Malappuram
സമസ്ത സെന്റിനറി; നാട് നിറഞ്ഞ് പ്രചാരണങ്ങൾ
മലപ്പുറം ഈസ്റ്റ് ജില്ലയിൽ പ്രചാരണം സജീവമാണ്. ജില്ലയിലെ 12 സോൺ തിരിച്ച് മത്സരാധിഷ്ടിതമായി നടക്കുന്ന ചുമരെഴുത്തുകൾ ഗ്രാമങ്ങളിലും അങ്ങാടികളിലും ടൗണുകളിലും സമ്മേളന സന്ദേശം ദൃശ്യവൽക്കരിക്കുകയാണ്.
മഞ്ചേരി | സമസ്ത സെന്റിനറി സമ്മേളനത്തിന്റെ വൈവിധ്യ പ്രചാരണങ്ങൾ നാട് നിറയുന്നു. പ്രസ്ഥാന കുടുംബത്തിലെ വിവിധ സംഘടന ഘടകങ്ങൾ വഴി ആകർഷകങ്ങളായ പ്രചാരണങ്ങളാണ് തെരുവുകളിൽ നടന്ന് വരുന്നത്. എസ് എസ് എഫിൻ്റെ പ്രത്യേകം തയ്യാറാക്കിയ സർജ് ടീമിൻ്റെ കീഴിൽ സോഷ്യൽ മീഡിയ വഴി നേരത്തെ നടന്ന വെർച്വൽ റാലി പുതുമയാർന്ന അനുഭവമായിരുന്നു. കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടന്ന റാലി വെർച്വൽ ലോകത്ത് പതിനായിരങ്ങൾ അണി നിരന്ന് ചരിത്രമെഴുതി. കഴിഞ്ഞ ദിവസം നടന്ന ഡി പി ചലഞ്ചിനും വലിയ സ്വീകാര്യതയാണുണ്ടായത്.
മലപ്പുറം ഈസ്റ്റ് ജില്ലയിൽ പ്രചാരണം സജീവമാണ്. ജില്ലയിലെ 12 സോൺ തിരിച്ച് മത്സരാധിഷ്ടിതമായി നടക്കുന്ന ചുമരെഴുത്തുകൾ ഗ്രാമങ്ങളിലും അങ്ങാടികളിലും ടൗണുകളിലും സമ്മേളന സന്ദേശം ദൃശ്യവൽക്കരിക്കുകയാണ്. നൂറ് കണക്കിന് പുതിയ എഴുത്തുകാരുടെ പരിശീലന വേദി കൂടിയായി മാറുകയാണീ ചുമരെഴുത്തുകൾ. പൊതു സ്ഥലങ്ങൾക്ക് പുറമെ സ്വകാര്യ സ്ഥലങ്ങളിലും പ്രവർത്തകരുടെ സ്വന്തം മതിലുകളിലും സമ്മേളന പ്രചരണത്തിനായി ഉപയോഗപ്പെടു ത്തുന്നുണ്ട്.
ജില്ല, സോൺ സ്വാഗത സംഘങ്ങളും നേരിട്ട് രംഗത്തിറങ്ങി പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പ്രത്യേകം മെമൻ്റോകൾ തയ്യാറാക്കി ജില്ല നേതാക്കളുടെ നേതൃത്വത്തിൽ നാലു ടീമുകളായി 12 സോണുകളിലെ മുൻകാല പ്രവർത്തകരെയും നേതാക്കളെയും പൗരപ്രമുഖരെയും നേരിൽ ക്ഷണിച്ച് സമ്മേളന സന്ദേശംകൈ മാറിയത് പ്രവർത്തകരിൽ കൂടുതൽ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. ഇതിൻ്റെ തുടർച്ചയായി ജില്ലയിലെ 619 യൂണിറ്റുകളിലേക്ക് സെൻ്റിനറി ടവറുകൾ വിതരണം ചെയ്തിരുന്നു. ഓരോ യൂണിറ്റിലും വലിയ പ്രവർത്തക കൂട്ടായ്മയുടെ അകമ്പടിയോടെ ആവേശോജ്വലമായ രൂപത്തിലാണ് ടവറുകൾ സ്ഥാപിച്ച് ക്കൊണ്ടിരിക്കുന്നത്.

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും സമസ്ത സെൻ്റിനറി ഹോർഡിംഗുകൾ കാണാം. പ്രചരണ വൈവിധ്യത്തിൻ്റെ വിഭവ സമാഹരണത്തിനായി നിലമ്പൂർ സോണിൽ ബിരിയാണി ചലഞ്ചും നടത്തുന്നുണ്ട്. സോണിലെ 55 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ടവറുകൾ ഉയർത്തി. മഹല്ല് സമ്മേളനങ്ങളുടെ ആരവങ്ങളാണ് യൂണിറ്റുകളിൽ നടക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ നേതൃത്വത്തിൽ കാശ് സ്വരൂപിച്ച് സ്വന്തമായി ഫ്ലക്സ് ബോർഡുടകൾ തയ്യാറാക്കുകയും കൂട്ടമായി സ്ഥാപന പരിസരങ്ങളിൽ പ്രകടനമായെത്തി സ്ഥാപിക്കുന്നതും പ്രചരണ രംഗത്ത് ഏറെ കൗതുകം ഉളവാക്കുന്ന കാഴ്ചയായി മാറുകയാണ്.
സിറാജ് അക്ഷരദീപം പദ്ധതികളുടെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടത്തുന്നത് ശ്രദ്ധേയമാകുന്നുണ്ട്. എസ് വൈ എസിൻ്റെ കീഴിലായി ഓരോ നാടിൻ്റെയും അവിടുത്തെ ഉലമാക്കളുടെയും ചരിത്രം പുതിയ തലമുറക്ക് പകർന്നുനൽകുന്നതിനായി പൈതൃക യാത്രയും സംഘടിപ്പിക്കുന്നുണ്ട്. യുത്ത് കോർ അംഗങ്ങളുടെ നേതൃത്വത്തിലാണ് യാത്ര.

പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മഞ്ചേരി സ്വാഗതസംഘം കാര്യാലയത്തിൽ നടന്ന യോഗത്തിൽ ചെയർമാൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് വടശ്ശേരി ഹസ്സൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ കെ എസ് തങ്ങൾ ഫൈസി പെരിന്തൽമണ്ണ പ്രാർഥന നിർവഹിച്ചു.
ഇബ്രാഹിം ബാഖവി മേൽമുറി, കെ പി ജമാൽ കരുളായി ഷാഫി വെങ്ങാട് , ടി എം ശുഹൈബ് ആനക്കയം, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, അബ്ദുൽ അസീസ് ഹാജി പുളിക്കൽ, സൈതലവി ഹിഷാമി മൂത്തേടം, അലവിക്കുട്ടി ഫൈസി എടക്കര, സി എച്ച് ഹംസ സഖാഫി മാമ്പറ്റ, സി എം മൗലവി, എ സി കെ പാങ്ങ്, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, സൈനുദ്ധിൻ സഖാഫി ഇരുമ്പുഴി, മുശ്താഖ് സഖാഫി, ചർച്ചകൾക്ക് നേതൃത്വം നൽകി.
Content Highlights:
Campaigns for the Samastha Centenary Conference are surging across Malappuram East through SSF virtual rallies, competitive wall writings, and unit towers. SYS is organizing heritage yatras alongside Siraj Aksharadeepam launches. A review meeting was held in Manjeri under Kootambara Abdurahman Darimi.




