Connect with us

iuml

മുസ്്ലിം ലീഗ് എങ്ങിനെ കേഡര്‍ പാര്‍ട്ടിയാവും?

പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാര്‍ട്ടി സംഘടന അടിമുടി മാറുമെന്നാണ് പറയുന്നത്

Published

|

Last Updated

മുസ്്ലിം ലീഗ് കേഡര്‍ പാര്‍ട്ടിയാകാന്‍ പോവുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാര്‍ട്ടി സംഘടന അടിമുടി മാറുമെന്നാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നത്.

പാര്‍ട്ടിയുടെ അന്തിമ തീരുമാനങ്ങള്‍ പാണക്കാട്ടേക്കു വിടുന്ന സംഘടനാ സംവിധാനമാണ് ഏറെക്കാലമായി ലീഗ് പിന്‍തുടരുന്നത്. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട ഘട്ടത്തില്‍ പാര്‍ട്ടി സംവിധാനം പരിഹാസ്യമായിപ്പോകുന്ന ഈ അവസ്ഥകളെ മറികടന്നു കാലാനുസൃതമായി പാര്‍ട്ടിയെ നവീകരിക്കുക എന്നതാണ് സാദിഖലി തങ്ങളുടെ ലക്ഷ്യം എന്നാണു കരുതുന്നത്.

തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ ഉയര്‍ന്നു കേട്ട പാര്‍ട്ി സംവിധാനമായിരുന്നു ഉന്നതാധികാര സമിതി. പാര്‍ട്ടിയുടെ ഭരണഘടനാ ബാഹ്യമായ ഈ സംവിധാനം ചിലരില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനു കാരണമായെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതോടെയാണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷനായ ഭരണഘടനാ ഭേദഗതി സമിതി ചില തിരുത്തലുകള്‍ കൊണ്ടുവന്നത്. സംസ്ഥാന ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി 21 അംഗ സെക്രട്ടറിയേറ്റ് നിലവില്‍ വന്നത് അങ്ങിനെയാണ്.

 

നൂറംഗങ്ങളുള്ള പ്രവര്‍ത്തക സമിതിയും അഞ്ഞൂറോളം അംഗങ്ങളുള്ള സംസ്ഥാന സമിതിയും ഉണ്ടായിട്ടും സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നതു ഭരണഘടനയില്‍ ഇല്ലാത്ത ഉന്നതാധികാര സമിതിയായിരുന്നു. അതിനു പകരമാണ് സെക്രട്ടറിയറ്റിനെ കൊണ്ടുവന്നത്.
ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ചെയര്‍മാന്‍ അടക്കം അഞ്ചംഗങ്ങളുള്ള അച്ചടക്ക സമിതി നിലവില്‍ വന്നതും സംഘടനാ രംഗത്തെ സുപ്രധാന ചുവടുവയ്പ്പായിരുന്നു.

സംസ്ഥാന പ്രസിഡന്‍ിന് സുപ്രധാന കാര്യങ്ങളില്‍ കൂടിയാലോചന നടത്താല്‍ മുതിര്‍ന്നനേതാക്കളുടെ വേദിഎന്ന നിലയില്‍ രൂപംകൊണ്ട ഉന്നതാധികാര സമിതി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായിരുന്ന കാലത്താണ് ശക്തിപ്രാപിച്ചത്. ഈ ഉന്നതാധികാര സമിതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാക്കളുടെ താല്‍പര്യങ്ങള്‍ പാര്‍ട്ടി താല്‍പര്യമായി നടപ്പാക്കപ്പെടുന്ന അവസ്ഥ പിന്നീട് വന്നു ചേര്‍ന്നു.

ചെന്നൈയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി നല്‍കിയിരുന്നു. ഈ തീരുമാനം മുന്‍ നിര്‍ത്തിയാവും പാര്‍ട്ടി സംഘടനയെ കേഡര്‍ ഘടനയിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക.

സെക്രട്ടറിയറ്റും അച്ചടക്ക സമിതിയും ഉണ്ടായെങ്കിലും അന്തിമ തീരുമാനം ഇപ്പോഴും പാണക്കാട്ടേക്കു വിടുന്ന അവസ്ഥയാണുള്ളത്. പാണക്കാട്ടുനിന്നുള്ള തീരുമാനം മാത്രമേ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാതെ നടപ്പാകൂ എന്ന അവസ്ഥ നിലനില്‍ക്കുകയാണ്. ഈ അവസ്ഥക്ക് എത്രകണ്ടു മാറ്റം വരുത്താനാവും എന്നത് ചോദ്യ ചിഹ്നമാണ്.

