Connect with us

National

ഹീരാബെൻ മോദിയുടെ മൃതദേഹം സംസ്കരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ മൃതദേഹം സംസ്കരിച്ചു.  ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.

അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിൽ  ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നരയോടെ ആയിരുന്നു ഹീരാബെൻ മോദിയുടെ അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്  ചൊവ്വാഴ്ചയാണ് ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ 6:20 ന്  പ്രധാനമന്ത്രി  ട്വിറ്ററിലൂടെയാണ് മാതാവിന്റെ മരണവിവരം അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു. ഒരു സന്യാസിയുടെ യാത്രയും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾപ്പെടുന്ന ആ ത്രിത്വം അമ്മയിൽ തനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എഴുതി.

മരണവിവരം അറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഗാന്ധിനഗറിലെ റെയ്‌സൻ ഗ്രാമത്തിലുള്ള ഭായ് പങ്കജ് മോദിയുടെ വീട്ടിലെത്തിയ അദ്ദേഹം, അമ്മയുടെ മൃതദേഹം തോളിലേറ്റി വിലാപയാത്രയിൽ പങ്കെടുത്തു.

അമ്മ ഹീരാ ബായുടെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ജോലിയിൽ തിരിച്ചെത്തി. അഹമ്മദാബാദിൽ രാവിലെ 9.40ന് അമ്മയ്ക്ക് തീ കൊളുത്തി. ഇതിന് ശേഷം ബംഗാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അഹമ്മദാബാദിൽ നിന്ന് തന്നെ വീഡിയോ കോൺഫറൻസിങ് വഴി ചേർന്നു. ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി മാതാവിനെ സന്ദർശിച്ചിരുന്നു.