ബി ജെ പിയിലേക്ക് എത്തിയവരാണ്. 2017 മുതല്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു മൂന്ന് പേരും. ഏതാണ്ട് അഞ്ചാണ്ട് മന്ത്രിയായിരുന്നവര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവെച്ചിറങ്ങുമ്പോള്‍ അവസരവാദമെന്ന ആരോപണം നിശ്ചയമായും ഉയരും. പക്ഷേ, എന്താണ് അവസരമെന്ന സുപ്രധാന ചോദ്യത്തിലേക്ക് കൂടിയാണ് ഈ ആരോപണം വഴിതുറക്കുക. കേന്ദ്രാധികാരം 2019ല്‍ നിലനിര്‍ത്തിയ, 2024ല്‍ അധികാരത്തുടര്‍ച്ചയുണ്ടാക്കുമെന്ന് വമ്പ് പറയുന്ന, ഉത്തര്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന, അതിന് ന്യായം ചമയ്ക്കും വിധത്തില്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ദേശീയമെന്ന് അവകാശപ്പെടുന്ന ചാനലുകളില്‍ നിരന്തരം ഫ്‌ളാഷ് ചെയ്യുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു മാസം ശേഷിക്കെ ജനബന്ധമുള്ള നേതാക്കള്‍ ഇറങ്ങി നടക്കുന്നുവെങ്കില്‍ അവസരം ആര്‍ക്കൊപ്പമാണെന്ന് അത് തന്നെ പറഞ്ഞു തരുന്നുണ്ട്. മറ്റൊന്ന് പ്രതിപക്ഷത്തെ ഭിന്നിപ്പില്‍ നിന്ന് മുതലെടുക്കാമെന്ന സംഘ്പരിവാര്‍ പ്രതീക്ഷക്ക് ഏല്‍ക്കുന്ന മങ്ങലാണ്. കോണ്‍ഗ്രസ്സും ബി എസ് പിയും എസ് പിയും മത്സരിക്കുമ്പോള്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശ് വോട്ടര്‍മാരില്‍ 20 ശതമാനം വരുന്ന മുസ്‌ലിംകളുടെ. ആരാകും ബി ജെ പിക്ക് ബദലാകുക എന്ന ആശയക്കുഴപ്പം അവരിലുണ്ടാകാന്‍ സാധ്യത ഏറെ, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനെ നേരിട്ട് നയിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുമ്പോള്‍. ആ സംശയങ്ങള്‍ക്കൊക്കെ വിരാമമിടുന്നു, സ്വാമി പ്രസാദ് മൗര്യയും രാജിവെച്ച ഇതര നേതാക്കളും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയശക്തി, സമാജ് വാദി പാര്‍ട്ടിയാണെന്ന് അടിവരയിടുകയാണ് അവര്‍.
പല കാരണങ്ങളാല്‍ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട് യോഗി ആദിത്യനാഥും ബി ജെ പിയും. അതിനെ മറികടക്കാന്‍ അവര്‍ക്കുള്ള ഏക ആയുധം എല്ലായിടത്തുമെന്നതുപോലെ ഇവിടെയും വര്‍ഗീയതയാണ്. അതിനെ ഉത്തേജിപ്പിച്ചു നിര്‍ത്താന്‍ മാസങ്ങളായി ശ്രമിക്കുന്നുണ്ട് യോഗി ആദിത്യനാഥ്. ന്യൂനപക്ഷങ്ങളെ വെടിവെച്ചിടാനായി തോക്കുകള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ധര്‍മ സന്‍സദിലെ സന്യാസിമാരും വര്‍ഗീയതയെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. 