Uae
കോർപ്പറേറ്റ് നികുതി; 640,000 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലും കുടിശ്ശിക തീർക്കുന്നതിലും ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്.

ദുബൈ| യു എ ഇയിലെ 640,000-ൽ അധികം സ്ഥാപനങ്ങൾ കോർപ്പറേറ്റ് നികുതിക്കായി രജിസ്റ്റർ ചെയ്തതായി ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ് ടി എ) അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലും കുടിശ്ശിക തീർക്കുന്നതിലും ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ നികുതി നിയമങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും കാര്യക്ഷമതയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് എഫ് ടി എ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികളുമായി യോജിക്കുന്നതും ലളിതമായ ഇലക്ട്രോണിക് നടപടികളിലൂടെ ബിസിനസുകളെ പിന്തുണക്കുന്നതുമാണ് ഈ സംവിധാനം. 2024 ഡിസംബർ 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷങ്ങളിലെ ആദ്യ റൗണ്ട് ഫയലിംഗ് സെപ്തംബർ അവസാനത്തോടെയാണ് പൂർത്തിയായത്.
നൂറുകണക്കിന് കോർപ്പറേറ്റ് നികുതി റിട്ടേണുകളും വാർഷിക പ്രഖ്യാപനങ്ങളും ഇതിനകം കൈകാര്യം ചെയ്തു എന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു. കോർപ്പറേറ്റ് നികുതിദായകരെ പിന്തുണക്കുന്നതിനും പാലനം സുഗമമാക്കുന്നതിനും നിരവധി സംരംഭങ്ങൾ ആരംഭിച്ചു. ആദ്യ നികുതി കാലയളവ് അവസാനിച്ചതിന് ശേഷം ഏഴ് മാസത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്താൽ, വൈകി രജിസ്റ്റർ ചെയ്യുന്നതിന് കോർപ്പറേറ്റ് നികുതിദായകർക്കും ചില സ്ഥാപനങ്ങൾക്കും പിഴകളിൽ നിന്ന് ഇളവ് ഇതിൽ ഉൾപ്പെടുന്നു.
---- facebook comment plugin here -----