Kerala
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു
ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്.

ഇടുക്കി|സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45ഓടെയാണ് ഏലത്തോട്ടത്തില്‍ വെച്ച് ജോസഫിനുനേരെ കാട്ടാന ആക്രമണമുണ്ടായത്. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്.
ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു ജോസഫ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ജോസഫ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം അല്‍പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.
നേരത്തെ നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം.