Connect with us

Lokavishesham

കെണിയെന്നറിയാം; എങ്കിലും...

ഒരര്‍ഥത്തില്‍, ഗസ്സയുടെ ഭരണമേറ്റെടുക്കുമെന്ന് നെതന്യാഹു നേരത്തേ പ്രഖ്യാപിച്ചത് തന്നെയല്ലേ പുലരുന്നത്? ഇവിടെ ആരാണ് ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്? ട്രംപും ബ്ലെയറും. ആരാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. അവര്‍ തന്നെ. ഇതില്‍ ഗസ്സക്കാര്‍ക്ക് എന്താണ് പങ്ക്? ഫലസ്തീന്‍ അതോറിറ്റിക്ക് അര്‍ഥവത്തായ വല്ല പങ്കുമുണ്ടോ? ഫതഹ് അടക്കമുള്ള ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുമില്ല റോള്‍. അമേരിക്ക ട്രംപ് ഭരിക്കും; ഗസ്സയും. എന്നുവെച്ചാല്‍ നെതന്യാഹു തന്നെ ഭരിക്കും.

Published

|

Last Updated

ലിയ ആത്മവിശ്വാസത്തോടെയും ശുഭാപ്തിയോടെയും സംസാരിക്കണമെന്നൊക്കെയുണ്ട്. പറയുന്നത് ഗസ്സയെക്കുറിച്ചായതിനാല്‍, ഇസ്‌റാഈലിനെയും അമേരിക്കയെയും മുന്‍നിര്‍ത്തിയായതിനാല്‍ പക്ഷേ, എല്ലാ സദ്ഭാവനകളും അസ്തമിക്കുകയും സമ്പൂര്‍ണ നിരാശ പടരുകയും ചെയ്യുന്നു. എത്രയെത്ര വെടിനിര്‍ത്തല്‍ കരാറുകള്‍, എത്രയെത്ര യു എന്‍ പ്രമേയങ്ങള്‍, ചട്ടങ്ങള്‍…. സയണിസ്റ്റ് രാഷ്ട്രത്തെ വംശഹത്യാ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ? പിറവിക്ക് മുമ്പേ തുടങ്ങിയ അതിര്‍ത്തി വ്യാപന വ്യാമോഹങ്ങള്‍ അത് ഉപേക്ഷിച്ചിട്ടുണ്ടോ? ഫലസ്തീന്‍ മണ്ണിലേക്ക് അക്രമാസക്ത കുടിയേറ്റം നടത്തി അറബ് മേഖലയിലാകെ മരണവും സംഘര്‍ഷവും വിതറിയത് മുതല്‍ എപ്പോഴെങ്കിലും സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിന് ജൂത രാഷ്ട്രം തയ്യാറായിട്ടുണ്ടോ? അതുകൊണ്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്നു വരുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളിലും അമിത പ്രതീക്ഷ പുലര്‍ത്തുന്നത് ചരിത്രപരമാകില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് സാധ്യമായ വഞ്ചനാ രേഖ മാത്രമാണ് ഇരുപതിന ട്രംപ് പ്ലാന്‍.

