National
കാവേരിയിൽ അണക്കെട്ട്; കര്‍ണാടക-തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്പോര്
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലായിരുന്നു മേകദാതു പദ്ധതിക്ക് ആവശ്യമായ നിയമപരമായ അനുമതികള്‍ വേഗത്തിലാക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടത്.
ബെംഗളൂരു | കാവേരി നദിക്ക് കുറുകെ മേകദാതു അണക്കെട്ട് നിര്‍മിക്കുന്നതിനെച്ചൊല്ലി കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേഗത്തിലാക്കണമെന്ന കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആവശ്യം തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാണിക്യം ടാഗോര്‍ ശക്തമായി എതിര്‍ത്തു. ഇതിന് മറുപടിയുമായി ശിവകുമാറും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസം പരസ്യമായി.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലായിരുന്നു മേകദാതു പദ്ധതിക്ക് ആവശ്യമായ നിയമപരമായ അനുമതികള്‍ വേഗത്തിലാക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടത്. പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് കര്‍ണാടകയെ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ശിവകുമാറിന്റെ നിലപാടിനെതിരെ മാണിക്യം ടാഗോര്‍ രംഗത്തെത്തി. സുപ്രീംകോടതി വിധിയുടെയും കാവേരി ജലതര്‍ക്ക ട്രിബ്യൂണലിന്റെ ഉത്തരവുകളുടെയും ലംഘനമാണ് കര്‍ണാടകയുടെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. അണക്കെട്ട് നിര്‍മാണം തമിഴ്നാട്ടിലെ കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും വ്യക്തമാക്കി.
ഇതിന് മറുപടിയായി വിഷയത്തിലെ യാഥാര്‍ഥ്യങ്ങള്‍ മാണിക്യം ടാഗോറിന് അറിയില്ലെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ബെംഗളൂരു നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനും 400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുമായി രാമനഗര ജില്ലയിലാണ് മേകദാതു അണക്കെട്ട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കിയാലും തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തില്‍ കുറവുണ്ടാകില്ലെന്നാണ് കര്‍ണാടകയുടെ വാദം.
അതേസമയം, പദ്ധതിയുടെ പ്രഖ്യാപനഘട്ടം മുതല്‍ തമിഴ്നാട് ശക്തമായ എതിര്‍പ്പിലാണ്. കാവേരി ജലവിഹിതം കുറയുമെന്ന ആശങ്കയും കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കണമെന്ന ആവശ്യവുമാണ് തമിഴ്നാടിന്റെ പ്രതിഷേധത്തിന് പിന്നില്‍. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉള്‍പ്പെടെയുള്ള നേതാക്കളും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: A public rift has emerged between Karnataka CM DK Shivakumar and Tamil Nadu Congress chief Manickam Tagore over the Mekedatu dam project. While Shivakumar sought expedited central clearance, Tagore opposed the move citing farmer welfare and tribunal orders, sparking a war of words within the party.




