haridwar hatespeech
ഹരിദ്വാര്‍ വംശഹത്യാ പ്രസംഗം: കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി
മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഇക്കാര്യം ഉന്നയിച്ചത്.
		
      																					
              
              
            ന്യൂഡല്‍ഹി | മുസ്ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹരിദ്വാറിലെ ധര്‍മ സന്‍സദ് സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കും. വിഷയം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഇക്കാര്യം ഉന്നയിച്ചത്.
ഹരിദ്വാറിലെ ധര്‍മ സന്‍സദിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നെന്നും രാജ്യത്തിന്റെ മുദ്രാവാക്യം സത്യമേവ ജയതേയില്‍ നിന്ന് സശാസ്ത്രമേവ് ജയതേയിലേക്ക് മാറിയെന്നും സിബല്‍ കോടതിയെ ഉണര്‍ത്തി. വിവാദ സമ്മേളനത്തിനെതിരെ സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം പരിഗണിക്കുമെന്നും അന്വേഷണം നടന്നിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായതെന്ന് സിബല്‍ മറുപടി നല്‍കി. ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന സന്യാസി സമ്മേളനത്തില്‍ മുസ്ലിംകളെ വംശഹത്യ ചെയ്യാന്‍ ഹിന്ദുക്കള്‍ ആയുധമണിയണമെന്ന് സന്യാസി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