20 ശതമാനം പേര്‍ പിന്തുണക്കുന്ന പാര്‍ട്ടിയും 80 ശതമാനം പേരുടെ പിന്തുണയുള്ള ബി ജെ പിയും തമ്മിലാണ് ഉത്തര്‍ പ്രദേശിലെ മത്സരമെന്നാണ് കഴിഞ്ഞ ദിവസം യോഗി പറഞ്ഞത്. സമാജ് വാദിയെ മുസ്‌ലിംകളുടെ പാര്‍ട്ടിയായി ചിത്രീകരിച്ച്, വിവിധ ജാതി വിഭാഗങ്ങളെ ഹിന്ദു എന്ന ഒറ്റ നിര്‍വചനത്തിന്‍ കീഴില്‍ ഏകീകരിക്കാനുള്ള ശ്രമം. അതിന് കൂടിയാണ് ഈ നേതാക്കള്‍ തിരിച്ചടി നല്‍കുന്നത്. യോഗിയുടെ താക്കൂര്‍ രാജിനെയോ സവര്‍ണ മേല്‍ക്കോയ്മയെന്ന ആര്‍ എസ് എസ് സ്വപ്‌നത്തെയോ ബി ജെ പിയുടെ ഭാഗമായി നിന്നപ്പോള്‍ പോലും തങ്ങള്‍ താലോലിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇവര്‍. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിംഗ് സര്‍ക്കാറിന്റെ തീരുമാനത്തിന്റെ പിന്തുടര്‍ച്ചയില്‍ പിന്നാക്ക വിഭാഗങ്ങള്‍ അധികാരത്തിന്റെ വിവിധ ശ്രേണികളില്‍ നേടിയെടുത്ത സ്വാധീനത്തിന്റെ തിരിച്ചെടുപ്പും അതിലേക്ക് ദളിതുകളെക്കൂടി ഒപ്പം ചേര്‍ക്കാനുള്ള ശ്രമവുമായി വേണം ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളെ കാണാന്‍. പല കാരണങ്ങളാല്‍ അധികാര മത്സരത്തിന്റെ മുഖ്യപാതയില്‍ നിന്ന് മായാവതിയും ബി എസ് പിയും അപ്രത്യക്ഷമാകുമ്പോള്‍, ദളിത് വിഭാഗങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതക്ക് തടയിടാന്‍ കൂടി ബി ജെ പിയെ അമ്പരിപ്പിച്ച് ഈ നേതാക്കള്‍ നടത്തുന്ന നീക്കം സഹായിച്ചേക്കാം.

തീവ്ര ഹിന്ദുത്വം അതിന്റെ എല്ലാ അക്രമോത്സുകതയോടെയും ഭരിക്കുന്നുവെന്നത് മാത്രമല്ല, സകലതും നിരീക്ഷിക്കപ്പെടുന്ന ഒരു സർവയലന്‍സ് സ്റ്റേറ്റ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ യൂനിയന്‍. ഇസ്‌റാഈല്‍ കമ്പനിയുടെ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ മുതല്‍ താഴേക്ക് പലതും അതിനായി ഉപയോഗിക്കപ്പെടുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍ ഐ എ, ആദായനികുതി വകുപ്പ് തുടങ്ങിയവയൊക്കെ നിരീക്ഷണത്തിനും ഭീഷണിപ്പെടുത്തലിനും കീഴ്‌പ്പെടുത്തലിനുമുള്ള ഉപാധികളാണ്. ഇതിന് പുറമെ യോഗി ആദിത്യനാഥ് ഭരണകൂടം ഉത്തര്‍ പ്രദേശില്‍ സ്വതന്ത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരീക്ഷണം വേറെ. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ മാത്രമല്ല, സ്വന്തം ചേരിയില്‍ നില്‍ക്കുന്നവരെക്കൂടി കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ആ ചാരക്കണ്ണുകളെ മുഴുവന്‍ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട്, യോഗി ആദിത്യനാഥിനോ ബി ജെ പിയുടെ ചാണക്യനായി അറിയപ്പെടുന്ന അമിത് ഷാക്കോ അവസാന നിമിഷം വരെ ഒരു സൂചന പോലും നല്‍കാതെ ഇവര്‍ ചേരിമാറുമ്പോള്‍ തെളിയുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂക്ഷ്മത കൂടിയാണ്.