തത്കാലത്തേക്ക് ഗസ്സയില്‍ വെടിയൊച്ച നിലക്കും. ബന്ദികളെ കൈമാറും. ഫലസ്തീന്‍ തടവുകാര്‍ നാട്ടില്‍ തിരിച്ചെത്തും. ഗസ്സാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അതിലപ്പുറം വല്ലതും നടക്കണമെങ്കില്‍, അഥവാ വെടിനിര്‍ത്തല്‍ ധാരണ ഇസ്‌റാഈല്‍ ലംഘിക്കാതിരിക്കണമെങ്കില്‍ ലോകക്രമത്തില്‍ അട്ടിമറി സംഭവിക്കുകയും യു എസ് കേന്ദ്രീകൃത ഭൗമരാഷ്ട്രീയ ഘടന തകര്‍ന്നടിയുകയും വേണം. ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ കൈയില്‍ നിന്ന് ആഗോള രാഷ്ട്രീയം മനുഷ്യത്വമുള്ളവരിലേക്ക് വരണം. യു എന്‍ ഉടച്ചുവാര്‍ക്കണം. ഗസ്സയില്‍ ഹമാസ് നിര്‍ണായക ശക്തിയായ ശേഷം കൂട്ടക്കുരുതികള്‍ ആവര്‍ത്തന സ്വഭാവമുള്ളതായിരുന്നു. ഹമാസ് ചില ആക്രമണങ്ങള്‍ സംഘടിപ്പിക്കും. ഒളിയുദ്ധങ്ങളിലേര്‍പ്പെടും. ഇസ്‌റാഈല്‍ അത് അവസരമായെടുക്കും. സര്‍വ സയണിസ്റ്റ് പക്ഷപാതികളും ഹമാസിനെ കുറ്റപ്പെടുത്തി ഇസ്‌റാഈലിനെ ന്യായീകരിക്കും. ഫലസ്തീന്‍ ജനത ഇക്കാലം വരെ അനുഭവിച്ച അപമാനത്തിന്റെയും ജീവനഷ്ടത്തിന്റെയും ചരിത്രത്തെ മുഴുവന്‍ ഇരുട്ടില്‍ നിര്‍ത്തി ഹമാസിന്റെ പ്രത്യാക്രമണത്തിലേക്ക് മാത്രം വെളിച്ചമടിക്കും.

2010ല്‍ ഓപറേഷന്‍ കാസ്‌ലീഡ്, 2012ല്‍ ഓപറേഷന്‍ പില്ലാര്‍സ് ഓഫ് ഡിഫന്‍സ്, 2014ല്‍ ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്…. കുറേ മനുഷ്യരെ കൊല്ലും. കുറേ മനുഷ്യര്‍ ജീവച്ഛവങ്ങളാകും. വെള്ളവും മരുന്നും കിട്ടാതെ അവരും മരിച്ചു വീഴും. ജീവിച്ചിരിക്കുന്നവര്‍ നിതാന്തമായ ഒറ്റപ്പെടലിലേക്ക് കൂപ്പുകുത്തും. കുറേയെറെ പ്രദേശങ്ങളില്‍ അധിനിവേശം ഉറപ്പിക്കും. പുനര്‍നിര്‍മിക്കാനാകാത്ത വിധം തകര്‍ന്നടിഞ്ഞ വീടുകളും കെട്ടിടങ്ങളും തെരുവുകളും വിറങ്ങലിച്ച് നില്‍ക്കും. ഇസ്‌റാഈലിന് ചോരക്കലി ഒന്നടങ്ങിയെന്ന് വന്നാല്‍ വെടിനിര്‍ത്തല്‍ നയതന്ത്രവുമായി വന്‍ശക്തികള്‍ രംഗപ്രവേശം ചെയ്യും. എല്ലാം അടങ്ങുമ്പോള്‍ യു എന്‍ കണക്കെടുപ്പുകാര്‍ ഗസ്സയില്‍ പ്രവേശിക്കും, മയ്യിത്തുകളുടെ കണക്കെടുക്കാന്‍. എത്ര ക്രൂരമായ ആവര്‍ത്തനമാണിത്.

