Connect with us

International

അഴിമതി അന്വേഷിച്ചെത്തിയ സംഘം ഞെട്ടി; മുൻ മന്ത്രി കാട്ടിലും കെട്ടിടങ്ങളിലുമായി കുഴിച്ചിട്ടത് 19.5 ദശലക്ഷം ഡോളർ

രാത്രികാലങ്ങളിൽ കാട്ടിൽ മണ്ണുമാന്തി പണം പുറത്തെടുക്കുന്നതിന്റെയും നോട്ടുകെട്ടുകൾ പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഏജൻസി പുറത്തുവിട്ടു.

Published

|

Last Updated

ബുഡാപെസ്റ്റ് | ഹംഗറിയിൽ മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഭരണകാലത്തെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കാടുകളിലും കെട്ടിടങ്ങളിലുമായി ഒളിപ്പിച്ച നിലയിൽ 19.5 ദശലക്ഷം ഡോളർ (ഏകദേശം 20 ദശലക്ഷം ഡോളറിനടുത്ത്) കണ്ടെടുത്തു. പൊതുപണം ദുരുപയോഗം ചെയ്തത് അന്വേഷിക്കാൻ രൂപീകരിച്ച ഏജൻസിയായ നാഷണൽ അസറ്റ് റിക്കവറി ആൻഡ് പ്രൊട്ടക്ഷൻ ഓഫീസ് ആണ് വൻതുക പിടിച്ചെടുത്തത്.

നവംബർ 12, 13 തീയതികളിൽ തലസ്ഥാനമായ ബുഡാപെസ്റ്റിലും ഹംഗറിയുടെ മറ്റ് മൂന്ന് ഭാഗങ്ങളിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഫാം കെട്ടിടങ്ങൾ, വെയർഹൗസുകൾ, ഒരു വീട്, വിജനമായ സ്ഥലത്തെ അതീവ സുരക്ഷയുള്ള സേഫ്, കാടുകൾ എന്നിവിടങ്ങളിൽ നിന്നാണ് പണം കണ്ടെടുത്തത്. ഹംഗേറിയൻ ഫോറിന്റുകൾ, യൂറോ, യു എസ് ഡോളർ എന്നിവയാണ് പിടിച്ചെടുത്ത നോട്ടുകെട്ടുകളിലുള്ളത്.

രാത്രികാലങ്ങളിൽ കാട്ടിൽ മണ്ണുമാന്തി പണം പുറത്തെടുക്കുന്നതിന്റെയും നോട്ടുകെട്ടുകൾ പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഏജൻസി പുറത്തുവിട്ടു. പിടിച്ചെടുത്ത പണം പിന്നീട് സംസ്ഥാന ട്രഷറിയിൽ നിക്ഷേപിച്ചു. 12 ട്രഷറി ജീവനക്കാർ എട്ട് മണിക്കൂർ സമയമെടുത്താണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് ധനമന്ത്രി ആൻഡ്രാസ് കർമൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

2014 മുതൽ 2018 വരെ ഹംഗറിയുടെ വികസന മന്ത്രിയായിരുന്ന മിക്ലോസ് സെസ്റ്റാക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധന നടന്നത്. സംസ്ഥാന ഗതാഗത കമ്പനിക്ക് വേണ്ടി അമിതവിലയ്ക്ക് സെക്കൻഡ് ഹാൻഡ് ബസുകൾ വാങ്ങിയതിലും സർക്കാർ നിർമ്മാണ പദ്ധതികളിലും 37.2 ദശലക്ഷം ഡോളറിലധികം കൈക്കൂലിയും കമ്മീഷനും വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരായ ആരോപണം. സെപ്റ്റംബറിൽ കസ്റ്റഡിയിലായ സെസ്റ്റാക്ക് കുറ്റം നിഷേധിച്ചിട്ടുണ്ട്.

Content Highlights
Hungarian investigators seized $19.5m in hidden cash from forests and buildings during a corruption probe into ex-minister Miklos Sesztak, marking a major crackdown under PM Peter Magyar.

Latest