Connect with us

Congress leader in BJP

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബി ജെ പിയില്‍

കൂടുമാറ്റം നവംബറില്‍ ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Published

|

Last Updated

ന്യൂഡല്‍ഹി ‌| പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള പ്രതിസന്ധിയും രാജസ്ഥാനിലെ വിഭാഗീയതയും രൂക്ഷമായിരിക്കെ ഹിമാചല്‍ പ്രദേശില്‍ നിന്നും കോണ്‍ഗ്രസിന് വലിയ തിരിച്ചടി. പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ബി ജെ പിയില്‍ ചേര്‍ന്നു.

ഛംബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച നേതാവാണ് മഹാജന്‍. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസിന് സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. ‘സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേതാവില്ല, കാഴ്ച്ചപ്പാടില്ല, അടിത്തട്ടില്‍ പ്രവര്‍ത്തകരില്ല, കുടുംബാധിപത്യം മാത്രമാണുള്ളതെന്നും മഹാജന്‍ പറഞ്ഞു.

മുന്‍ മന്ത്രിയും സ്പീക്കറുമായ രാജ് മഹാജന്റെ മകനാണ് ഹര്‍ഷ് മഹാജന്‍. 1972 മുതല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹത്തിന് സ്വദേശമായ ഛംബയില്‍ വലിയ സ്വാധീനമാണുള്ളത്. 1986 മുതല്‍ 1995 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു. വരുന്ന നവംബറില്‍ ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൂടുമാറ്റം. രാഹുലിന്റെ ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം ഗുലാം നബി ആസാദിന് പിന്നാലെ പാര്‍ട്ടി വിടുന്ന മറ്റൊരു പ്രമുഖ നേതാവാണ് ഹര്‍ഷ് മഹാജന്‍.