Connect with us

Editors Pick

മെയ് ഒന്ന് എങ്ങനെ ലോക തൊഴിലാളി ദിനമായി?

'ഇന്ന് നിങ്ങള്‍ കഴുത്തു ഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന ദിനം വരും.'

Published

|

Last Updated

‘ഇന്ന് നിങ്ങള്‍ കഴുത്തു ഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന ദിനം വരും.’- അതെ, മെയ് 1 ലോകമാകെ തൊഴിലാളികളുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്ന ദിവസമാണ്. അവകാശത്തിനുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, മനുഷ്യനുവേണ്ടി മുദ്രാവാക്യങ്ങള്‍ അലയടിക്കുന്ന ദിവസം. എങ്ങനെയാണ് മെയ് 1 പണിയെടുക്കുന്നവന്റെ ദിനമായത്? അതിനു പിന്നില്‍ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയുണ്ട്.

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍. അമേരിക്കയില്‍ സ്ത്രീകളും കുട്ടികളും അടക്കം ഒരേ പോലെ വിശപ്പും അധ്വാനത്തിന്റെ കാഠിന്യവും മൂലം മരിക്കുന്ന സമയം. മെച്ചപ്പെട്ട് കൂലിക്ക് വേണ്ടിയും പരിധിയില്ലാത്ത തൊഴില്‍ സമയത്തിനെതിരെയും തൊഴിലാളികള്‍ സംഘടിച്ചു. അങ്ങനെ ആദ്യത്തെ തൊഴിലാളി യൂണിയന്‍ ഉണ്ടായി. ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രെഡേഴ്സ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ്. യൂണിയന്റെ പ്രധാന ആവശ്യം തൊഴില്‍സമയം എട്ട് മണിക്കൂര്‍ ആക്കണമെന്നുള്ളതായിരുന്നു. എട്ടുമണിക്കൂറില്‍ കൂടുതല്‍ ഒരു നിമിഷം പോലും തൊഴില്‍ ചെയ്യില്ലെന്ന് തൊഴിലാളികള്‍ ഉറച്ചുപറഞ്ഞു. തൊട്ടടുത്ത വര്‍ഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂണിയനായ നൈറ്റ്‌സ് ഓഫ് ലേബേര്‍സും ഉണ്ടായി. രണ്ട് യൂണിയനും ചേര്‍ന്ന് മെയ് ഒന്നിന് ദേശവ്യാപകമായി സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു, 1886 മെയ് ഒന്നിന് മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് സമരത്തിനിറങ്ങി. അത് പത്ത് ലക്ഷത്തോളമായി.

സമരദിവസം ഏറ്റവും വലിയ റാലി നടന്നത് ചിക്കാഗോ നഗരത്തിലായിരുന്നു. 80,000 ലധികം തൊഴിലാളികള്‍ അവിടെ ഒത്തുകൂടി. തൊഴിലാളി സമരത്തിന്റെ മുന്‍ നിരയില്‍ നിലകൊണ്ടത് ആല്‍ബര്‍ട്ട പാര്‍സണും ഭാര്യ ലൂസിയുമായിരുന്നു. അച്ചടി ജോലിക്കാരനില്‍ നിന്ന് ദി ആലാം എന്ന പത്രികയുടെ പത്രാധിപര്‍ വരെയായി മാറിയതായിരുന്നു പാര്‍സണിന്റെ അന്നത്തെ വ്യക്തിത്വം. അങ്ങനെ പാര്‍സണും ലൂസിയയും നേതൃത്വം നല്‍കിയ ആ പ്രകടനം സമാധാനപരമായി അവസാനിച്ചു. ചിക്കാഗോ അന്നുവരെ കണ്ടിട്ടില്ലാത്ത ആവേശം എങ്ങും പരന്നു.

ആദ്യ രക്തസാക്ഷികള്‍
മെയ് ഒന്ന് ഉണ്ടാക്കിയ ആവേശം അസാധാരണമായിരുന്നു. അതേസമയം തൊഴിലുടമകളില്‍ അത് പകയുമുണ്ടാക്കി. തൊട്ടടുത്ത ദിവസം നഗരപ്രാന്തത്തിലെ ഒരു കൊയ്ത്ത് നിര്‍മാണ വ്യവസായ ശാലയില്‍ എട്ടുമണിക്കൂര്‍ ജോലിസമയത്തിനായി സമരമുണ്ടായി. തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ തടിച്ചുകൂടി. ആഗസ്റ്റ് സ്പൈസ് എന്ന തൊഴിലാളി നേതാവാണ് നേതൃത്വം നല്‍കിയത്. അതിനിടെ സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. അത് വെടിവെപ്പിലും എത്തി. പോലീസ് വെടിവെപ്പില്‍ നാല് തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു. മെയ് ഒന്നിന് ശേഷമുണ്ടായ സമരത്തിലെ ആദ്യ രക്തസാക്ഷികള്‍.

