Connect with us

International

പാക്കിസ്ഥാനിൽ വോട്ടെണ്ണൽ പൂർത്തിയായി; ആർക്കും ഭൂരിപക്ഷമില്ല; പി എം എൽ എൻ ഏറ്റവും വലിയ ഒറ്റകക്ഷി; മുന്നേറ്റം ഇമ്രാൻ ഖാന്

നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) 75 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി

Published

|

Last Updated

ന്യൂഡൽഹി | സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാടുപെടുന്ന പാകിസ്ഥാന് മറ്റൊരു പ്രഹരമായി തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 133 സീറ്റുകൾ നേടാനായില്ല. ഇതോടെ പാക്കിസ്ഥാനിൽ തൂക്കുസഭ നിലവിൽ വരുമെന്ന് ഉറപ്പായി.

ആകെ തിരഞ്ഞെടുപ്പ് നടന്ന 264 സീറ്റുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ പാർട്ടിയായ തഹ്‍രീകെ ഇൻസാഫിനെ പിന്തുണക്കുന്ന സ്വതന്ത്രർ 101 സീറ്റുകൾ നേടി. നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) 75 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 54 സീറ്റുകളും നേടി. തിരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നത്തിൽ മത്സരിക്കുന്നതിന് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഖാന്റെ സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിച്ചത്.

ഇമ്രാൻ ഖാനും നവാസ് ശരീഫും വിജയം അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ഇമ്രാൻ ഖാന് ആണ് കൂടുതൽ സീറ്റുകളടെ പിന്തുണയെങ്കിലും നവാസ് ശരീഫ് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കുമന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇമ്രാൻ ഖാനെ അകറ്റി നിർത്താനുള്ള ശ്രമത്തിൽ, നവാസ് ഷെരീഫും ബിലാവൽ ഭൂട്ടോയും കൈകോർക്കാനുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പക്ഷേ, ഇവർ രണ്ടു പേരും കൂട്ടുകൂടിയാലും ഭൂരിപക്ഷത്തിന് 6 സീറ്റിന്റെ കുറവ് വരും. അവിടെയാണ് കുതിരക്കച്ചവടത്തിന് സാധ്യത നിലനിൽക്കുന്നത്.

രാജ്യത്തെ 241 ദശലക്ഷം ജനങ്ങൾക്കിടയിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്ഥായിയായ ജനപ്രീതിയാണ് സ്വതന്ത്രരുടെ ശക്തമായ പ്രകടനം വിരൽ ചൂണ്ടുന്നത്. പിടിഐയുടെ പിന്തുണയുള്ള നിരവധി സ്വതന്ത്രർ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്റർനെറ്റ് പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം വൈകാൻ കാരണമെന്ന് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് പിടിഐ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.