Uae
ഹോളി ഖുർആൻ അവാർഡ് പരിപാടികൾ പ്രഖ്യാപിച്ചു
എൻട്രികൾ മെയ് 21 മുതൽ ജൂലൈ 20 വരെ സ്വീകരിക്കും.

ദുബൈ | ഹിജ്‌റ 1447ലെ ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് 28-ാമത് പതിപ്പിന്റെ പരിപാടികൾ പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് ടവേഴ്‌സിൽ നടന്ന വാർത്താസമ്മേളനത്തിൽ, ഖുർആൻ മത്സരങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതാണ് പുതിയ പതിപ്പെന്ന് അധികൃതർ വ്യക്തമാക്കി.
“ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ ശബ്ദം’ എന്ന മുദ്രാവാക്യത്തോടെ, ഖുർആൻ മനഃപാഠം, പാരായണം, പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ദർശനവുമായി അവാർഡ് പരിപാടികൾ നടക്കും. മത്സരം മൂന്ന് വിഭാഗങ്ങളായി വിപുലീകരിച്ചു. പുരുഷ-വനിതാ ഖുർആൻ മനഃപാഠ വിഭാഗങ്ങൾ, ഇസ്്ലാമിക വ്യക്തിത്വ അവാർഡ് എന്നിവക്ക് പുറമെ ആദ്യമായി സ്ത്രീകൾക്കായി പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് ഒരു മില്യൺ ഡോളർ സമ്മാനം ലഭിക്കും. മൊത്തം 12 മില്യൺ ദിർഹം സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്.
പങ്കെടുക്കുന്നവർക്ക് നേരിട്ടോ അംഗീകൃത ഇസ്്ലാമിക കേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം. എൻട്രികൾ മെയ് 21 മുതൽ ജൂലൈ 20 വരെ സ്വീകരിക്കും. പ്രാഥമിക – വെർച്വൽ വിലയിരുത്തലുകൾ ജൂലൈ – സെപ്തംബർ മാസങ്ങളിൽ നടക്കും. മത്സരാർഥികൾ ഖുർആൻ പൂർണമായി മനഃപാഠമാക്കുകയും പാരായണ നിയമങ്ങൾ പഠിക്കുകയും 16 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കുകയും വേണം. ഇലക്ട്രോണിക് പാരായണ വിലയിരുത്തൽ, വെർച്വൽ ടെസ്റ്റിംഗ്, റമസാനിലെ രണ്ടാം ആഴ്ചയിൽ ദുബായിൽ നടക്കുന്ന വ്യക്തിഗത പരീക്ഷ എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘട്ടങ്ങളിലാണ് മത്സരം.
ദുബൈ ഇസ്്ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്ഡയറക്ടർ ജനറലും അവാർഡ് ബോർഡ് ചെയർമാനുമായ അഹ്്മദ് ദർവീഷ് അൽ മുഹൈരിയാണ് വിശദാംശങ്ങൾ വ്യക്തമാക്കിയത്.
വിശുദ്ധ ഖുർആൻ മനുഷ്യരാശിക്ക് ദൈവത്തിന്റെ ഏറ്റവും വലിയ സന്ദേശവും സ്വർഗത്തിലേക്കുള്ള ഏറ്റവും അടുത്ത പാതയുമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഈ അവസരത്തിൽ എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ വ്യക്തമാക്കി.