National
ശരദ് പവാറിനെതിരേ വിദ്വേഷ പോസ്റ്റ്; മറാത്തി നടിയെ കസ്റ്റഡിയില്‍ വിട്ടു
അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷം പടര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

താനെ | നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്‌തെന്നാരോപിച്ച് അറസ്റ്റിലായ മറാത്തി നടി കേതകി ചിതാലെയെ മഹാരാഷ്ട്ര കോടതി 18 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഫേസ്ബുക്ക് പേജില്‍ അപകീര്‍ത്തിപരമായ പോസ്റ്റ് ഷെയര്‍ ചെയ്തതിന് ചിറ്റാലെ (29)യെ ശനിയാഴ്ചയാണ് താനെ പോലീസ് അറസ്റ്റ് ചെയ്തത്.
പവാറിനെ കുറിച്ച് ആക്ഷേപകരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ചിറ്റാലെയെ കൂടാതെ 23 കാരനായ ഫാര്‍മസി വിദ്യാര്‍ത്ഥി നിഖില്‍ ഭാംരെയെയും ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റാരോ എഴുതിയ പോസ്റ്റാണ് ചിതാല പോസ്റ്റ് ചെയ്തത്.
നരകം കാത്തിരിക്കുന്നു, നിങ്ങള്‍ ബ്രാഹമണന്‍മാരെ വെറുക്കുന്നു തുടങ്ങിയ ആക്ഷേപകരമായ വാക്യങ്ങള്‍ പവാറിനെതിരെ എഴുതിയിരുന്നു.
നടിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് എന്‍ സി പി ആവശ്യപ്പെട്ടിരുന്നു. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്‍ സി പി പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് മുദ്രാവാക്യം വിളിക്കുകയും നടിക്ക് നേരെ മുട്ടയേറ് നടത്തുകയും ചെയ്തു. നടിക്കെതിരേ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷം പടര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.