Connect with us

Kerala

ചാലയിലെ സ്വര്‍ണക്കവര്‍ച്ച; ആറുപേര്‍ പിടിയില്‍

കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.

Published

|

Last Updated

തിരുവനന്തപുരം| തലസ്ഥാനത്തെ വ്യാപാരകേന്ദ്രമായ ചാലയില്‍ ജ്വല്ലറി ഉടമയില്‍നിന്ന് 250 പവനോളം സ്വര്‍ണം കവര്‍ന്ന കേസില്‍ ആറുപേര്‍ പിടിയില്‍. വയനാട്ടില്‍നിന്ന് നാലുപേരെയും തിരുവനന്തപുരത്തുനിന്ന് രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലെ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.

ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറില്‍നിന്നാണ് ബൈക്കിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. വ്യാഴാഴ്ച രാത്രി 10.30ഓടെ കടയടച്ച് വലിയശാലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സഭാപതി റോഡില്‍വെച്ച് ബൈക്കിലെത്തിയ സംഘം നന്ദകുമാറിനെ തടഞ്ഞുനിര്‍ത്തി സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.

വിവിധ ജ്വല്ലറികളില്‍നിന്ന് ശുദ്ധീകരണത്തിനായി നല്‍കിയ സ്വര്‍ണമാണ് ബാഗിലുണ്ടായിരുന്നത്. കവര്‍ച്ച നടത്തിയ സംഘത്തിന്റെ ബൈക്കിന്റെയും സംഭവത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാഹനങ്ങളുടെ നമ്പര്‍ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.

മഹാരാഷ്ട്ര സ്വദേശിയായ നന്ദകുമാര്‍ 25 വര്‍ഷത്തിലേറെയായി ചാലയില്‍ സ്വര്‍ണപ്പണി ചെയ്യുന്നയാളാണ്. ഒരു വര്‍ഷം മുമ്പാണ് വൈഷ്ണവി ജ്വല്ലറി ആരംഭിച്ചത്. വിവിധ ജ്വല്ലറികളില്‍നിന്ന് ലഭിക്കുന്ന സ്വര്‍ണം ശുദ്ധീകരിക്കലാണ് പ്രധാന ജോലി. പതിവുപോലെ കടയില്‍നിന്ന് സ്വര്‍ണം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.

മൂന്നുപേരാണ് നേരിട്ട് കവര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നന്ദകുമാറിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി സ്വര്‍ണബാഗ് കവര്‍ന്ന സംഘത്തിന് മുന്നിലായി മറ്റൊരു ബൈക്കും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്കിലുണ്ടായിരുന്നവര്‍ക്കും കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്തുന്നതിനും ഒളിവിലുള്ള പ്രതിയെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

Content Highlights: Six suspects were taken into custody from Wayanad and Thiruvananthapuram over the robbery of 250 sovereigns of gold from Chalai jewelry owner Nandakumar. Bike-borne assailants intercepted him on Sabhapathi Road while he was returning home. Police are interrogating the accused to recover the gold.

Latest