International
ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു; എസ് സി ഒ സമ്മേളനത്തിൽ പങ്കെടുക്കാൻ പാക് മന്ത്രി ന്യൂഡൽഹിയിലേക്ക്
പാക് മന്ത്രി ഇന്ത്യയിലെത്തുന്നത് മൂന്ന് വർഷത്തത്തെ ഇടവേളക്ക് ശേഷം; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനം
ന്യൂഡൽഹി | ന്യൂഡൽഹി ആതിഥ്യമരുളുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാൻ. ഈ മാസം അവസാനം ന്യൂഡൽഹിയിൽ നടക്കുന്ന എസ് സി ഒ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മസൂദ് മാലിക് പങ്കെടുക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷവും മൂന്ന് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷവും ഒരു പാകിസ്താൻ മന്ത്രി ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണ്. നവംബർ 20 മുതൽ 22 വരെയാണ് സമ്മേളനം.
എസ് സി ഒ ചട്ടക്കൂടിനുള്ളിൽ നിന്ന് സംസ്കാരങ്ങൾ തമ്മിൽ സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ പാകിസ്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സമ്മേളനത്തിലേക്ക് പാകിസ്താൻ ദേശീയ പൈതൃക സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചിയെയായിരുന്നു ഇന്ത്യ ക്ഷണിച്ചിരുന്നത്. എന്നാൽ ഖിച്ചിക്ക് പകരം മുസാദിഖ് മാലിക്കിനെ തിരഞ്ഞെടുത്തതിന്റെ കാരണം പാകിസ്താന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുടെ മുൻകൈയിലാണ് ഈ ഫോറം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിയാൻജിനിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് ഈ വർഷം ബിഷ്കെക്കിൽ നടന്ന ഉച്ചകോടിയിൽ അംഗീകരിച്ച പ്രഖ്യാപനത്തിൽ ഇത് ഉൾപ്പെടുത്തുകയായിരുന്നു. എസ് സി ഒ അംഗരാജ്യങ്ങളും ഡയലോഗ് പാർട്ണർമാരും ഉൾപ്പെടെ 25-ലധികം രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 മെയ് മാസത്തിൽ ഗോവയിൽ നടന്ന എസ് സി ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്താൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. എങ്കിലും ഇരുപക്ഷവും തുടർന്നും ഇടപെടുന്ന ചുരുക്കം ചില വേദികളിലൊന്നായി എസ് സി ഒ തുടരുന്നു.
സെപ്റ്റംബർ ഒന്നിന് ബിഷ്കെക്കിൽ നടന്ന ഉച്ചകോടിയിൽ 2026-27 വർഷത്തേക്കുള്ള എസ് സി ഒയുടെ അധ്യക്ഷസ്ഥാനം പാകിസ്താൻ ഏറ്റെടുത്തിരുന്നു. 2027 ഓഗസ്റ്റിൽ ഇസ്ലാമാബാദിൽ നടക്കുന്ന നേതാക്കളുടെ ഉച്ചകോടിക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കും. പാകിസ്താന്റെ അധ്യക്ഷതയിൽ നടന്ന ദേശീയ കോ-ഓർഡിനേറ്റർമാരുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ എസ് സി ഒ നാഷണൽ കോ-ഓർഡിനേറ്റർ അലോക് ദിമ്രി സെപ്റ്റംബർ അവസാനം ഇസ്ലാമാബാദിലേക്ക് യാത്ര തിരിച്ചിരുന്നു.
Content Highlights
Pakistan will send Climate Change Minister Musadik Malik to New Delhi for the SCO Civilisational Dialogue Forum from November 20 to 22. This marks the first visit by a Pakistani minister to India in over three years and since Operation Sindoor. Over 25 countries are expected to attend the Indian-proposed event.