ചിക്കാഗോ കൂട്ടക്കൊല
‘തൊഴിലാളികളെ തിരിച്ചടിക്കാനൊരുങ്ങുക, ആയുധമെടുക്കുക’- നാല് തൊഴിലാളികളുടെ ചോരവീണ മണ്ണില്‍ നിന്ന് ആഗസ്ത് സ്പൈസ് പറഞ്ഞ വാക്കുകള്‍ ഷിക്കാഗോ തെരുവുകള്‍ ഏറ്റെടുത്തു. വെടിവെപ്പില്‍ പ്രതിഷേധിക്കാന്‍ മെയ് നാലിന് തൊഴിലാളികള്‍ ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഒത്തുകൂടി. തൊഴിലാളി യൂണിയന്‍ നേതാക്കളായ ആഗസ്ത് സ്പൈസും ആല്‍ബര്‍ട്ട് പാര്‍സണും അഭിസംബോധന ചെയ്യാനെത്തി. പ്രസംഗം കഴിഞ്ഞപ്പോള്‍ സ്പൈസും ലൂസിയും സിന്‍സിനാട്ടി നഗരത്തിലേക്ക് മടങ്ങി. ഒടുവില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ അവശേഷിച്ചു.

സാമുവല്‍ ഫീല്‍ഡണ്‍ എന്ന തൊഴിലാളി നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലേക്ക് ക്യാപ്റ്റന്‍ ജോണ്‍ ബോണ്‍ഫീല്‍ഡ് എന്ന പോലീസ് ഓഫീസറുടെ നേതൃത്വത്തില്‍ സായുധപോലീസ് ഇരച്ചെത്തി. സമാധാനപരമായി നടക്കുകയായിരുന്നു ചെറുയോഗത്തിനോട് പിരിഞ്ഞുപോകണം എന്ന് ജോണ്‍ ബോണ്‍ഫീല്‍ഡ് ആവശ്യപ്പെട്ടു. ഇതിനിടെ പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നാലെ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പും. സംഭവത്തില്‍ എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്ന കണക്ക് പുറത്തു വന്നില്ല. എന്നാല്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ എട്ട് തൊഴിലാളി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അവരെ കൊലക്കുറ്റത്തിന് വിചാരണയക്ക് വിധേയമാക്കി.

ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, ആഗസ്ത് സ്പൈസ്, സാമുവല്‍ ഫില്‍ഡണ്‍, അഡോള്‍ഫ് ഫിഷര്‍, മിഖായേല്‍ ഷ്വാബ്, ജോര്‍ജ് എഗല്‍, ഓസ്‌കര്‍ നീബ്, ലൂയി ലിങ് എന്നിവരായിരുന്നു അവര്‍. ഇതില്‍ യുവാവായ ഓസ്‌കാര്‍ നീബിനെ ഒഴികെ മറ്റു ഏഴ് പേരെ തൂക്കികൊല്ലാന്‍ കോടതി വിധിച്ചു. വിധിക്കെതിരെ നാടെങ്ങും പ്രതിഷേധം അലയടിച്ചു. പിന്നീട് സാമുവല്‍ ഫീല്‍ഡണ്‍, മൈക്കള്‍ സ്വാബ് എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഗവര്‍ണര്‍ ഇളവ് ചെയ്തു. ലൂയി ലിങ്ങാകട്ടെ കഴുമരത്തിലേറ്റുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. തന്നെ വധിക്കാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മരണം.

1887 നവംബര്‍ 11 ന് നേരം പുലര്‍ന്നപ്പോള്‍ ബാക്കി നാലുപേരും അഭിമാനത്തോടെ കഴുമരത്തിലേക്ക് നടന്നടുത്തു. തൊട്ടടുത്ത ഞായറാഴ്ചയാണ് നേതാക്കളുടെ സംസ്‌കാരം നടന്നത്. നൂറുകണക്കിന് തൊഴിലാളികളുടെ അകമ്പടിയോടെ ചിക്കാഗോയുടെ പടിഞ്ഞാറുള്ള ഫോറസ്റ്റ് പാര്‍ക്കിലെ വാള്‍ഡേം സെമിത്തേരിയിലായിരുന്നു സംസ്‌കാരം.

ചിക്കാഗോ കൂട്ടക്കൊല ലോകമെങ്ങും ചര്‍ച്ചയായി. ലോകത്തെങ്ങും തൊഴിലാളി വര്‍ഗം കരുത്തായി പടര്‍ന്നു. 1889 ജൂലൈ 14ന് ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി പാരീസില്‍ സംഘടിപ്പിക്കപ്പെട്ട ലോക തൊഴിലാളി കോണ്‍ഗ്രസ്സില്‍ മെയ് ഒന്ന് തൊഴിലാളി ദിനമാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നു. മൂന്ന് വര്‍ഷം കൂടി കഴിഞ്ഞ് 1892ല്‍ സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ മെയ് ഒന്ന് ലോകതൊഴിലാളി ദിനമായി പ്രമേയത്തിലൂടെ അംഗീകരിക്കപ്പെട്ടു.

ലോകമാകെയുള്ള തൊഴിലാളികളെ കോര്‍ത്തിണക്കുന്ന വര്‍ഗബോധത്തിന്റെ മഹത്വം മെയ് ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.