Connect with us

From the print

നിപ്പാ എങ്ങനെ മനുഷ്യരിലെത്തുന്നു; ഉത്തരം കിട്ടാതെ ശാസ്ത്രലോകം

2018ല്‍ കോഴിക്കോട് ചങ്ങരോത്ത് ആദ്യം രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ മുഹമ്മദ് സാബിത്തില്‍ നിന്ന് തുടങ്ങിയ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

Published

|

Last Updated

കോഴിക്കോട്  | നിപ്പാ വാഹകരായ വവ്വാലുകളില്‍ നിന്ന് രോഗം എങ്ങനെ മനുഷ്യനിലേക്ക് പകരുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ശാസ്ത്ര ലോകം. 2018ല്‍ കോഴിക്കോട് ചങ്ങരോത്ത് ആദ്യം രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങിയ മുഹമ്മദ് സാബിത്തില്‍ നിന്ന് തുടങ്ങിയ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

മലേഷ്യയിലും ബംഗ്ലാദേശിലും പൊട്ടിപ്പുറപ്പെട്ട വൈറസുകളില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിപ്പാ വൈറസിനെ രണ്ട് ജനിതക വംശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലേതിന് ബംഗ്ലാദേശ് ജനിതകവുമായി താരതമ്യമുണ്ട്. രോഗ ലക്ഷണങ്ങളും രോഗബാധയേറ്റവരില്‍ പ്രകടമാകുന്ന ദൈര്‍ഘ്യവും സമാനമാണ്. ആറ് മുതല്‍ 14 ദിവസമാണ് ഇന്‍കുബേഷന്‍ കാലയളവെങ്കിലും 9.5 ആണ് ബംഗ്ലാദേശിലെയും കേരളത്തിലെയും ശരാശരി കാലയളവ്.

2018ല്‍ പൊട്ടിപ്പുറപ്പെട്ട നിപ്പാ ദുരന്തത്തില്‍ മരണമടഞ്ഞ 18 പേരില്‍ 17 പേര്‍ക്കും ആശുപത്രി സഹവാസത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യം രോഗം പിടിപെട്ട മുഹമ്മദ് സാബിത്തിന് രോഗബാധയേറ്റത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ല. സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയ 19 വവ്വാലുകളെ പരിശോധനക്ക് വിധേയമാക്കിയെങ്കിലും വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, പ്രദേശത്ത് നിന്ന് കണ്ടെത്തിയ പഴംതീനി വവ്വാലുകളില്‍ 52 എണ്ണത്തെ പരിശോധനക്ക് വിധേയമാക്കിയതില്‍ 13 എണ്ണത്തില്‍ നിപ്പായുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 2019ല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. നിപ്പാ രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും പേരാമ്പ്ര മേഖലയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളില്‍ കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7- 100ശതമാനമായിരുന്നു.

വീടിന് സമീപത്ത് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കുന്ന പതിവ് സാബിത്തിനുണ്ടായിരുന്നുവെന്നതാണ് രോഗം വന്ന വഴിയെക്കുറിച്ചുള്ള ഏകദേശ നിഗമനം. എന്നാല്‍, കുടുംബത്തിലെ മറ്റുള്ളവരും ഈ രീതിയില്‍ പഴം കഴിച്ചിട്ടുണ്ടെന്നിരിക്കെ നിപ്പാ വന്ന വഴി സംബന്ധിച്ച ചോദ്യം അവശേഷിക്കുകയാണ്.

