Eduline
സൈക്കോളജി ജീവനക്കാർക്ക് ബ്രിഡ്ജ് കോഴ്സ് നിർബന്ധമാക്കാൻ എൻ സി എ എച്ച്
അലൈഡ് ഹെൽത്ത് കെയർ മേഖലയിലെ ജീവനക്കാരുടെ താത്കാലിക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ തയ്യാറാക്കിയ കരട് മാർഗനിർദേശത്തിലാണ് പുതിയ തീരുമാനം ഉൾപ്പെടുത്തിയിരിക്കുന്നത്.
സൈക്കോളജിയിൽ ബിരുദം നേടാതെ ബിരുദാനന്തര ബിരുദം മാത്രം കരസ്ഥമാക്കി സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യുന്നവർക്ക് ആറ് മാസത്തെ ബ്രിഡ്ജ് കോഴ്സ് നിർബന്ധമാക്കാൻ നാഷനൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷനൽസ് (എൻ സി എ എച്ച് പി) ഒരുങ്ങുന്നു. മതിയായ അക്കാദമിക് യോഗ്യതകളില്ലാതെ മെഡിക്കൽ സോഷ്യൽ വർക്കർ, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നോളജിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കേണ്ടിവരും. അലൈഡ് ഹെൽത്ത് കെയർ മേഖലയിലെ ജീവനക്കാരുടെ താത്കാലിക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കമ്മീഷൻ തയ്യാറാക്കിയ കരട് മാർഗനിർദേശത്തിലാണ് പുതിയ തീരുമാനം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം എൽ ടി) ഉൾപ്പെടെ പത്തോളം വിഭാഗങ്ങളിലെ ജീവനക്കാർക്ക് താത്കാലിക രജിസ്ട്രേഷൻ അനുവദിക്കാനാണ് കമ്മീഷന്റെ നീക്കം. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിലുകളിലായിരിക്കും (എസ് എ എച്ച് സി) രജിസ്ട്രേഷൻ നടപടികൾ. നിശ്ചിത കാലയളവിനുള്ളിൽ ബ്രിജ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി മൂന്ന് വർഷത്തിനകം സ്ഥിരം രജിസ്ട്രേഷൻ നേടണമെന്നാണ് നിർദേശം.
2021ൽ എൻ സി എ എച്ച് പി നിലവിൽ വരുന്നതിനു മുന്പ് പഠനം പൂർത്തിയാക്കി തൊഴിൽ രംഗത്തെത്തിയവരെയാണ് പുതിയ മാനദണ്ഡങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, കമ്മീഷൻ നിർദേശിച്ചിട്ടുള്ള യോഗ്യതകൾ ഇതിനകം നേടിയവർക്ക് ഈ വ്യവസ്ഥകൾ ബാധകമാകില്ല. ഇവർക്ക് ബ്രിജ് കോഴ്സ് കൂടാതെ നേരിട്ട് സ്ഥിരം രജിസ്ട്രേഷനായി അപേക്ഷിക്കാം.
നിലവിൽ പഠനം തുടരുന്നവർക്കും കമ്മീഷന്റെ നിബന്ധനകൾ പാലിക്കുന്ന കോഴ്സുകൾ
പൂർത്തിയാക്കിയവർക്കുമുള്ള രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ കഴിഞ്ഞ മാസമാണ് വിജ്ഞാപനം ചെയ്തത്. ആറ് മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള ബ്രിജ് കോഴ്സുകളാണ് വിവിധ വിഭാഗങ്ങൾക്കായി നിർദേശിച്ചിരിക്കുന്നത്.
ഉദാഹരണത്തിന്, മൂന്ന് വർഷത്തെ ബി വോക് ഫിസിയോതെറാപ്പി പൂർത്തിയാക്കി ഫിസിയോതെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നവരും രണ്ടോ മൂന്നോ വർഷത്തെ ഫിസിയോതെറാപ്പി ഡിപ്ലോമ നേടിയവരും ഒരു വർഷത്തെ ബ്രിജ് കോഴ്സ് പൂർത്തിയാക്കണം. എന്നാൽ, ഡിപ്ലോമ കോഴ്സുകൾ സംസ്ഥാന മെഡിക്കൽ എജ്യൂക്കേഷൻ ബോർഡിന്റെ അംഗീകാരമുള്ളതായിരിക്കണം. 1994നും 2021നും ഇടയിൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ വ്യവസ്ഥപ്രകാരം പരിഗണന ലഭിക്കുക.
ബിരുദതലത്തിൽ സൈക്കോളജി പഠിക്കാതെ ബിരുദാനന്തര തലത്തിൽ ഈ വിഷയം പഠിച്ച് സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യുന്നവർ ആറ് മാസത്തെ ബ്രിജ് കോഴ്സ് പൂർത്തിയാക്കണം. എന്നാൽ, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായി ജോലി ചെയ്യുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. ഇതിനു പുറമേ വിവിധ അലൈഡ് ഹെൽത്ത് കെയർ കോഴ്സുകൾക്കും തൊഴിലുകൾക്കും പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ കരട് മാർഗനിർദേശത്തിൽ നിർദേശിച്ചിട്ടുണ്ട്.
താത്കാലിക രജിസ്ട്രേഷനായി ബന്ധപ്പെട്ട സംസ്ഥാന കൗൺസിലുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാനത്ത് കൗൺസിൽ നിലവിലില്ലെങ്കിൽ നേരിട്ട് എൻ സി എ എച്ച് പിയിൽ രജിസ്റ്റർ ചെയ്യാം. താത്കാലിക രജിസ്ട്രേഷന് മൂന്ന് വർഷമാണ് കാലാവധി. പ്രത്യേക സാഹചര്യങ്ങളിൽ ഒരു വർഷം കൂടി കാലാവധി നീട്ടിനൽകാനും വ്യവസ്ഥയുണ്ട്.
കരട് മാർഗനിർദേശങ്ങളിന്മേൽ ഡിസംബർ നാല് വരെ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധർക്കും അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. ഇതിനായി ncahp.regulations@ncahp.mohfw.gov.in എന്ന ഇ മെയിൽ വിലാസത്തിൽ പ്രതികരണങ്ങൾ അയക്കാം.
Content Highlights: The National Commission for Allied and Healthcare Professions proposes a mandatory bridge course for psychologists without a bachelor’s degree and workers in other allied health roles. Professionals must complete the course and secure permanent registration within three years under the new draft guidelines. Public feedback on the draft guidelines is open until December 4




