National
ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാനുള്ള ശ്രമം; അഭിഭാഷകനെ പോലീസിന് കൈമാറി
രാകേഷ് കിഷോര്‍ (71) എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്.

ന്യൂഡല്‍ഹി|ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക്നേരെ കോടതി മുറിക്കുള്ളില്‍ ഷൂ ഏറിയാനുള്ള ശ്രമം. രാവിലെ കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് അതിക്രമ ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. രാകേഷ് കിഷോര്‍ (71) എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. ഇയാളെ പോലീസിന് കൈമാറി.
തന്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിനുനേരെ മാത്രമാണ്. ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകന്‍ രാകേഷ് കിഷോര്‍ പ്രതികരിച്ചു. കോടതിയില്‍ അറങ്ങേറിയ നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നു. പിന്നീട് കോടതി നടപടികള്‍ തുടര്‍ന്നു. നേരത്തെ ഒരു കേസ് പരിഗണിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണുവിന്റെ വിഗ്രഹം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഒരു കേസ് കോടതിക്ക് മുമ്പില്‍ എത്തിയിരുന്നു. അപ്പോള്‍ നിങ്ങളുടെ ദൈവത്തോട് പറയു എന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.