National
ഭാരത് ഉച്ചകോടിക്ക് മുന്നോടിയായി 113 വിദേശ പ്രതിനിധികൾക്ക് വിലക്ക്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
നവംബര്‍ 13, 14 തീയതികളിലായി തെലങ്കാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ഹൈദരാബാദ്| കോണ്‍ഗ്രസിന്റെ രണ്ടാമത് ‘ഭാരത് ഉച്ചകോടി’ക്ക് മുന്നോടിയായി 113-ലധികം വിദേശ പ്രതിനിധികള്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നിഷേധിക്കുകയോ അവരുടെ വിസകള്‍ റദ്ദാക്കുകയോ ചെയ്ത സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 315 വിദേശ പ്രഭാഷകരില്‍ നൂറിലധികം പേര്‍ക്കാണ് അവസാന നിമിഷം യാത്രാനുമതി നിഷേധിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നവംബര്‍ 13, 14 തീയതികളിലായി തെലങ്കാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ അനുമതിയും വിസയും ലഭിച്ച പലരുടെയും വിസകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം റദ്ദാക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ ആരോപണം. വിലക്ക് നേരിട്ടവര്‍ ഒഴികെയുള്ള ഇരുന്നൂറോളം വിദേശ പ്രതിനിധികള്‍ നിലവില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
യാത്രാനുമതി നിഷേധിക്കപ്പെട്ടവരില്‍ നോര്‍വീജിയന്‍ പത്രമായ ‘ഡാഗ്സാവിസെന്‍’ മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിംഗും ഉള്‍പ്പെടുന്നു. സാധുവായ വിസ ഉണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചതായി അവര്‍ വെളിപ്പെടുത്തി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോര്‍വേ സന്ദര്‍ശന വേളയില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചതാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു. വിമര്‍ശനാത്മകമായ ശബ്ദങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറ്റകരമാണോ എന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ചോദിച്ചു.
അതേസമയം, വിസ സംബന്ധമായ തീരുമാനങ്ങള്‍ ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തിന്റെ ഭാഗമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ പ്രതികരണം. ഇന്ത്യ വിരുദ്ധ ശക്തികളെ ഒരുമിച്ചുകൂട്ടാനുള്ള വേദിയാണ് ഈ ഉച്ചകോടിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജി. കിഷന് റെഡ്ഡി ആരോപിച്ചതോടെ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ പോര് മുറുകുകയാണ്.
Content Highlights: A political row erupted after visas of over 113 foreign delegates for Congress’s Bharat Summit were revoked. Congress leaders like Shashi Tharoor and Revanth Reddy criticized the move as undemocratic. Meanwhile, the MEA cited sovereignty, and BJP’s G Kishan Reddy termed the event an anti-India platform.



