Connect with us

monson mavunkal case

മോന്‍സണ്‍ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി; ഇ ഡിയെ കക്ഷി ചേര്‍ക്കാന്‍ അനുമതി

നേരത്തേ, മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കും എ ഡി ജി പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായിരുന്നു

Published

|

Last Updated

കൊച്ചി | മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഹൈക്കോടതി. ഡി ജി പിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കോടതി പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും മോന്‍സണ്‍ നിര്‍ബാധം മുന്നോട്ട് പോയി. കൃത്യമായി പോലീസ് ഇടപെടല്‍ ഉണ്ടായെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം ഒഴിവാക്കാമായിരുന്നു. അന്വേഷണം ശരിയായ ദിശയിലായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നേരത്തേ, മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കും എ ഡി ജി പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായിരുന്നു. പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ ഇരുവരും സന്ദര്‍ശിച്ച ചിത്രങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഇവര്‍ എന്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയെതെന്ന് കോടതി ചോദിച്ചു. സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് എ ഡി ജി പിയും വെറുതേ ഒരു വീട്ടില്‍ പോകുമോ എന്നും കോടതി ചോദിച്ചു.

മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാം അയച്ച കത്ത് എവിടെ എന്ന് ആരാഞ്ഞ കോടതി സത്യവാങ്മൂലം വായിച്ച് നോക്കാനും ഡി ജി പിയോട് പറഞ്ഞു.

സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളത് കൊണ്ടാണ് കേസിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ കേസിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം, ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണിന്റെ വീട്ടിലേക്ക് ക്ഷണിച്ചത് അനിത പുല്ലയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എ ഡി ജി പി മനോജ് എബ്രഹാമിനെ ക്ഷണിച്ചതും അനിതാ പുല്ലയില്‍ ആണെന്ന് സര്‍ക്കാര്‍. ബെഹ്‌റയുടേയും അനിതയുടേയും മൊഴികളില്‍ ഇത് വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പുരാവസ്തുക്കള്‍ കാണാനാണ് ഇരുവരേയും ക്ഷണിച്ചത്. കേസില്‍ പോലീസുകാരെ പ്രതികളാക്കിയിട്ടില്ലെന്നും എല്ലാ വശവും പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഐ ജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസില്‍ ഇ ഡിയെ കക്ഷി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Latest