National
14കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കോണ്‍ഗ്രസ് എം എല്‍ എക്കെതിരെ കേസ്
എം എല്‍ എയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം നടന്നത്.
റാഞ്ചി | ജാര്‍ഖണ്ഡില്‍ 14കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് എം എല്‍ എ ഭൂഷണ് ബാരയ്ക്കെതിരെ കേസ്. സിംഡേഗ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയ്ക്കെതിരെയാണ് പീഡനം, ശാരീരിക ആക്രമണം, വധഭീഷണി തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എം എല്‍ എയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം നടന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സ്കൂളില്‍ ചേര്‍ക്കാമെന്ന് വാഗ്ദാനം നല്കി എം എല്‍ എയുടെ ഭാര്യയും സഹോദരിയും ചേര്‍ന്ന് ജൂലൈയില്‍ സിംഡേഗയില്‍ നിന്ന് തന്നെ കൊണ്ടുവന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു. എന്നാല്‍ ഓഗസ്റ്റ് അഞ്ചിന് എം എല്‍ എ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ധുര്‍വ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹതിയ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നീരജ് കുമാര്‍ സ്ഥിരീകരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി, മെഡിക്കല്‍ റിപ്പോര്‍ട്ട്, മറ്റ് തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം.
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം എം എല്‍ എ ഭൂഷണ് ബാര നിഷേധിച്ചു. എന്നാല്‍ പെണ്‍കുട്ടി തന്റെ ഔദ്യോഗിക എം എല്‍ എ വസതിയില്‍ ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
Content Highlights: Jharkhand Congress MLA Bhushan Bara has been booked for allegedly sexually assaulting a 14-year-old tribal girl at his official residence. Brought from Simdega under the pretext of school admission, the girl filed a complaint at Dhurwa police station. While police have initiated a medical examination and probe, Bara denied the allegations.



