Kerala
'ഉത്തരവ് പിന്വലിച്ചോടിയതുകൊണ്ട് തെറ്റ് ഇല്ലാതാകുന്നില്ല; പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ യുഡിഎഫ് നീക്കം'
കരിക്കുലം കമ്മിറ്റിയിലെ ആര്‍എസ്എസ് പ്രതിനിധിയുടെ നോമിനേഷന് ഉടനടി റദ്ദാക്കുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു
തിരുവനന്തപുരം | സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനില്‍ക്കുന്നത് അത്യന്തം അപകടകരമായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആര്‍എസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികള്‍ക്കായി പുറത്തിറക്കുന്ന ‘മയില്‍പ്പീലി’ മാസികയുടെ ‘യങ് സ്കോളര്‍’ പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളില്‍ അനുമതി നല്കിയ നടപടി, പിഞ്ചുമനസ്സുകളില് വര്‍ഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്നും പിണറായി ആരോപിച്ചു
ആര്‍എസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതേ വ്യക്തിയെ തന്നെ സംസ്ഥാന സ്കൂള്‍ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു
2017-ലാണ് മയില്‍പ്പീലി ഈ പരീക്ഷ ആരംഭിച്ചത്. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഇത്തരം വര്‍ഗീയ അജണ്ടകള്‍ക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ യാതൊരു ഇടവും നല്‍കിയിരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ വര്‍ഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച ജാഗ്രതയായിരുന്നു ഇതിന് പിന്നില്‍. സംഘപരിവാര്‍ അജണ്ടകള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്ന യുഡിഎഫ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടി കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഒരിക്കലും അംഗീകരിച്ചു തരില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ ഉത്തരവ് പിന്വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല. കുഞ്ഞുമനസ്സുകളില്‍ വര്‍ഗീയത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികള്‍ക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പു പറയണം. കരിക്കുലം കമ്മിറ്റിയിലെ ആര്‍എസ്എസ് പ്രതിനിധിയുടെ നോമിനേഷന് ഉടനടി റദ്ദാക്കുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു
Content Highlights: Opposition Leader Pinarayi Vijayan criticized the UDF government for allowing Balagokulam’s Mayilpeeli Young Scholar exam in Kerala public schools. He also questioned the nomination of an RSS teachers’ union leader to the school curriculum committee. Vijayan demanded an apology from the Education Minister and the immediate cancellation of the nomination.




