National
അമിതാഭ് ബച്ചന്റെ ആഡംബര വസതി 'ജൽസ'യെച്ചൊല്ലി കുടുംബത്തിൽ തർക്കം; പരാതിയുമായി സഹോദര ഭാര്യ
ജൽസ ബംഗ്ലാവ് യഥാർത്ഥത്തിൽ തന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും പിന്നീട് 1993-ൽ തയ്യാറാക്കിയ ഗിഫ്റ്റ് ഡീഡിലൂടെ ജയ ബച്ചന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും റമോല പരാതിയിൽ വ്യക്തമാക്കുന്നു.
മുംബൈ | ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ മുംബൈ ജുഹുവിലുള്ള പ്രശസ്തമായ ജൽസ (Jalsa) ബംഗ്ലാവിനെച്ചൊല്ലി കുടുംബത്തിനുള്ളിൽ സ്വത്ത് തർക്കം രൂക്ഷമാകുന്നു. ഭാര്യ ജയ ബച്ചന് ബംഗ്ലാവ് കൈമാറിയ 1993-ലെ ദാനാധാരത്തെ ചോദ്യം ചെയ്ത് അമിതാഭ് ബച്ചന്റെ സഹോദരഭാര്യ റമോല ബച്ചനാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്വത്ത് കൈമാറ്റം നടന്നതെന്നും രേഖയുടെ സാധുത സംശയാസ്പദമാണെന്നും റമോല ആരോപിക്കുന്നു.
അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യയാണ് റമോല ബച്ചൻ. കഴിഞ്ഞ ഏഴ് മാസത്തിനിടെ റമോല നൽകിയ വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അന്ധേരിയിലെ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ മുമ്പാകെ വിഷയത്തിൽ വാദം കേൾക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉടമസ്ഥാവകാശ രേഖകളിലെ പൊരുത്തക്കേടുകളാണ് തർക്കത്തിന്റെ പ്രധാന കാരണം. കപോൾ ഹൗസിംഗ് സൊസൈറ്റിയുടെ രേഖകളിൽ ജയ ബച്ചനാണ് ജൽസയുടെ ഉടമയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും റമോല ബച്ചന്റെ പേരാണ് തുടരുന്നത്. സർക്കാർ രേഖകളിൽ നിന്ന് റമോലയുടെ പേര് മാറ്റി ജയ ബച്ചന്റെ പേര് ചേർക്കാൻ ശ്രമം നടന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.

ജൽസ ബംഗ്ലാവ് യഥാർത്ഥത്തിൽ തന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും പിന്നീട് 1993-ൽ തയ്യാറാക്കിയ ഗിഫ്റ്റ് ഡീഡിലൂടെ ജയ ബച്ചന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും റമോല പരാതിയിൽ വ്യക്തമാക്കുന്നു. രേഖ തയ്യാറാക്കിയ രീതിയെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. അക്കാലത്ത് സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ പേപ്പറിലാണ് രേഖ തയ്യാറാക്കിയതെന്നും അതിൽ സാക്ഷികളുടെ ഒപ്പുകൾ ഉണ്ടായിരുന്നില്ലെന്നും റമോല ആരോപിക്കുന്നു. കൂടാതെ, മഹാരാഷ്ട്ര സർക്കാരിന്റെ അഭയ് യോജന പദ്ധതിക്ക് കീഴിൽ ഈ രേഖ പിന്നീട് രജിസ്റ്റർ ചെയ്യുകയും ക്രമപ്പെടുത്തുകയും ചെയ്ത നടപടിയെയും റമോല ചോദ്യം ചെയ്തിട്ടുണ്ട്.
പരാതി ലഭിച്ചതായും വിഷയത്തിൽ വാദം കേൾക്കൽ ആരംഭിച്ചതായും ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്പരവിരുദ്ധമായ ഉടമസ്ഥാവകാശ വാദങ്ങളിലും തർക്കത്തിലുള്ള ഗിഫ്റ്റ് ഡീഡിന്റെ സാധുതയിലും അധികൃതർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
വിഷയത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അമിതാഭ് ബച്ചൻ മറുപടി നൽകിയിട്ടില്ല. ജയ ബച്ചനെയും പ്രതികരണത്തിനായി ബന്ധപ്പെടാൻ സാധിച്ചില്ല. ഇത് കുടുംബത്തിനുള്ളിലെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കിയ അഭിഷേക് ബച്ചന്റെ വക്താവ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.
മുംബൈയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി വസതികളിലൊന്നായ ജൽസ, എല്ലാ ഞായറാഴ്ചകളിലും വീടിന് പുറത്ത് തടിച്ചുകൂടുന്ന ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യുന്ന വേദി എന്ന നിലയിലും പ്രശസ്തമാണ്.
Content highlights
A family property dispute has emerged over Amitabh Bachchan’s Juhu bungalow, Jalsa, after his sister-in-law Ramola Bachchan challenged a 1993 gift deed transferring ownership to Jaya Bachchan. Ramola alleged the document was executed without her consent, lacked stamp duty and witness signatures, and noted her name still appears on the government Property Card. The Deputy Registrar of Co-operative Societies in Andheri has initiated a hearing and sought responses from the concerned parties.





