Connect with us

Kerala

എം ജി സർവകലാശാലയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം; ഉത്തരവ് അടിയന്തരമായി പിൻവലിക്കണം - മന്ത്രി റോജി എം ജോൺ

അതേസമയം, മാധ്യമവിലക്കിൽ വിശദീകരണവുമായി എം ജി സർവകലാശാല രംഗത്തെത്തി.

Published

|

Last Updated

കോട്ടയം | എം ജി സർവകലാശാലയിലെ മാധ്യമവിലക്കിനെതിരെ വിമർശനം ശക്തമാകുന്നു. വിലക്ക് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമവിലക്കിനെ വിമർശിച്ച് ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷും രംഗത്തെത്തി.

അതേസമയം, മാധ്യമവിലക്കിൽ വിശദീകരണവുമായി എം ജി സർവകലാശാല രംഗത്തെത്തി. മാധ്യമപ്രവർത്തകരെ സർവകലാശാലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. വൈസ് ചാൻസലറുടെ അനുമതിയില്ലാതെ വാർത്ത ശേഖരിച്ചതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

അനുമതിയില്ലാതെ വാർത്ത ശേഖരിക്കുന്നത് സർവകലാശാലയുടെ അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുന്നുവെന്നാണ് വിശദീകരണം. സർവകലാശാലയ്ക്കുള്ളിൽ ചിലർ നടത്തുന്ന പ്രതികരണങ്ങൾ ഔദ്യോഗിക നിലപാടായി തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് കൂടി പരിഗണിച്ചാണ് ഉത്തരവിറക്കിയതെന്നും സർവകലാശാല അറിയിച്ചു.

പുറത്തുനിന്നുള്ള സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലുള്ള നിയന്ത്രണം മാത്രമാണ് മാധ്യമപ്രവർത്തകർക്കും ബാധകമാക്കിയിരിക്കുന്നത്. വാർത്ത ശേഖരിക്കുന്നതിന് അനുമതിയോടെ സർവകലാശാലയിൽ പ്രവേശിക്കാം. ഔദ്യോഗിക പ്രതികരണങ്ങൾ തേടുന്നതിനും തടസ്സമില്ല. ഇതിനായി പിആർഒ മുഖേന മുൻകൂട്ടി അനുമതി വാങ്ങണമെന്നും സർവകലാശാല വിശദീകരിച്ചു.

ജനാധിപത്യപരമായി അനുവദനീയമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും സർവകലാശാല പൂർണമായും ബഹുമാനിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Criticism is mounting against the media ban at MG University, with Higher Education Minister Roji M John demanding its immediate withdrawal. MLA Nattakam Suresh also condemned the move. Meanwhile, university authorities clarified that journalists are not banned and can enter with prior PRO permission.

Latest