Connect with us

From the print

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണത്തെക്കുറിച്ച് ഒന്നുമറിയില്ല: ഹകീം ഫൈസി

ഫൈസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു

Published

|

Last Updated

കോഴിക്കോട് | കാസര്‍കോട് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്ന് സി ഐ സി ജനറല്‍ സെക്രട്ടറി ഹകീം ഫൈസി അദൃശ്ശേരി. കണ്ണൂരില്‍ നടന്ന ഒരു പ്രസംഗത്തില്‍ ഇ കെ വിഭാഗം മുശാവറ ഉപാധ്യക്ഷന്‍ കൂടിയായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ “ഇപ്പോള്‍ നാമതൊന്നും പുറത്തെടുക്കുന്നില്ല. വല്ലാതെ കളിച്ചാല്‍ ഇതൊക്കെ പുറത്തുവരും’ എന്ന ഹകീം ഫൈസിയുടെ പ്രസംഗം ഏറെ വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.

ഹകീം ഫൈസിയെ വിശദമായി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളും രംഗത്ത് വന്നിരുന്നു. സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹകീം ഫൈസി നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. ഫൈസി നടത്തിയ പ്രസ്താവന തെളിവായി കണക്കാക്കി വിശദമായി ചോദ്യം ചെയ്ത് സത്യം തെളിയിക്കണമെന്നായിരുന്നു എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്്താജുദ്ദീന്‍ ദാരിമി പടന്ന അടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്.

ഫേസ്ബുക്കിൽ ഹകീം ഫൈസി പോസ്റ്റ് ചെയ്ത വിശദീകരണത്തിലെ ഭാഗങ്ങള്‍:
കണ്ണൂരില്‍ ഞാന്‍ ചെയ്ത പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ: “…സി എം ഉസ്താദ് വാഫി വഫിയ്യ സംവിധാനത്തിന് വലിയ ഇഷ്ടവും തലോടലും തന്നയാളാണ്… സമസ്തയുടെ വൈസ് പ്രസിഡന്റാണ്. എന്നോ പ്രസിഡന്റാകേണ്ടതാണ്. അങ്ങനെ പലതുമുണ്ട്… ഇപ്പോള്‍ നാമതൊന്നും പുറത്തെടുക്കുന്നില്ല. വല്ലാതെ കളിച്ചാല്‍ ഇതൊക്കെ പുറത്തുവരും… അല്ലാഹു ഉസ്താദിന്റെ ഖബര്‍ വെളിച്ചമാക്കിക്കൊടുക്കട്ടെ… ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിനുണ്ടായിട്ടുള്ള ദുരനുഭവം അദ്ദേഹത്തിന്റെ നിലപാടിന്റെ പേരിലും സത്യസന്ധതയുടെ പേരിലും ധീരതയുടെ പേരിലുമായിരിക്കണം (അല്ലാഹു അഅലം)”
എനിക്ക് സി എം ഉസ്താദിന്റെ മരണവുമായി ബന്ധപ്പെട്ട യാതൊന്നുമറിയില്ല; ജീവിതത്തെക്കുറിച്ചും ചിന്തകളെക്കുറിച്ചും ചിലതറിയാം. അത്രമാത്രം. എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗം അവസാനിക്കുന്നത്.
കോ- ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്സ് ജനറല്‍ സെക്രട്ടറിയാണ് ഹകീം ഫൈസി. ഇ കെ വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സി ഐ സിയും ഇ കെ വിഭാഗവും തമ്മില്‍ നിലവില്‍ യോജിപ്പിലല്ല. നേരത്തേ ഇ കെ വിഭാഗത്തിന്റെ നടപടിക്ക് വിധേയനായ ഹകീം ഫൈസിയെ സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സി ഐ സി ജനറല്‍ ബോഡി വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ ഇ കെ വിഭാഗത്തില്‍ കടുത്ത പ്രതിഷേധമുണ്ട്.
കൂടാതെ, ഇ കെ വിഭാഗം മുന്നോട്ടുവെച്ച ഒമ്പതിന മാര്‍ഗനിര്‍ദേശങ്ങള്‍ സി ഐ സി അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് 2010ല്‍ ചെമ്പരിക്ക കടപ്പുറത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സി എം അബ്ദുല്ല മൗലവിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഹകീം ഫൈസിയുടെ വിവാദ പ്രസംഗം.

Latest