haridwar hatespeech
ഹരിദ്വാര്‍ വംശഹത്യാ ആഹ്വാനം: ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും
മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഹരിദ്വാറിലെ വിദ്വേഷ പ്രസംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘം വിശ്വസനീയ രീതിയില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ന്യൂഡല്‍ഹി | ഹരിദ്വാറിലെ ധര്‍മ സന്‍സദ് സന്യാസ സമ്മേളനത്തില്‍ രാജ്യത്തെ മുസ്ലിംകളെ വംശഹത്യ ചെയ്യണമെന്ന വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുതാത്പര്യ ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമ കോലി എന്നിവര്‍ ബെഞ്ചില്‍ അംഗങ്ങളാണ്.
മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഹരിദ്വാറിലെ വിദ്വേഷ പ്രസംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘം വിശ്വസനീയ രീതിയില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹൈക്കോടതി മുന്‍ ജസ്റ്റിസ് അഞ്ജന പ്രകാശ്, മാധ്യമ പ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലി എന്നിവരാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.
ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ തിങ്കളാഴ്ചയാണ് അറിയച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബൽ കോടതിയിൽ ഇക്കാര്യം ഉന്നയിച്ചപ്പോഴായിരുന്നു പ്രതികരണം. ഹരിദ്വാറിലെ ധര്‍മ സന്‍സദിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നെന്നും രാജ്യത്തിന്റെ മുദ്രാവാക്യം സത്യമേവ ജയതേയില്‍ നിന്ന് സശാസ്ത്രമേവ് ജയതേയിലേക്ക് മാറിയെന്നും സിബല്‍ കോടതിയെ ഉണര്‍ത്തിയിരുന്നു. വിവാദ സമ്മേളനത്തിനെതിരെ സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിഷയം പരിഗണിക്കുമെന്നും അന്വേഷണം നടന്നിട്ടുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായതെന്ന് സിബല്‍ മറുപടി നല്‍കി. ഡിസംബര്‍ 17 മുതല്‍ 19 വരെ നടന്ന സന്യാസി സമ്മേളനത്തില്‍ മുസ്ലിംകളെ വംശഹത്യ ചെയ്യാന്‍ ഹിന്ദുക്കള്‍ ആയുധമണിയണമെന്ന് സന്യാസി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.