കേഡര്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന ഘടകം കൂട്ടായ തീരുമാനമെടുക്കുകയും അതു പാര്‍ട്ടിയില്‍ ജനാധിപത്യ പരമായി നടപ്പാക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. ഇത്തരമൊരു സംവിധാനം വേണമെന്നാണ് ഇപ്പോള്‍ സാദിഖലി തങ്ങള്‍ ആഗ്രഹിക്കുന്നത്.

മുസ്്ലിം ലീഗിന്റെ ഭരണഘടന പ്രകാരം പാര്‍ട്ടിയുടെ നയരൂപീകരണ വേദി സംസ്ഥാന കൗണ്‍സിലാണ്.
ജില്ല പ്രസിഡന്റുമാരും സെക്രട്ടറമാരും ജില്ലാ കൗണ്‍സിലില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്യുന്ന അഞ്ച് എക്സ് ഒഫീഷ്യോ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കൗണ്‍സില്‍.
ഇതിനെ മറികടന്നാണ് ഏറെക്കാലമായി സംസ്ഥാന പ്രസിഡന്റും ജന. സെക്രട്ടറിയും കേരളത്തില്‍ നിന്നുള്ള ദേശീയ ഭാരവാഹികളും മലപ്പുറം ജില്ലാ പ്രസിഡന്റും ഉള്‍പ്പെടുന്ന പത്തുപേര്‍ ഉന്നതാധികാര സമിതി എന്ന നിലയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്.
സമിതിയില്‍ ഒന്നോരണ്ടോ പേര്‍ മാത്രമാണു മലപ്പുറം ജില്ലക്കു പുറത്തുള്ളവര്‍. പാര്‍ട്ടിയുടെ ആസ്ഥാനം മലപ്പുറത്തു കേന്ദ്രീകരിച്ചു നില്‍ക്കുന്ന അവസ്ഥയും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

 

ഇത്തരം ദൗര്‍ബല്യങ്ങള്‍ക്കു പരിഹാരം കാണണമെന്നു പാര്‍ട്ടിയുടെ അഭ്യുദയ കാംക്ഷികളില്‍ നിന്നു സാദിഖലി തങ്ങള്‍ക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടുമുന്നണികള്‍ ശക്തമായി നില്‍ക്കുകയാണ്. ഈ സംവിധാനത്തില്‍ വിള്ളല്‍ ഉണ്ടാക്കിയാല്‍ മാത്രമേ കേരളത്തില്‍ കടന്നുകയറാന്‍ കഴിയൂ എന്നു തിരിച്ചറിഞ്ഞ ബി ജെ പി തന്ത്രങ്ങള്‍ മെനയുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളുടെ നിര്‍ണായക നീക്കം.

ത്രിപുരയില്‍ തിപ്ര മോത പോലുള്ള പ്രതിഭാസങ്ങളെ എല്ലാം സംസ്ഥാനത്തും കൊണ്ടുവന്നു ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബി ജെ പി പ്രയോഗിക്കുന്നത്. ജമാഅത്തെ ഇസ്്ലാമിയുമായി ആര്‍ എസ് എസ് നടത്തിയ ചര്‍ച്ച ഈ നീക്കത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തപ്പെട്ടത്. ജനസ്വാധീനം കുറവാണെങ്കിലും ജമാഅത്തെ ഇസ്്ലാമിയുടെ മാധ്യമ സ്വാധീനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗിച്ചു ന്യൂനപക്ഷ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന ആര്‍ എസ് എസ് തന്ത്രമായിരുന്നു ഇത്തരം ചര്‍ച്ചക്കു പിന്നിലെന്നു ലീഗും മനസ്സിലാക്കുന്നുണ്ട്.

വരാനിരിക്കുന്ന നാളുകള്‍ അത്യന്തം ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തിലേക്കു നീങ്ങുന്നതിനാല്‍ പാര്‍ട്ടി സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കിമാത്രമേ മുന്നോട്ടു പോകാന്‍ കഴിയു എന്നു ലീഗ് വിലയിരുത്തുന്നു. ന്യൂനപക്ഷ സമൂഹത്തില്‍ ഇപ്പോഴും വിശ്വാസ്യതയും ജന പിന്‍തുണയുമുള്ള പാര്‍ട്ടി എന്ന നിലയില്‍ പുതിയ തലമുറയെ പിടിച്ചു നിര്‍ത്തുന്നതിനു പാര്‍ട്ടി സംവിധാനത്തില്‍ കേഡര്‍ സ്വഭാവം ആവശ്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ കാര്യത്തില്‍ എത്രമാത്രം മുന്നോട്ടു പോകാന്‍ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയില്‍ മുസ്്ലിം ലീഗിന്റെ കരുത്തു നിര്‍ണയിക്കപ്പെടുക.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest