Connect with us

Ongoing News

ഐ സി സിക്ക് പിഴച്ചു; ക്രിക്കറ്റ് റാങ്കിംഗിൽ ആറ് മണിക്കൂർ ഇന്ത്യയുടെ രാജവാഴ്ച

നിലവിൽ ടി20യിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്തും ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ.

Published

|

Last Updated

ന്യൂഡൽഹി | ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) റാങ്കിംഗിൽ ഏതാനും മണിക്കൂറുകൾ ഇന്ത്യയുടെ രാജവാഴ്ച. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് ഒന്നാം സ്ഥാനം നൽകിയുള്ള റാങ്കിംഗ് പുറത്തുവിട്ട ഐ സി സി മണിക്കൂറുകൾക്കകം തിരുത്തി. ബുധനാഴ്ച ഐസിസി വെബ്‌സൈറ്റിൽ ടെസ്റ്റിൽ ഇന്ത്യയെ ഒന്നാം റാങ്കിൽ പ്രതിഷ്ടിച്ചതോടെയാണ് ടി20യിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ക്രിക്കറ്റിൽ രാജാക്കന്മാരായത്. എന്നാൽ ആറ് മണിക്കൂറുകൾക്ക് ശേഷം ഐസിസി പട്ടിക തിരുത്തി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ആസ്ത്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമായി. ഈ പിഴവ് എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നതിനെക്കുറിച്ച് ഐസിസി വിശദീകരണം നൽകിയിട്ടില്ല.

നിലവിൽ ടി20യിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്തും ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. ഓസ്‌ട്രേലിയക്ക് 126 പോയിന്റും ടീം ഇന്ത്യക്ക് 115 പോയിന്റുമാണ് റാങ്കിങ്ങിലുള്ളത്.

കഴിഞ്ഞ ജനുവരി 18 നും ഐസിസി റാങ്കിംഗിൽ സമാനമായ പിഴവ് സംഭവിച്ചിരുന്നു. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉച്ചയ്ക്ക് 1:30 ഓടെ ഇന്ത്യയെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി പ്രഖ്യാപിച്ചെങ്കിലും രണ്ടര മണിക്കൂറിന് ശേഷം 4 മണിക്ക് ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. അന്നും വീഴ്ച സംബന്ധിച്ച് ഐ സി സി ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നില്ല.

ഫെബ്രുവരി 17 മുതൽ ഡൽഹിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം നടക്കും. ഈ മത്സരം ജയിച്ചാൽ ഇന്ത്യ ടെസ്റ്റിൽ ഒന്നാം നമ്പർ ആകും. അപ്പോൾ ഇന്ത്യക്ക് 121 പോയിന്റും ഓസ്‌ട്രേലിയക്ക് 120 പോയിന്റുമാകും ഉണ്ടാകുക. ഏകദിനത്തിലും ടി-20യിലും ഇന്ത്യ ഒന്നാം സ്ഥാനത്തായതിനാൽ ടെസ്റ്റിൽ കൂടി ഒന്നാം സ്ഥാനത്തെത്തിയാലുടൻ മൂന്ന് ഫോർമാറ്റിലും ഒന്നാം നമ്പർ എന്ന നേട്ടം ടീം കൈവരിക്കും.

ഏകദിന റാങ്കിങ്ങിൽ ഓസ്‌ട്രേലിയയേക്കാൾ 2 പോയിന്റിന് മുന്നിലാണ് ഇന്ത്യ. ഇന്ത്യക്ക് 114 പോയിന്റും ഓസ്‌ട്രേലിയക്ക് 112 പോയിന്റുമാണുള്ളത്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് ശേഷം മാർച്ച് 17 മുതൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 3 മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും.

ഐസിസി ഓരോ പരമ്പരയ്ക്കു ശേഷവും ടീമുകളുടെ റാങ്കിംഗ് പുതുക്കുന്നു. വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി 14ന് അവസാനിച്ചു. അതിനുശേഷം ഫെബ്രുവരി 15 ന് ടെസ്റ്റ് ടീം റാങ്കിംഗ് പുതുക്കി. ഐസിസി റാങ്കിംഗിന്റെ വാർഷിക അപ്‌ഡേറ്റ് എല്ലാ വർഷവും ഒക്ടോബർ 1 നാണ് പുറത്തുവരുന്നത്.

 

 

Latest