Kerala
കണ്ണൂരില്‍ പി എസ് സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി; പിടിയിലായപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം,പിറകെ ഓടി പിടികൂടി പോലീസ്
കോപ്പിയടി മൈക്രോ ക്യാമറ, ഇയര്‍ഫോണ്‍ എന്നിവ ഉപയോഗിച്ച്

കണ്ണൂര്‍ | കണ്ണൂര്‍ പയ്യാമ്പലത്ത് പി എസ് സി പരീക്ഷയില്‍ മൈക്രോ ക്യാമറ, ഇയര്‍ഫോണ്‍ എന്നിവ ഉപയോഗിച്ച് കോപ്പിയടിച്ചയാള്‍ പിടിയില്‍. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷക്കിടെയാണ് ഈ ഹൈടെക് കോപ്പിയടി. സംഭവത്തില്‍ പെരളശേരി സ്വദേശി മുഹമ്മദ് സഹദിനെ പിഎസ് സി വിജിലന്‍സ് വിഭാഗം പിടികൂടി. പയ്യാമ്പലം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷക്കിടെയാണ് സംഭവം.
പരീക്ഷയ്ക്കിടെ പിഎസ്സി വിജിലന്‍സ് വിഭാഗത്തിന് സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഷര്‍ട്ടിന്റെ കോളറില്‍ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിന്റെ ഉത്തരങ്ങള്‍ ബ്ലൂടൂത്ത് ഇയര്‍ഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് കോപ്പിയടി നടന്നത്. ഇത് പരിശോധനയില്‍ പിഎസ് സി വിജിലന്‍സ് വിഭാഗം കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.