ട്രംപിന്റെ ഇരുപതിന പദ്ധതി തട്ടിക്കൂട്ട് പരിപാടിയാണെന്നും ഇസ്‌റാഈലിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുള്ളതാണെന്നും മനസ്സിലാകാന്‍ ഒമ്പതാം പോയിന്റ്മാത്രം നോക്കിയാല്‍ മതിയാകും. അതിങ്ങനെയാണ്: ടെക്‌നോക്രാറ്റിക്, രാഷ്ട്രീയേതര ഫലസ്തീന്‍ കമ്മിറ്റിയുടെ താത്കാലിക പരിവര്‍ത്തന ഭരണത്തിന്‍ കീഴിലായിരിക്കും ഗസ്സ ഭരിക്കപ്പെടുക. യോഗ്യരായ ഫലസ്തീനികള്‍, അന്താരാഷ്ട്ര വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്നതാകും ഈ കമ്മിറ്റി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കുന്ന “ബോര്‍ഡ് ഓഫ് പീസ്’ ഈ കമ്മിറ്റിയുടെ മേല്‍നോട്ടം വഹിക്കും. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ ബോര്‍ഡിലുണ്ടാകും. ഗസ്സയുടെ പുനര്‍നിര്‍മാണത്തിനുള്ള സംവിധാനമുണ്ടാക്കുന്നതും ധനസഹായം കൈകാര്യം ചെയ്യുന്നതും ഈ ബോര്‍ഡും നേരത്തേ പറഞ്ഞ കമ്മിറ്റിയുമായിരിക്കും.
കേട്ടാല്‍ എത്ര മനോഹരം അല്ലേ.

ഒരര്‍ഥത്തില്‍, ഗസ്സയുടെ ഭരണമേറ്റെടുക്കുമെന്ന് നെതന്യാഹു നേരത്തേ പ്രഖ്യാപിച്ചത് തന്നെയല്ലേ പുലരുന്നത്? ഗസ്സയുടെ ഭാവിയെക്കുറിച്ച് നെതന്യാഹുവിന്റെ വാര്‍ ക്യാബിനറ്റ് മുന്നോട്ട് വെച്ച മൂന്ന് നിര്‍ദേശങ്ങളിലൊന്ന് അന്താരാഷ്ട്ര സമിതിയെ ഗസ്സയുടെ ഭരണം ഏല്‍പ്പിക്കുകയായിരുന്നുവല്ലോ. ഇവിടെ ആരാണ് ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്? ട്രംപും ബ്ലെയറും. ആരാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. അവര്‍ തന്നെ. ഇതില്‍ ഗസ്സക്കാര്‍ക്ക് എന്താണ് പങ്ക്? പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ കക്ഷി കൂടിയാണല്ലോ ഹമാസ്. അവര്‍ക്ക് ആ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാന്‍ ഒരിടവും നല്‍കുന്നില്ല. അത് പോകട്ടെ. സമവായത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് അര്‍ഥവത്തായ വല്ല പങ്കുമുണ്ടോ? ഫതഹ് അടക്കമുള്ള ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുമില്ല റോള്‍. അമേരിക്ക ട്രംപ് ഭരിക്കും. ഗസ്സയും. എന്നുവെച്ചാല്‍ നെതന്യാഹു തന്നെ ഭരിക്കും. ഈ അന്താരാഷ്ട്ര സംവിധാനത്തെ നിയന്ത്രിക്കാന്‍ യു എന്‍ മുതിര്‍ന്നാല്‍ അമേരിക്ക വീറ്റോ ചെയ്യും.

“ഗസ്സയെ പുനര്‍നിര്‍മിക്കാനും ഊര്‍ജസ്വലമാക്കാ’നും “ട്രംപ് സാമ്പത്തിക വികസന പദ്ധതി’ നടപ്പാക്കുമെന്നതാണ് പത്താം പോയിന്റ്. “മിഡില്‍ ഈസ്റ്റില്‍ ഗംഭീര നാഗരിക വികസനം ആസൂത്രണം ചെയ്ത് പരിചയ സമ്പന്നരായ വിദഗ്ധരെ ഇക്കാര്യമേല്‍പ്പിക്കും. ഉഗ്രന്‍ നിക്ഷേപ നിര്‍ദേശങ്ങളും ആവേശകരമായ വികസന ആശയങ്ങളും അന്താരാഷ്ട്ര ഗ്രൂപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഗസ്സയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നിക്ഷേപം സഹായിക്കും’. ഇപ്പറഞ്ഞത് വായിക്കുമ്പോള്‍ ട്രംപിന്റെയും മരുമകന്‍ ജെയേര്‍ഡ് കുഷ്‌നറുടെയും ഗസ്സാ റിയല്‍ എസ്റ്റേറ്റ് പദ്ധതി ഓര്‍മവരുന്നത് യാദൃച്ഛികമല്ല. അത് തന്നെയാണ് നടക്കാന്‍ പോകുന്നത്. യു എസിന്റെയും ബ്രിട്ടന്റെയും നിയന്ത്രണത്തിലുള്ള സൈന്യം സുരക്ഷാ കാര്യങ്ങള്‍ നോക്കുന്ന ഒരു പ്രദേശത്ത് അവര്‍ നിശ്ചയിക്കുന്ന തരത്തിലുള്ള വികസനമല്ലാതെ എന്ത് നടക്കാനാണ്? ഒഴിഞ്ഞു പോകണമെന്ന് തോന്നുന്ന ഗസ്സക്കാര്‍ക്ക് സുരക്ഷിത വഴിയൊരുക്കുമെന്ന് കൂടി അടുത്ത പോയിന്റുകള്‍ പറഞ്ഞു വെക്കുന്നുണ്ട്.

