Kerala
വ്യാജ വാര്‍ത്തകളും അപവാദ പ്രചരങ്ങളും നേരിടാന്‍ ലീഗല്‍ സെല്‍ രൂപീകരിച്ച് സിപിഎം
തിരുവനന്തപുരം | പാര്‍ട്ടിക്ക് എതിരായ വ്യാജ വാര്‍ത്തകളും അപവാദ പ്രചരണങ്ങളും നേരിടാന്‍ ലീഗല്‍ സെല്‍ രൂപീകരിച്ച് സിപിഎം. സംസ്ഥാനത്താകെ 300 അഭിഭാഷകര്‍ അടങ്ങിയതാണ് ലീഗല്‍ സെല്‍. അപവാദങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും എതിരെ ലീഗല്‍ സെല്‍ നിയമനടപടി സ്വീകരിക്കും. കേന്ദ്ര കമ്മിറ്റി അംഗം പി രാജീവിനാണ് സെല്ലിന്റെ ചുമതല. ഹൈക്കോടതി കേന്ദ്രീകരിച്ച് 30 പേരാണ് സെല്ലില്‍ ഉണ്ടാകുക.
സിപിഎമ്മിന്റെ കോഴിക്കോട് നടന്ന വിശാല സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരമാണ് അപവാദ പ്രചാരണങ്ങള്‍ പ്രതിരോധിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്കും നേതാക്കന്‍മാര്‍ക്കുമെതിരെ വലിയ തോതില്‍ അപവാദപ്രചാരണം അഴിച്ചുവിട്ടെന്നും ഇത് ഒരു പരിധി വരെ വോട്ടര്‍മാരെ സ്വാധീനിച്ചുമെന്നുമുള്ള വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോഴിക്കോട് നടന്ന വിശാല സംസ്ഥാന സമിതി ലീഗല്‍ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.




