Connect with us

CHERIYAN PHILIP JOINGG CONGRESS

ചെറിയാന്‍ ഫിലിപ്പിന് സത്യപ്രതിജ്ഞക്ക് പാസ് കിട്ടാതായത് എങ്ങിനെ?

പാര്‍ട്ടിയുടേയും രണ്ടാം പിണറായി സര്‍ക്കാറിന്റേയും ചില ജഗ്രതകളോ?

Published

|

Last Updated

കോഴിക്കോട് |  ഒന്നാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പാസ് വിതരണച്ചുമതല ഉണ്ടായിരുന്ന ചെറിയാന്‍ ഫിലിപ്പിന് രണ്ടാം പിറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാസ് കിട്ടിയില്ല എന്ന ആരോപണത്തിന്റെ വേരുകളാണ് ചെറിയാന് പുറത്തേക്ക് വഴിതുറന്നത് എന്നു സൂചന.

ഇരുപതുവര്‍ഷത്തെ സി പി എം സഹയാത്രിക ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് തറവാട്ടില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പാണ് സി പി എം കാണിച്ച ഈ അവഗണനയുടെ കഥ വെളിപ്പെടുത്തിയത്.

‘പുത്തലത്ത് ദിനേശനോട് തനിക്കു പാസില്ലെ എന്നു ചോദിച്ചപ്പോള്‍ താങ്കളുടെ പേര് ലിസ്റ്റില്‍ കാണുന്നില്ല’ എന്നായിരുന്നു മറുപടി എന്നു ചെറിയാന്‍ഫിലിപ്പ് വെളിപ്പെടുത്തിയിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറില്‍ സെക്രട്ടയറ്റില്‍ ഉന്നത പദവിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമിടയില്‍ ഇരിപ്പുറപ്പിച്ച ചെറിയാന്‍ ഫിലിപ്പിനെ തുടര്‍ ഭരണം കിട്ടിയപ്പോള്‍ എന്തിനു കൈവിട്ടു എന്ന ചോദ്യത്തിനു നിരവധി ഉത്തരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
അതില്‍ പ്രധാനം മറ്റൊരു സി പി എം സഹയാത്രികനായ കെ ടി ജലീല്‍ മന്ത്രിയായപ്പോള്‍, താന്‍ വെറുമൊരു ഉദ്യോഗസ്ഥനായി ചുരുങ്ങിയെന്ന അപകര്‍ഷത്തില്‍ നിന്ന് ചെറിയാന്‍ ഫിലിപ്പ് ചില കടുംകൈകള്‍ക്കു മുതിര്‍ന്നു എന്ന സൂചനയാണു പുറത്തുവരുന്നത്.

കേരളത്തില്‍ ഭവനരഹിതരായ എല്ലാവര്‍ക്കും വീടു വെച്ചു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ 2016ല്‍ ആരംഭിച്ച ലൈഫ് മിഷന്റെ വടക്കാഞ്ചേരി ലൈഫ് പദ്ധതിയെ വിവാദത്തിലേക്കു വലിച്ചിഴക്കുന്നതില്‍ സെക്രട്ടറിയറ്റില്‍ നിന്നു സുപ്രാധാന വിവരങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയിരുന്നു എന്നാണു വിവരം.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ യു എ ഇ കോണ്‍സുലേറ്റ് മുന്‍-ഉദ്യോഗസ്ഥ എന്‍ ഐ എക്ക് നല്‍കിയ ഒരു മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വിവാദം തുടങ്ങുന്നത്. അവരുടെ അക്കൗണ്ടില്‍ കണ്ട ഒരു തുകയുടെ ഉറവിടം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യു എ ഇയുടെ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് നിര്‍മിച്ചു നല്‍കാനുദ്ദേശിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ കരാറുമായി ബന്ധപ്പെട്ട് അവര്‍ക്ക് ലഭിച്ച കൈക്കൂലിയാണ് എന്നായിരുന്നു ആ മൊഴി. എന്‍ ഐ എയുടെ തുടരന്വേഷണത്തില്‍ ഇവര്‍ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍, സ്വര്‍ണക്കള്ളത്തില്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, അവര്‍ ഈ കള്ളമൊഴിയില്‍ പിടിച്ചു തൂങ്ങി. മലയാളികളുടെ അഭിമാന പദ്ധതിയായ ലൈഫ് മിഷനെതിരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിത്തുടങ്ങി. ഈ വിവാദത്തില്‍ സെക്രട്ടറിയറ്റില്‍ നിന്നു വിവരങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്കു കിട്ടിയിരുന്നു എന്നുറപ്പാണ്.

