Connect with us

Kerala

ഹിജ്‌റ കോണ്‍ഫറന്‍സ് ഞായറാഴ്ച സ്വലാത്ത് നഗറില്‍

പതിനായിരങ്ങളുടെ ആത്മീയ വേദിയാകും

Published

|

Last Updated

മലപ്പുറം | ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക്് സാക്ഷ്യം വഹിച്ച മുഹര്‍റം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഹിജ്‌റ കോണ്‍ഫറന്‍സ് ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ നോമ്പ്തുറ വരെ സ്വലാത്ത്  നഗറില്‍ നടക്കും. ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന വിവിധ ആത്മീയ പരിപാടികളിലേക്ക് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങള്‍ സംബന്ധിക്കും.

പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹര്‍റത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍. ഹിജ്റ വര്‍ഷാരംഭം കൂടിയായ മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം. ഫസ്റ്റ് ഓഫ് മുഹര്‍റം, ഹിജ്‌റ സെമിനാര്‍, ഗോളശാസ്ത്ര ശില്‍പ്പശാല, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

ഹിജ്‌റ സമ്മേളനത്തിന്റെ ഭാഗമായി നാളെ വനിതകള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ ഹോം സയന്‍സ് ക്ലാസും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.  മുഹര്‍റം 10ന് ഞായറാഴ്ച രാവിലെ 7ന് ആത്മീയ സമ്മേളനത്തിന് തുടക്കമാകും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മൗലിദ്, മുഹറം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക.

പ്രാര്‍ത്ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. കാല്‍ ലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും.

മുഹര്‍റം ദുഖത്തിന്റെയും വേദനയുടെയും അവസരമായി അവതരിപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. അല്ലാഹുവിന്റെ നിരവധി അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പെയ്തിറങ്ങിയ ഈ വേളകളെ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവനിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടുമാണ് ചിലവഴിക്കേണ്ടത്. അതിനുള്ള അവസരമാണ് മുഹര്‍റം ആചരണത്തിലൂടെ മഅ്ദിന്‍ അക്കാദമി ഒരുക്കുന്നത്.

ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഗ്രാന്റ് മസ്ജിദിലെ സൗകര്യങ്ങള്‍ക്ക് പുറമെ വിശാലമായ പന്തല്‍, ഓഡിറ്റോറിയം സൗകര്യങ്ങളും പരിപാടി തത്സമയം വീക്ഷിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആത്മീയ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് നിസ്‌കാരം, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ പ്രത്യേക സൗകര്യങ്ങളുമുണ്ടാവും. വിവിധ റൂട്ടുകളില്‍ സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും. പരിപാടിയില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും ഇഫ്ത്വാര്‍ കിറ്റുകള്‍ വിതരണം ചെയ്യും.  വിവരങ്ങള്‍ക്ക്: 9072310111, 9072310222

---- facebook comment plugin here -----

Latest