കോണ്‍ഗ്രസ്സ് മുക്ത ഭാരതവും പിന്നീട് പ്രതിപക്ഷ മുക്ത ഭാരതവും ലക്ഷ്യമിട്ട് പല സംസ്ഥാനങ്ങളിലും ബി ജെ പി നടത്തിക്കൊണ്ടിരുന്ന, ഭീഷണിയും പ്രലോഭനവും ഉപയോഗിച്ചുള്ള, ചേരിമാറ്റങ്ങള്‍ക്ക് ഉത്തര്‍ പ്രദേശില്‍ നിന്ന് തിരിച്ചടിയേല്‍ക്കുമ്പോള്‍ അതിലൊരു കാവ്യനീതിയുമുണ്ട്. പശ്ചിമ ബംഗാളില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ ആ പാര്‍ട്ടിയുടെ നേതാക്കളെ വിവിധ കേസുകള്‍ മുന്‍നിര്‍ത്തിയും മറ്റും കൂറുമാറ്റിയിട്ടും വിജയിക്കാനായിരുന്നില്ല ബി ജെ പിക്ക്. വലിയ പരാജയത്തോടെ തൃണമൂല്‍ വിട്ടുവന്നവരില്‍ പലരും തിരികെ പോകുകയും ചെയ്തു. അതുപോലെയല്ല ഉത്തര്‍ പ്രദേശിലെ ചേരിമാറ്റം. ഭീഷണിപ്പെടുത്താനോ വാഗ്ദാനങ്ങള്‍ നിരത്താനോ പറ്റിയ അവസ്ഥയിലല്ല അഖിലേഷോ ഇതര പ്രതിപക്ഷ പാര്‍ട്ടികളോ. എന്നിട്ടും നേതാക്കള്‍, പ്രത്യേകിച്ച് പിന്നാക്ക വിഭാഗക്കാരായ, ജനബന്ധമുള്ള നേതാക്കള്‍ ബി ജെ പി പാളയം വിടാന്‍ തീരുമാനിക്കുന്നുവെങ്കില്‍ ചുവരെഴുത്ത് സംഘ്പരിവാരത്തിനെതിരാണെന്നത് വ്യക്തം. അയോധ്യയും കാശി ഇടനാഴിയുമല്ല, പിന്നാക്ക – ദളിത് വിഭാഗങ്ങളുടെ ശാക്തീകരണമെന്ന മണ്ഡല്‍ രാഷ്ട്രീയം ഒരിക്കല്‍ കൂടി ഉത്തര്‍ പ്രദേശിന്റെ രാഷ്ട്രീയത്തെ മാറ്റിയെഴുതിയേക്കും. അതുവഴി ഒരുപക്ഷേ, ഇന്ത്യന്‍ യൂനിയന്റെയും. കൊവിഡ് വാക്‌സീന്‍, കൊവിഡ് മരണത്തിന് നഷ്ടപരിഹാരം, പെഗാസസ് അന്വേഷണം, ലഖിംപൂര്‍ ഖേരി കേസ് എന്നിങ്ങനെ കോടതി മുറിയില്‍ നരേന്ദ്ര മോദി സര്‍ക്കാറും ബി ജെ പിയും അതുവഴി സംഘ്പരിവാരവും ഏറ്റ തോല്‍വികള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടി തുടര്‍ച്ചയുണ്ടാകുകയാണെന്ന് കരുതണം.

2014 മുതല്‍ ഒപ്പം നിന്ന ജാട്ടുകള്‍ ഇപ്പോള്‍ ബി ജെ പിക്ക് എതിരാണ്. ഒരു വര്‍ഷം നീണ്ട സമരത്തിന് ശേഷം കര്‍ഷകരും. പടിഞ്ഞാറന്‍ യു പിയില്‍ എസ് പി – ആര്‍ എല്‍ ഡി സഖ്യത്തിന് ഇത് ഗുണം ചെയ്‌തേക്കും. കിഴക്കന്‍ യു പിയില്‍ വേരുള്ള, വോട്ടര്‍മാരില്‍ ഒമ്പത് ശതമാനം വരുന്ന കുശ്‌വാഹ സമുദായത്തില്‍ സ്വാധീനമുള്ള നേതാക്കള്‍ വരുമ്പോള്‍ അവിടെയും ബി ജെ പിക്ക് ക്ഷയമുണ്ടാകും. വരും ദിവസങ്ങളില്‍ സംഘ്പരിവാരം കളിക്കാനിടയുള്ള വര്‍ഗീയ കാര്‍ഡുകള്‍ വലിയ മാറ്റമുണ്ടാക്കിയില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടും.