Kerala
ആലിംഗന വിവാദം: ഖേദ പ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്
സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചു
തിരുവനന്തപുരം | കെ പി സി സി ആസ്ഥാനത്ത് വനിതാ നേതാക്കളെ ആലിംഗനം ചെയ്തു വിവാദത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ഖേദപ്രകടിപ്പിച്ചു. സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
വിജയലഹരിയില്‍ പരിസര ബോധം മറന്നാണ് എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാരെയും ആലിംഗനം ചെയ്തതെന്നും ഇതില്‍ അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും പെരുമാറ്റത്തില്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ നിന്നാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം എല്‍ എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. അങ്ങനെ ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു.
പിതൃനിര്‍വിശേഷമായ സ്നേഹ പ്രകടനമാണ് താന്‍ നടത്തിയതെന്ന് ജെബി മേത്തര്‍ എം പിയും തന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