ട്രംപ് പ്ലാന്‍ പ്രാവര്‍ത്തികമാകുന്നുവെങ്കില്‍ ഗസ്സയുടെ സുരക്ഷാ ചുമതല ആര്‍ക്കായിരിക്കും? 15ാം പോയിന്റ് ഇങ്ങനെ മറുപടി നല്‍കുന്നു: ഗസ്സയില്‍ ഉടനടി വിന്യസിക്കുന്നതിനായി താത്കാലിക ഇന്റര്‍നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് (ഐ എസ് എഫ്) രൂപവത്കരിക്കും. ഇതിനായി അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കും. ഗസ്സയിലെ ഫലസ്തീന്‍ പോലീസിന് ഐ എസ് എഫ് പരിശീലനം നല്‍കും. ജോര്‍ദാനുമായും ഈജിപ്തുമായും കൂടിയാലോചിക്കും. ഈ സേന ദീര്‍ഘകാല ആഭ്യന്തര സുരക്ഷാ പരിഹാരമായിരിക്കും. അതിര്‍ത്തി പ്രദേശങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് ഐ എസ് എഫ് ഇസ്‌റാഈലുമായി സഹകരിക്കും. “ലോകവിശേഷ’ത്തെ പെസിമിസ്റ്റെന്ന് മുദ്ര കുത്തരുത്. ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) മാറി, ഐ എസ് എഫ് വരുന്നുവെന്നേയുള്ളൂ. ചരട് ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും കൈയില്‍ തന്നെയായിരിക്കും. ഹമാസ് പ്രവര്‍ത്തകരെന്ന് മുദ്രകുത്തി ഫലസ്തീനികള്‍ക്ക് മേല്‍ ആയുധപ്രയോഗം തുടരും. യു എന്നിന് ഇക്കാര്യത്തിലും ഒന്നും ചെയ്യാനാകില്ല.

ട്രംപ് പ്ലാന്‍ പറയാതെ പറയുന്ന ചില സംഗതികളുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈല്‍ അധിനിവേശത്തെ സമ്പൂര്‍ണമായി ലെജിറ്റിമേറ്റ് ചെയ്യുന്നു. കിഴക്കന്‍ ജറൂസലമിലടക്കമുള്ള ഇസ്‌റാഈല്‍ നിയന്ത്രണം അധിനിവേശമാണെന്ന് പ്രഖ്യാപിക്കുന്ന യു എന്‍ പ്രമേയങ്ങളെ ചവറ്റുകൊട്ടയിലെറിയുന്നു ഈ പദ്ധതി. ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ച് ഒരു സൂചനയുമില്ല പ്ലാനില്‍. യുദ്ധക്കുറ്റങ്ങളില്‍ വിചാരണ നേരിടുന്നതിലും പരാമര്‍ശമില്ല. ചുരുക്കത്തില്‍ തത്കാലം ആക്രമണം അവസാനിപ്പിച്ച് ഇസ്‌റാഈലിന്റെ മുഖം രക്ഷിക്കാനും ബന്ദികളെ നാട്ടിലെത്തിക്കണമെന്ന ആഭ്യന്തര മുറവിളിയില്‍ തകര്‍ന്നു നില്‍ക്കുന്ന നെതന്യാഹുവിന് ആശ്വാസം പകരാനുമുള്ള നീക്കമാണിത്. ഗസ്സയിലെ മനുഷ്യര്‍ക്ക് താത്കാലികമായെങ്കിലും ഭയരഹിതമായ ദിനങ്ങള്‍ സമ്മാനിക്കുന്നുവെന്നതും അവരുടെ കുഞ്ഞുങ്ങള്‍ക്ക് പട്ടിണി മാറാവുന്ന സ്ഥിതിയുണ്ടാകുന്നുവെന്നതും മാത്രമാണ് ആശ്വാസം.