ഇതിന്റെ ഭാഗമായി പാര്‍ട്ടിയും സര്‍ക്കാറും ആരംഭിച്ച ജാഗ്രതയുടെ ഭാഗമായാണോ ചെറിയാന്‍ ഫിലിപ്പിനു പാസ് കിട്ടാതെ പോയത് എന്ന സംശയം ഉപ്പോള്‍ ശക്തമാവുന്നു. അഭയ കേന്ദ്രത്തില്‍ കിടന്നു മരിക്കുന്നതിനേക്കാള്‍ നല്ലത് തറവാട്ടില്‍ കിടന്നു മരിക്കുന്നതാണെന്നു പ്രഖ്യാപിച്ചു കോണ്‍ഗ്രസില്‍ തിരിച്ചെത്തുമ്പോള്‍ ചെറിയാന്‍ ഫിലിപ്പിന് വലിയ സ്ഥാനമാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് ആദരിക്കുന്നതിനു പിന്നില്‍ ഇത്തരം ഉപകാര സ്മരണങ്ങളാണെന്നും ചിലര്‍ കരുതുന്നു.

എ കെ ആന്റണിയുടെ കാലാവധി കഴിയുന്ന രാജ്യസഭാ സീറ്റ് അടക്കം ചെറിയാന്‍ ഫിലിപ്പിനു നല്‍കുമെന്നാണു കരുതുന്നത്. പാര്‍ട്ടിയില്‍ സുപ്രധാനവും മാന്യവുമായ പദവി നല്‍കാനാണ് നേതൃത്വം ആലോചിക്കുന്നത്. സി പി എമ്മിലെയും സര്‍ക്കാരിലെയും ഉള്ളറയിലെ കഥകളറിയാവുന്ന ചെറിയാനെ സി പി എമ്മിനും സര്‍ക്കാറിനും എതിരായ നീക്കങ്ങളില്‍ മുന്നില്‍ നിര്‍ത്താമെന്നു കോണ്‍ഗ്രസ് കരുതുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് കെ പി സി സി യോഗത്തിന് ശേഷം പ്രത്യേക ചടങ്ങില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച് ചെറിയാന്‍ കോണ്‍ഗ്രസിലെ മുന്‍നിരയിലേക്ക് പ്രവേശിക്കും. സി പി എമ്മിനെ വരും ദിവസങ്ങളില്‍ പ്രതിരോധത്തില്‍ നിര്‍ത്താന്‍ കഴിയുന്ന വലിയ ആയുധമായി ചെറിയാന്‍ ഫിലിപ്പ് സ്വയം മാറുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പലരും ചീങ്കണ്ണികളാണെന്നും മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ഭയക്കുന്നു എന്നതടക്കം ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസിനു വരും നാളില്‍ ചെറിയാന്‍ ഫിലിപ്പ് നല്‍കാന്‍ പോകുന്ന ആയുധങ്ങളുടെ ചെറിയ പതിപ്പുകളാണെന്നാണ് അവര്‍ കരുതുന്നത്.

വരാനിരിക്കുന്ന വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷ നേതൃനിരക്ക് കരുത്ത് പകരുമെന്നും അവര്‍ കരുതുന്നുണ്ട്. കോണ്‍ഗ്രസ് വിട്ടു സി പി എമ്മില്‍ ചേക്കേറാന്‍ സാധ്യതയുള്ളവരെ തടയാനും ചെറിയാന്റെ വരവു സഹായകരമാവുമെന്നാണു കരുതുന്നത്. സി പി എമ്മില്‍ പോകുന്നവര്‍ പോയി അനുഭവിച്ച് വരട്ടെ എന്ന ചെറിയാന്റെ വാക്യം കോണ്‍ഗ്രസ്സുകാര്‍ നന്നായി പ്രചരിപ്പിക്കുന്നുമുണ്ട്.

കെ പി സി സി ഭാരവാഹിത്വം വേണ്ട, പാര്‍ലിമെന്ററി പദവി മതിയെന്നു തുടക്കത്തില്‍തന്നെ വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. കെ സുധാകരന്‍ പ്രഖ്യാപിച്ച പാര്‍ട്ടി സ്‌കൂളിന്റെ തലപ്പത്ത് ഇരിക്കാന്‍ തയ്യാറാകണമെങ്കില്‍ പേരിനുപിന്നില്‍ എം പി എന്ന പദവി ഉണ്ടാവണമെന്നാണ് ചെറിയാന്‍ നേതാക്കളെ അറിയിച്ചത്. പാര്‍ട്ടി അംഗത്വം നല്‍കിയ ശേഷം കെ സുധാകരനും വി ഡിസതീശനും ചെറിയാന്‍ ഫിലിപ്പുമായി ആലോചിച്ചായിരിക്കും പദവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest