Ongoing News
മാലിന്യം നീങ്ങി, കടൽ ശ്വസിച്ചു തുടങ്ങി
11 ഡൈവിംഗ് സെന്ററുകളിൽ നിന്നുള്ള 165 മുങ്ങൽ വിദഗ്ധരും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും ചേർന്ന് 64 മണിക്കൂർ നീണ്ട 300-ലധികം ഡൈവുകളിലൂടെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
ജിദ്ദ| ജിദ്ദ മറീനയിലെ കടൽത്തട്ടിൽ നടന്ന ബൃഹത്തായ ശുചീകരണ യജ്ഞത്തിനിടെ 9.3 ടൺ മാലിന്യം നീക്കം ചെയ്തപ്പോൾ, അതിനടിയിൽ സമുദ്രജീവികളുടെയും പവിഴപ്പുറ്റുകളുടെയും സാന്നിധ്യം മുങ്ങൽ വിദഗ്ധർ കണ്ടെത്തി. വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റിയ ഇടങ്ങളിൽ പവിഴപ്പുറ്റുകൾ വളരുന്നതും വിവിധയിനം മത്സ്യങ്ങൾ വസിക്കുന്നതും സമുദ്ര ആവാസവ്യവസ്ഥയുടെ അതിജീവനശേഷിയെയാണ് വ്യക്തമാക്കുന്നത്.
ജിദ്ദ ഗവർണർ സഊദി ബിൻ അബ്ദുല്ല ബിൻ ജലാവിരാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സംഘടിപ്പിച്ച ‘അൽ ബഹർ ബഹ്റക്’ (കടൽ നിങ്ങളുടേതാണ്) എന്ന ശീർഷകത്തിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ശുചീകരണം നടന്നത്. 11 ഡൈവിംഗ് സെന്ററുകളിൽ നിന്നുള്ള 165 മുങ്ങൽ വിദഗ്ധരും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും ചേർന്ന് 64 മണിക്കൂർ നീണ്ട 300-ലധികം ഡൈവുകളിലൂടെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
മാലിന്യങ്ങൾ നീക്കം ചെയ്ത കടൽത്തട്ടിൽ മൃദുവായതും കടുപ്പമുള്ളതുമായ പവിഴപ്പുറ്റുകൾ വളരുന്നത് മുങ്ങൽ വിദഗ്ധർ കണ്ടെത്തി, ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ബോക്സ്ഫിഷിനെ ഇവിടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാനായതായി എസ്.എസ്.ഐ അറേബ്യ റീജിയണൽ മാനേജർ അബ്ദുറഹ്മാൻ അൽ-ഹദ്ദാദ് വ്യക്തമാക്കി.
പ്ലാസ്റ്റിക് കുപ്പികൾ, ടയറുകൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ എന്നിവയ്ക്ക് പുറമെ ഷോപ്പിംഗ് ട്രോളികൾ, ടോയ്ലറ്റ് സീറ്റുകൾ, ഉരുക്ക് ചങ്ങലകൾ എന്നിവയും കടൽത്തട്ടിൽ നിന്ന് പുറത്തെടുത്തു. ഇതിനുപുറമെ മുങ്ങിപ്പോയ കപ്പലിന്റെ 40 മീറ്റർ നീളമുള്ള ഫൈബർഗ്ലാസ് ഭാഗവും മുങ്ങൽ വിദഗ്ധർ കണ്ടെത്തി നീക്കം ചെയ്തു.
ശേഖരിച്ച 9.3 ടൺ മാലിന്യത്തിൽ ഏകദേശം 6.1 ടണ്ണും പ്ലാസ്റ്റിക് ആയിരുന്നു. കടൽത്തട്ടിലെ മണ്ണിനോ അവശേഷിക്കുന്ന ജീവജാലങ്ങൾക്കോ യാതൊരു ദോഷവും വരാത്ത രീതിയിൽ കൈകൊണ്ട് മാത്രമാണ് മാലിന്യങ്ങൾ നീക്കം ചെയ്തതെന്ന് പരിസ്ഥിതി നിരീക്ഷകർ അറിയിച്ചു. ശേഖരിച്ച മാലിന്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പുനരുപയോഗത്തിനായി (റീസൈക്ലിംഗ്) മാറ്റി. കടലിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ സാധിച്ചാൽ ജിദ്ദ മറീനയിലെ സമുദ്ര ആവാസവ്യവസ്ഥ പൂർണ്ണമായും വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഈ കണ്ടെത്തലുകൾ തെളിയിക്കുന്നത്.
Content Highlights:Divers removed 9.3 tons of waste, including 6.1 tons of plastic, from Jeddah Marina’s seabed during the Al Bahr Bahrak campaign. Beneath the debris, teams discovered thriving coral reefs and marine life like a rare boxfish. Two-thirds of the collected waste was sent for recycling.


