Connect with us

Ongoing News

കഥകളുടെ മരുപ്പച്ചയായി അൽ ഐൻ പുസ്തകോത്സവം; നവംബർ 17 മുതൽ വിപുലമായ പരിപാടികൾക്ക് തുടക്കം

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി സംഘടിപ്പിക്കുന്ന മേളയിൽ 230 പ്രസാധകരും പ്രദർശകരും സജീവമായി പങ്കെടുക്കുന്നുണ്ട്.

Published

|

Last Updated

അൽ ഐൻ| അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന 17-ാമത് അൽ ഐൻ പുസ്തകോത്സവത്തിന് നവംബർ 17-ന് തുടക്കമാകും. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് (എ.എൽ.സി) അൽ ഐൻ സ്ക്വയറിൽ നവംബർ 23 വരെ മേള സംഘടിപ്പിക്കുന്നത്. ‘കഥകളുടെ മരുപ്പച്ച’ (An Oasis of Stories) എന്നതാണ് ഈ വർഷത്തെ മേളയുടെ മുഖ്യ പ്രമേയം.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി സംഘടിപ്പിക്കുന്ന മേളയിൽ 230 പ്രസാധകരും പ്രദർശകരും സജീവമായി പങ്കെടുക്കുന്നുണ്ട്. സാംസ്കാരിക, സാഹിത്യ, കലാ, വിനോദ മേഖലകളിലായി ഇരുന്നൂറിലധികം വിപുലമായ പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നത്. അൽ ഐൻ മേഖലയുടെ തനതായ സാംസ്കാരിക പൈതൃകം അടുത്തറിയാനും, അറബി ഭാഷയുടെയും വായനയുടെയും പ്രാധാന്യം ദൈനംദിന ജീവിതത്തിൽ വ്യാപിപ്പിക്കാനും മേള ലക്ഷ്യമിടുന്നു. ‘കുടുംബ വർഷ’ത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങൾ ദൃഢമാക്കുന്ന പരിപാടികൾക്ക് മേളയിൽ പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്.

അൽ ഐൻ സ്ക്വയറിന് പുറമേ ഖസ്ർ അൽ മുവൈജി, മജാലിസ് അബുദാബി, പ്രമുഖ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലേക്കും മേളയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. എട്ട് പ്രധാന വിഭാഗങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും കുടുംബത്തിനുമായി 90-ഓളം പരിപാടികൾ, ഇമറാത്തി നബത്തി കവികളെ ആദരിക്കുന്ന കവിതാ രാവുകൾ, ‘വോയ്‌സ് ഓഫ് അൽ ഐൻ’ പോഡ്‌കാസ്റ്റ് പരമ്പര, ഫ്ലേവർഫുൾ നൈറ്റ്‌സ്, ഒപ്പം ഖസ്ർ അൽ മുവൈജിയിൽ നടക്കുന്ന കൻസ് അൽ ജീൽ അവാർഡ് ദാന ചടങ്ങ് എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള കലാപ്രദർശനങ്ങളും മേളയ്ക്ക് തിലകച്ചാർത്താകും.

പുസ്തകങ്ങളും എഴുത്തും നമ്മുടെ പൈതൃകത്തെ മനസ്സിലാക്കുന്നതിലും പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് വ്യക്തമാക്കി. അൽ ഐൻ പുസ്തകോത്സവം അറബി ഭാഷയെയും സാംസ്കാരിക സ്വത്വത്തെയും ആഘോഷിക്കുന്ന സുപ്രധാന വേദിയായി വളർന്നുവെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ ഡോ. അലി ബിൻ തമീം അഭിപ്രായപ്പെട്ടു.

Content Highlights: The 17th Al Ain Book Festival begins on November 17 at Al Ain Square under the theme An Oasis of Stories. Organized by the Abu Dhabi Arabic Language Centre, the week-long event features 230 publishers and over 200 programs, including AI art exhibitions, poetry nights, and the Kanz Al Jeel Award.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest