International
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുത്തതായി സൂചന; പേര് രഹസ്യമാക്കി വെക്കുന്നത് സുരക്ഷാ കാരണങ്ങളാൽ
പുതിയ നേതാവിൻ്റെ ജീവൻ സംരക്ഷിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് ടെഹ്റാൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സൊഹ്‌റെ ഖറാസ്മി
ടെഹ്റാൻ | കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി ഇസ്റാഈൽ-അമേരിക്കൻ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകാൻ ഇറാൻ്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തുകഴിഞ്ഞതായി സൂചന. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഈ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ടെഹ്റാൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സൊഹ്‌റെ ഖറാസ്മി വെളിപ്പെടുത്തി. പുതിയ നേതാവിൻ്റെ ജീവൻ സംരക്ഷിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ അൽ ജസീറ ചാനലിനോട് പറഞ്ഞു.
അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിന്ന് അസംബ്ലി ഓഫ് എക്സ്പെർട്‌സിലെ എട്ട് അംഗങ്ങൾ വിട്ടുനിന്നുവെന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അവർ തള്ളിക്കളഞ്ഞു. ഇറാനിലെ കുർദിഷ് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളെയും അവർ നിഷേധിച്ചു.
കുർദിഷ് സായുധ സംഘങ്ങൾ അമേരിക്കയുമായി ചേർന്ന് ഇറാന്റെ പടിഞ്ഞാറൻ മേഖലയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന വാർത്തകൾ വെറും രാഷ്ട്രീയ പ്രചാരണം മാത്രമാണ്. രാജ്യത്ത് നിലവിൽ സർക്കാരിന് വലിയ തോതിലുള്ള ജനപിന്തുണയുണ്ടെന്നും സൊഹ്‌റെ ഖറാസ്മി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിഷ് മേഖലയിൽ ഇറാൻ സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു.
Summary
Reports from Tehran indicate that Iran’s next Supreme Leader may have already been selected by the Assembly of Experts, though the identity remains undisclosed for security reasons. Professor Zohreh Kharazmi dismissed rumors of internal boycotts and reaffirmed strong social solidarity in Iran despite foreign interference. Meanwhile, Iranian forces continue operations against Kurdish groups as regional tensions escalate.