ഈ പ്ലാന്‍ കാട്ടി നൊബേല്‍ സമ്മാനത്തിന് സ്വയം അര്‍ഹത പ്രഖ്യാപിക്കുകയാണ് ട്രംപ്. സത്യത്തില്‍ ഈ പ്ലാന്‍ ഇസ്‌റാഈലിന്റെ ഗതികേടില്‍ നിന്നുണ്ടായതാണ്. അബ്രഹാം അക്കോര്‍ഡില്‍ സഊദി കൂടി ഒപ്പുവെക്കുന്നതോടെ ഫലസ്തീന്‍ വിഷയത്തെ എന്നെന്നേക്കുമായി കുഴിച്ചു മൂടാനുള്ള ഇസ്‌റാഈല്‍ പദ്ധതി ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തോടെ തന്നെ തകര്‍ന്ന് തരിപ്പണമായിരുന്നു. 70,000 മനുഷ്യരെ വകവരുത്തി ഇസ്‌റാഈല്‍ നടത്തിയ ഭ്രാന്തമായ ആക്രമണം ആ രാജ്യത്തെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്തി. അവരുടെ പതാക ഭീകര സൂചകമായി മാറി. ഇസ്‌റാഈലിന്റെ ഇറാന്‍, ദോഹ ആക്രമണത്തോടെ കാറ്റ് ശരിക്കും മാറിവീശി. അറബ്, മുസ്‌ലിം രാജ്യങ്ങള്‍ പതിവിനു വിപരീതമായി ശക്തമായ ചില പ്രതികരണങ്ങള്‍ നടത്തി.

യു എന്‍ പൊതുസഭയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയില്‍ ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസ്സായി. ഫ്രാന്‍സ്, യു കെ, ആസ്‌ത്രേലിയ, കാനഡ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനിനെ ഔദ്യോഗികമായി അംഗീകരിച്ചു. ഇവരെയെല്ലാം ചേര്‍ത്താല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം 157 ആയി. നെതന്യാഹുവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്ലൊവേനിയ മാറി. യു എന്‍ പൊതുസഭയില്‍ നെതന്യാഹു മാനംകെട്ടു. സ്വന്തം നാട്ടില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നു. ലോകമാകെ ഫലസ്തീനിനായി ഇരമ്പി. തത്കാലം വെടിനിര്‍ത്തിയേ തീരൂവെന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

ഇനി, ഇത്രയും മോശമായ പ്ലാനില്‍ ഭാഗിക സമ്മതം മൂളാനും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാകാനും ഹമാസ് തയ്യാറായതിന് പിന്നിലെന്താണ്? അതും സമാധാന സ്‌നേഹികളുടെ ധാര്‍മിക ശക്തി തന്നെ. ഈ അവസരം ഉപയോഗിച്ച് സ്വന്തം ജനതക്ക് മേലുള്ള കുരുതി അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം അത് പൊറുക്കില്ലെന്ന് ഹമാസ് തിരിച്ചറിയുന്നു. കെണിയെന്നറിഞ്ഞിട്ടും തലവെച്ചുകൊടുക്കാന്‍ അവര്‍ തയ്യാറാകുന്നു.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----