2021ല്‍ നിപ്പാ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിന് സമീപത്തുള്ള കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ഐ സി എം ആറിന്റെ നിര്‍ദേശാനുസരണം പുണെ എന്‍ ഐ വി സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധനാ ഫലവും നിപ്പാ ബാധയില്‍ വവ്വാലുകളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. മലേഷ്യയില്‍ രോഗം പടര്‍ന്നത് വവ്വാല്‍ കൂട്ടങ്ങള്‍ക്ക് സമീപമുള്ള പന്നി ഫാമില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ഇവിടെ നിരവധി പേരാണ് മസ്തിഷ്‌ക വീക്കം മൂലം മരണപ്പെട്ടത്. തുടക്കത്തില്‍ കൊതുക് പരത്തുന്ന രോഗമായ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ആണെന്ന് സംശയിച്ചു. 1999ല്‍ രോഗിയുടെ നട്ടെല്ലില്‍ നിന്നുള്ള നീര് പരിശോധിച്ചതില്‍ നിപ്പായാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മലേഷ്യയില്‍ ഒരു ദശലക്ഷത്തോളം പന്നികളെയാണ് കൊന്നൊടുക്കിയത്. ബംഗ്ലാദേശിലെ രോഗബാധിതരില്‍ പകുതി പേര്‍ വവ്വാലുകള്‍ ഇടപഴകുന്ന ചെടികളിലെ അസംസ്‌കൃത ഈന്തപ്പന സ്രവം കഴിച്ചവരാണെന്നാണ് കണ്ടെത്തല്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസിന്റെ റിപോര്‍ട്ട് അനുസരിച്ച്, 1970 കളുടെ തുടക്കത്തില്‍ കേരളത്തിലെ വനമേഖല 25,000 ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാല്‍, പിന്നീടുണ്ടായ നഗരവത്കരണത്തെതുടര്‍ന്ന് വനപ്രദേശം മൂന്നിലൊന്നായി ചുരുങ്ങി. കാട്ടു ചെടികളും കാട്ടു കായ്കനികളും ഭക്ഷിച്ച് കഴിഞ്ഞിരുന്ന വവ്വാലുകള്‍ നാട്ടിലെ പഴങ്ങളും മറ്റും ഭക്ഷിക്കാന്‍ തുടങ്ങിയതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

കൂടാതെ, ഇന്ത്യയില്‍ കാണപ്പെടുന്ന 129 തരം വവ്വാലുകളില്‍ 48 എണ്ണം സംസ്ഥാനത്ത് ഉള്ളതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകള്‍ പ്രധാനമായും രണ്ട് തരത്തിലാണ്. പഴംതീനി വവ്വാലുകളും പ്രാണികളെ ഭക്ഷിക്കുന്ന ഷഡ്പദ ഭോജികളും. പഴംതീനി വവ്വാലുകളെ തന്നെ പഴങ്ങള്‍ മാത്രമായി ഭക്ഷിക്കുന്നവയും തേന്‍ നുകരുന്നവയുമായി രണ്ടായി തരം തിരിക്കാം. ഭക്ഷണം തേടി 25 മുതല്‍ 50 കിലോമീറ്റര്‍ വരെ ദിനേന പഴംതീനി വവ്വാലുകള്‍ സഞ്ചരിക്കും. പിന്നീട് തിരിച്ച് പഴയ താവളത്തില്‍ തന്നെ എത്തും. പഴംതീനി വവ്വാലുകളാണ് ഇത്തരത്തില്‍ കൂടുതലായി സഞ്ചരിക്കുന്നത്.കേരളത്തില്‍ ഏതാനും നാട്ടു വൈദ്യന്‍മാര്‍ ചിലതരം അസുഖങ്ങള്‍ക്ക് മരുന്നായി വവ്വാലുകളുടെ മാംസം നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മതാചാരപ്രകാരം വവ്വാലുകളെ ബലികഴിക്കുന്നുമുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 2001ലും പശ്ചിമബംഗാളിലെ നാദിയയില്‍ 2007ലും നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. മരണവും സംഭവിച്ചു.

2018ലെ നിപ്പാ ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ വിദേശ ശാസ്ത്രജ്ഞയായ ഡെബോറ ജെ നെല്‍സണ്‍ പ്രദേശത്ത് വീണ്ടും നിപ്പാ ദുരന്തമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. 2021ല്‍ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ 12 വയസ്സുകാരന്റെ മരണം നിപ്പാ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു.